- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും; ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ; മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കും; നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഇതിന്റെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ ആറിന് താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും.
സംസ്ഥാനത്ത് ടിപിആർ 10 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന രീതി തുടരും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തിൽ ഉൾപ്പെടുക. ടിപിആർ 6-12 ശതമാനമുള്ള പ്രദേശങ്ങൾ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങൾ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. നേരത്തെ 24ന് മുകളിലുള്ള പ്രദേശങ്ങളെയായിരുന്നു ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്കു ടിപിആർ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകൾ പുനക്രമീകരിക്കരിക്കാനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. എ കാറ്റഗറിയിൽ സാധാരണ പോലെ പ്രവർത്തനങ്ങൾ നടക്കും. ബി കാറ്റഗറിയിൽ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. നിലവിൽ 24 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഇത് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് യോഗത്തിലെ തീരുമാനം.
ഒരാഴ്ചയാണ് ഈ രീതിയിൽ നിയന്ത്രണങ്ങൾ തുടരുക. ഏതൊക്കെ പ്രദേശങ്ങൾ ഏതെല്ലാം കാറ്റഗറിയിൽ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേർന്ന് നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
നിയന്ത്രണങ്ങൾ തുടർന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പ്രതീക്ഷിക്കുന്ന വിധത്തിൽ താഴുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുപ്പിക്കാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ