ലണ്ടൻ: വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിന് യുകെയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർക്ക് ലണ്ടനിൽ ഒരുക്കിയ സ്വീകരണ സംഗമം യു.കെയിലെ ഇന്ത്യൻ സമൂഹത്തിന്റെ അപൂർവ്വ കൂട്ടായ്മയായി മാറി. വൈറ്റ് ചാപ്പൽ വിക്കാം സ്വീറ്റിൽ നൂറു കണക്കിന് പേർ സംബന്ധിച്ച പരിപാടിയിൽ മർകസ് സമ്മേളനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടക്കുന്ന ശൈഖ് സായിദ് പീസ് കോൺഫറൻസിന്റെ ലോഗോ പ്രകാശനവും നടന്നു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ശാന്തിയുടേയും സമാധാനത്തിന്റെയും വഴിയിലുള്ള പ്രവർത്തനങ്ങളാണ് മനുഷ്യ ചരിത്രത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിമരുന്നിട്ടതെന്ന് കാന്തപുരം പറഞ്ഞു. ഐക്യവും ഒരുമയുമാണ് ആരോഗ്യമുള്ള ഏതു സമൂഹത്തിന്റെയും നട്ടെല്ല്. അതില്ലാതെയായാൽ കുടുംബവും സമൂഹവും രാഷ്ട്രങ്ങളുമെല്ലാം ശിഥിലമാകും. പാരസ്പര്യമില്ലായ്മയിൽ നിന്നാണ് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നതെന്നും അദ്ദേഹം ഉണർത്തി. സമാധാനം കളിയാടുന്ന ലോകത്തിനായി ജീവിച്ച ശൈഖ് സായിദിന്റെ സന്ദേശങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ലോക ക്രമത്തിൽ സമാധാനത്തിനായുള്ള കൂടുതൽ ശബ്ദങ്ങളുയരേണ്ടതുണ്ട്. ആ കർത്തവ്യമാണ് പണ്ഡിതന്മാർ നിവ്വഹിക്കുന്നത്. മർകസുസ്സാഖഫത്തിസ്സുന്നിയ്യ, മഅ്ദിൻ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ മുന്നോട്ടു വെക്കുന്ന സന്ദേശവുമിതാണെന്ന് കാന്തപുരം വ്യക്തമാക്കി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ കനേഡിയൻ-ബ്രിട്ടീഷ് കവിയും എഴുത്തുകാരനുമായ പോൾ അബ്ദുൽ വദൂദ് സദർലാന്റ്, ഇദ്രീസ് മേഴ്‌സ് (അസോസിയേഷൻ ഓഫ് മുസ്ലിം സ്‌ക്കൂൾസ്-യു.കെ), ഡോ.ഹുസൈൻ സഖാഫി ചുള്ളക്കോട് എന്നിവർ പ്രസംഗിച്ചു. അബ്ദുറഹിമാൻ നൂറാനി സ്വാഗതവും ഇ.വി അബ്ദുൽ അസീസ് ആമുഖ പ്രഭാഷണവും മുനീർ വയനാട് നന്ദിയും പറഞ്ഞു.

കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇസ്ലാമിക് മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ കാന്തപുരം വിവിധ പരിപാടികൾ പൂർത്തിയാക്കി നാളെ (ചൊവ്വ) രാവിലെ മുംബെയിലെത്തി. സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജർമ്മനിയിലേക്ക് പുറപ്പെടും. നെതർലന്റ്‌സ്, ബെൽജിയം, സ്‌പൈൻ, ഇറ്റലി എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി 25-ന് രാവിലെ തിരിച്ചെത്തും.