- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഠായി തെരുവിൽ മാത്രം അഞ്ചുമാസത്തിനിടെ ഉണ്ടായത് അഞ്ചുകോടിയുടെ നഷ്ടം; അടച്ചിടലിൽ വലഞ്ഞ് വ്യാപാരികൾ; സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ പ്രതീക്ഷ പെരുന്നാൾ വിപണിയിൽ; ടിപിആർ 10 ൽ കുറയാത്ത ഇടങ്ങളിൽ ഇളവ് വേണ്ടെന്ന് സർക്കാർ
കോഴിക്കോട്: അടച്ചിടൽ അനിശ്ചിതമായി തുടരുന്നതോടെ തീർത്തും ദുരിതത്തിലായിരിക്കുകയാണ് വ്യാപാരികൾ. അടച്ചിടലിനൊപ്പം അശാസ്ത്രീയമായ ലോക്ഡൗൺ പരിഷ്കാരങ്ങളുമാണ് വ്യാപാരികളെ കുഴക്കുന്നത്.ലോക്ഡൗണിന്റെ ഒന്നാംഘട്ടത്തിലെ ക്ഷീണത്തിൽ നിന്ന് മാറിവരുമ്പോഴാണ് രണ്ടാംവ്യാപനത്തിന്റെ ഭാഗമായുള്ള അടച്ചിടൽ തുടങ്ങിയത്.ആദ്യമൊക്കെ വ്യാപാരികളും അനുകൂലിച്ചിരുന്നെങ്കിലും അടച്ചിടൽ അനിശ്ചിതമായി നീളുന്നത് ഇവരെ വലയ്ക്കുകയാണ്.പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങൾ വന്നതോടെ നഷ്ടപ്പെട്ടു.
കോഴിക്കോട് മിഠായിതെരുവിൽ മാത്രം അഞ്ചു മാസത്തിനിടയിൽ അഞ്ചു കോടിയുടെ നഷ്ടമാണുണ്ടായത്.പത്തു കോടിയുടെ സാധനങ്ങളും കെട്ടികിടക്കുന്നതായി വ്യാപരികൾ സാക്ഷ്യപ്പെടുത്തുന്നു.ബാങ്ക് വായ്പയും കടവാടകയും തുടങ്ങി ദൈനംദിന ചെലവ്ക്കുവരെ ബുദ്ധിമുട്ടുകയാണ് കച്ചവടക്കാർ. കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായി തെരുവിലെ 1500ഓളം വരുന്ന വ്യാപാര കേന്ദ്രങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. ഈ വ്യാപാരകേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്ന അയ്യായിരത്തോളം കുടുംബങ്ങളുമുണ്ട്.ഇവരുടെയൊക്കെ ജീവിതം കഴിഞ്ഞ കുറെ മാസങ്ങളായി ആശങ്കയിലാണ്.
ഒടുവിൽ ഗതികെട്ടാണ് വ്യാപാരികൾ കഴിഞ്ഞദിവസം കോഴിക്കോട് പ്രതിഷേധവുമായി രംഗത്ത് വന്നത്.എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പൊലീസ് ഇടപെട്ടാണ് നീക്കിയത്. കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഇവിടെ തുറക്കാൻ അനുമതി.
പ്രശനത്തിൻ അടിയന്തിര നടപടി ഇല്ലാത്തപക്ഷം സമരം ശക്തമാക്കാൻ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു.കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചിരുന്നു.
വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ തീരുമാനമായത്. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കാനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ തുറക്കാം. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി ഏഴ് മണിവരെ കടകൾ തുറക്കാം.
കഴിഞ്ഞ ദിവസം വ്യാപാരികൾ എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ടിപിആർ റേറ്റ് 10ൽ കുറയാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യം പൂർണമായും നടപ്പിലാക്കാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ കൈകൊണ്ടത്.
മറുനാടന് മലയാളി ബ്യൂറോ