തിരുവനന്തപുരം: മോഹൻലാൽ മീശപിരിച്ചാൽ സിനിമ വിജയിക്കും എന്നതായിരുന്നു പൊതുവിൽ മലയാള സിനിമയിൽ ഉള്ള വിശേഷം. ഷാജി കൈലാസ് - രഞ്ജി പണിക്കർ- രഞ്ജിത്ത് കൂട്ടുകെട്ടാണ് ലാലിന് അമാനുഷിക പരിവേഷം സമ്മാനിച്ച് തീയറ്ററുകളെ ഒരുകാലത്ത് കൈയിലെടുത്തത്. വീണ്ടും സമാന തന്ത്രം ഒരുക്കിയാണ് മോഹൻലാൽ - രഞ്ജിത്ത് കൂട്ടുകെട്ട് ലോഹം ഒരുക്കിയത്. എന്നാൽ, കടുത്ത മോഹൻലാൽ ഫാൻസിനെ പോലും തൃപ്തിപ്പെടുത്താൻ ഓണത്തിനിറങ്ങുന്ന ഈ സൂപ്പർതാര ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിമർശനം. ടീസർ കണ്ട് കിടിലൻ പെർഫോമൻസിനായി കാത്തിരുന്നവരെ നിരാശരാക്കി ലോഹമെന്നാണ് ഓൺലൈൻ നിരൂപകരുടെയും അഭിപ്രായം.

ലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സിനിമ ഉയർന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രേമത്തിന് വേണ്ടി നെഞ്ചുപൊട്ടി സോഷ്യൽ മീഡിയ ആഘോഷിച്ചതു പോലൊരു ആഘോഷമാണ് ലാൽ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, അത്തരമൊരു അഭിപ്രായം എവിടെയും ലോഹത്തിന് വേണ്ടി ഇല്ലെന്നതാണ് പ്രത്യേകത. അതേസമയം നിരൂപണ അഭിപ്രായങ്ങൾ സമ്മിശ്രമായി പുറത്തുവരുമ്പോഴും ലോഹം തീയറ്ററിൽ പണംവാരി പടമായി മാറുകയാണ്. സിനിമക്ക് റെക്കോർഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.

കേരളത്തിൽ 141 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപയാണ്. മലയാളത്തിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡ് ഇനി ലോഹത്തിന് സ്വന്തമാക്കിയെന്നതാണ് പ്രത്യേകത. ആദ്യദിന കളക്ഷനുകളിൽ മലയാള ചിത്രങ്ങളിൽ മോഹൻലാൽ ചിത്രമായ കാസനോവയാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന കളക്ഷൻ നേടിയത്. രണ്ട് കോടി പതിനാറ് ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. മോഹൻലാൽ-വിജയ് ചിത്രമായ ജില്ല 2 കോടി 60 ലക്ഷമാണ് ആദ്യദിനം വാരിക്കൂട്ടിയത്. സമീപകാലത്ത് കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയത് തമിഴ് ചിത്രമായ ഐ ആണ്. മൂന്ന് കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് റിലീസ് ദിവസം വാരിക്കൂട്ടിയത്.മോഹൻലാലിന്റെ തന്നെ കാസനോവയുടെ റെക്കോഡ് തകർത്താണ് ലോഹം മലയാളത്തിലെ ഏറ്റവും ഉയർന്ന റിലീസ് ദിന ഗ്രോസ്സ് കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലോഹം നിർമ്മിച്ചത്. കേരളത്തിനകത്തും പുറത്തുമായി 250ലേറെ തിയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. മാക്‌സ് ലാബ് ആണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. വെഡ് റിലീസിങ് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് പൊതുവിൽ അഭിപ്രായം. കേരളത്തിന്റെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഇത്രയധികം കളക്ഷൻ ആദ്യദിനം ലഭിക്കുന്നത് ആദ്യമാണ്. സ്പിരിറ്റിന് ശേഷം മോഹൻലാൽ-രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. തമിഴ്‌നടി ആൻഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ജയന്തിയായി ആൻഡ്രിയ എത്തുന്നു.

രഞ്ജി പണിക്കർ, ഇർഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മൽ അമീർ, വിജയരാഘവൻ, മുത്തുമണി, അജു വർഗീസ്, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായിക. ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നുണ്ട്.

അതേസമയം സിനിമയിൽ ന്യൂജനറേഷൻ സിനിമാക്കാരെ മോഹൻലാലും രഞ്ജിത്തും വിമർസിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെ രഞ്ജിത്ത് എന്ന മാസ് സംവിധായകൻ ന്യൂ ജനറേഷനോടുള്ള കലിപ്പാണ് തീർക്കുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയ ചിലരുടെ അഭിപ്രായം. 'കളി അറിയാവുന്നവർ ഇപ്പുറത്തുണ്ട്. ന്യൂ ജനറേഷൻ അധികം കളിക്കണ്ട' എന്ന് ഒരവസരത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ രാജുവിനെക്കൊണ്ട് രഞ്ജിത്ത് പറയിപ്പിക്കുന്നുമുണ്ട്.

കൂടാതെ ചിത്രത്തിന്റെ പ്രമോഷനായി ഒരുക്കിയ ഫേസ്‌ബുക്ക് പേജിലും ആ ഡയലോഗ് ഉപയോഗിച്ചുള്ള പോസ്റ്ററുകൾ ഉണ്ട്. അടുത്തകാലത്തായി ഏറ്റവും അധികം ഹിറ്റായത് നിവിൻ പോളിയുടെ പ്രേമം ആയിരുന്നു. ഈ സിനിമയെ എല്ലാവരും പാടിപ്പുകഴ്‌ത്തിയപ്പോൾ അടുത്ത മോഹൻലാലാണ് നിവിൻ പോളിയെന്നും വിമർശനം ഉയർന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിനിമയിലൂടെ മലയാളത്തിലെ തലമുതിർന്ന നിർമ്മാതാവ് ന്യൂജനറേഷനെ വിമർശിച്ചത്.

എന്നാൽ, ന്യൂജനറേഷനെ വിമർശിച്ച് രഞ്ജിത്ത് രംഗത്തെത്താൻ കാരണം ഉണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. ന്യൂ ജനറേഷൻ പിള്ളേർ സിനിമയെടുത്തു തുടങ്ങിയതിൽ പിന്നെ രഞ്ജിത്തിന് കഷ്ടകാലമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയവരും നിരവധിയാണ്. ദേവാസുരം, നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാൻ ഇങ്ങനെ മോഹൻ ലാൽ - രഞ്ജിത്ത് കൂട്ടുകെട്ടിൽ മെഗാഹിറ്റായ ചിത്രങ്ങൾ നിരവധി ഉണ്ടെങ്കിലും രഞ്ജിത്തിനും മോഹൻലാലും ഇപ്പോൾ അത്രകണ്ട് ശോഭിക്കാൻ സാധിക്കുന്നില്ലെന്നത് ഒരു വാസ്തവമാണ്.

മോഹൻലാലിനേക്കാൾ യുവാക്കൾക്ക് ഇപ്പോൾ താൽപ്പര്യം നിവിൻ പോളിയെ ആണ് താനും. കൂതറ, പെരുച്ചാഴി, ലൈലാ ഓ ലൈല എന്നൊക്കെ പറഞ്ഞ് ഇറങ്ങുന്ന മോഹൻലാൽ സിനിമകൾ ബോക്‌സോഫീസിൽ വമ്പൻ പരാജയവുമായി. എങ്കിലും ഓണക്കാലത്തെ സിനിമാ പ്രേമം ലക്ഷ്യമിട്ടാണ് ഇപ്പോൾ ലോഹം ഇറക്കിയിരിക്കുന്നത്. ഉത്സവസീസണിൽ ആദ്യപത്ത് ദിവസം തീയ്യറ്റർ ഫുള്ളായി ഓടിയാൽ സിനിമ ഹിറ്റാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷയുടെ അമിതഭാരവുമായി പോയവരെ നിരാശരാക്കുന്നതാണ് സിനിമയെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം ഓണചിത്രങ്ങളിൽ ആദ്യമെത്തിയ സിനിമയാണ് ലോഹം. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ്, പൃഥ്വിരാജ്- ആര്യ ടീമിന്റെ ഡബിൾ ബാരൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന കുഞ്ഞിരാമായണം എന്ന സിനിമയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഈ സിനിമയിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയാണുള്ളത്.