തിരുവനന്തപുരം: ലോക്ഡൗൺ നിർദ്ദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്‌റ്റോറന്റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, കാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിയിൽനിന്ന് നൽകുന്ന രേഖകൾ കാണിച്ചാൽ യാത്ര ചെയ്യാം. അഭിഭാഷകർക്കും ക്ലാർക്കുമാർക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കൽ വസ്തുക്കൾ പാക്കു ചെയ്യുന്ന വ്യവസായ യൂണിറ്റുകൾക്കും വിദേശത്തേക്കു സാധനങ്ങൾ അയയ്ക്കുന്ന യൂണിറ്റുകൾക്കും പ്രവർത്തിക്കാം.

ട്രാൻസ്‌പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്‌മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എൽഎൻജി സപ്ലൈ, വിസ കോൺസുലർ സർവീസ്ഏജൻസികൾ, റീജനൽ പാസ്‌പോർട്ട് ഓഫിസ്, കസ്റ്റംസ് സർവീസ്, ഇഎസ്‌ഐ തുടങ്ങിയ കേന്ദ്രസർക്കാർ വകുപ്പുകളെയും ലോക്ഡൗണിൽനിന്ന് ഒഴിവാക്കി.

നിർദ്ദേശങ്ങൾ 

ലോക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്ന് പാസ് വാങ്ങണം.

അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയിൽ കരുതണം

വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ.

കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയിൽ കരുതണം

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്ര ചെയ്ത് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അത് നിർബന്ധമാണ്.

രജിസ്റ്റർ ചെയ്തില്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.

ലോക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്.

വാഹന റിപ്പയർ വർക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.

ഹാർബറിൽ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

ബാങ്കുകൾ ഒന്നിടവിട്ട ദിവസം പ്രവർത്തിക്കുന്നതാണ് നല്ലത്.

അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം.

ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.

അന്തർ ജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം

ലോക്ക്ഡൗൺ ദിവസങ്ങളിൽ അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യിൽക്കരുതണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹം, മരണാനന്തര ചടങ്ങുകൾ, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാൻ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകൾ, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമ്മികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും തിരിച്ചു പോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതേണ്ടതാണ്.

ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ്സ് വാങ്ങണമെന്ന് ഇത്തവണ നിർദ്ദേശം നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞവർഷം ഇത്തരം നിർദ്ദേശം നൽകിയിരുന്നു. ഇതിനായി അന്ന് പുറത്തിറക്കിയ പാസ്സിന്റെ മാതൃകകൾ ഇപ്പോൾ പലരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണാജനകമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.