- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക്; നിയന്ത്രണങ്ങളിൽ മാറ്റം: ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ഡി വിഭാഗം പ്രദേശങ്ങളിലും നാളെ കട തുറക്കാം; ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും തുറക്കും; കാറ്റഗറി എ, ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങിനും അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക്. ട്രിപ്പിൾ ലോക്ക്ഡൗണുള്ള പ്രദേശങ്ങളിൽ പോലും ഇളവു നൽകാനാണ് തീരുമാനം. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 15 നു മുകളിലായതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ ഡി വിഭാഗം പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
അതേസമയം കൂടുതൽ ഇളവു പ്രഖ്യാപിച്ചതോടെ കടകളിലേക്ക് ആൾത്തിരക്ക് ഉണ്ടാകുമോ എന്ന സംശയത്തിനാണ് ഇടയാക്കുന്നത്. വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീൻ എങ്കിലും എടുത്തവർക്കാണു പ്രവേശനം. ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ചയും മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ചയുമുള്ള പതിവു പ്രാർത്ഥനയ്ക്ക് ഇളവ് ബാധകമല്ല.
സാധാരണ ദിവസങ്ങളിൽ എല്ലാ ആരാധനാലയങ്ങളിലും 20 പേർക്കാണ് അനുമതി. ബക്രീദ് പ്രമാണിച്ച് എ,ബി,സി പ്രദേശങ്ങളിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെ ബാധകമായ വിവിധ ഇളവുകൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ടിപിആർ 10 വരെയുള്ള എ, ബി പ്രദേശങ്ങളിൽ ഇതിനുപുറമേ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങ്-പോളിടെക്‌നിക് കോളജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റലുകളിൽ താമസ സൗകര്യം നൽകണം.
എ, ബി വിഭാഗങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്‌റ്റൈലിങ്ങിനായി തുറക്കാം. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുക.
സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവതരമായ സാഹചര്യം മറികടക്കാൻ നിയന്ത്രണങ്ങൾ കൂടിയേ തീരുവെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ടാണ് രോഗവ്യാപനം ഇന്നത്തെ നിലയിൽ പിടിച്ചുനിർത്താൻ കഴിഞ്ഞത്. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അഞ്ചിൽ താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബി വിഭാഗത്തിൽ (ടിപിആർ 5 മുതൽ 10 വരെ) 398 തദ്ദേശ സ്ഥാപനങ്ങളുണ്ട്. സി വിഭാഗത്തിൽ (ടിപിആർ 10 മുതൽ 15 വരെ) 362 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 15 ന് മുകളിലുള്ള 194 തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ - സ്വകാര്യ ആശുപത്രികൾ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാൻ ശ്രമിക്കുന്നത്. കോവിഡ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കിയും ലഘൂകരിച്ച ലോക്ഡൗൺ ഏർപ്പെടുത്തിയും, വാക്സിനേഷൻ വേഗത്തിലാക്കിയും കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് നിലവിൽ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ