വെറുതെയിരുന്ന് ബോറടിച്ചു മടുത്തപ്പോഴാണ് വല്യപ്പച്ചൻ മരിച്ചതെന്നൊരു പറച്ചിലുണ്ട് മധ്യതിരുവിതാംകൂറിൽ. പിന്നെ പന്തലിടലായി, അടിയന്തരമായി, സഞ്ചയനമായി ആകെ ബഹളം. ഒരു മിനുട്ട് നിൽക്കാൻ സമയമില്ല. കാശിനും മുട്ടില്ല! ഏതാണ്ട് അതുപോലെ ഒരു പരിപാടിയാണ്, കൊതിപ്പിക്കുന്ന ഒരുപാട് സിനിമകൾ മലയാളിക്ക് സമ്മാനിച്ച രഞ്ജിത്തിന്റെ പുതിയ ചിത്രം 'ലോഹം'. രഞ്ജിത്ത് ഗംഭീരമായ ഒരു വൺലൈൻ പറയുന്നതോടെ കുറച്ചുകാലമായി പടമൊന്നുമില്ലാതെ ബോറടിച്ചിരുന്ന 'ക്രൂ'വിനെല്ലാം പെരുത്തുപണിയായി.

ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് എയർഹോസ്റ്റസുമാർപോലും മഞ്ഞലോഹമത്തെിക്കുന്ന കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച കഥയെന്നും, കള്ളക്കടത്തിന്റെയല്ല കള്ളം കടത്തുന്നതിന്റെ കഥയാണിതെന്നുമൊക്കെയുള്ള വാചകങ്ങൾ കേട്ടപ്പോഴും പ്രതീക്ഷ വാനോളമായിരു. ഒപ്പം വിൻസന്റ് ഗോമസ് ശൈലിയിൽ നമ്മുടെ ലാലേട്ടന്റെ മീശപിരിച്ചുള്ള ടീസറും കണ്ടതോടെ ഇത് തകർക്കുമെന്ന പ്രതീക്ഷവന്നു. പക്ഷേ പടം കണ്ടതോടെ പവനാഴി, വീണ്ടും ശവമായി. കുറെപ്പേർ വരുന്നു, പോകുന്നു, എന്തൊക്കെയൊ കാട്ടിക്കൂട്ടുന്നു. ശരിക്കും ഒരു തട്ടിക്കൂട്ട് പടം. നല്‌ളൊരു കഥയില്ല, ഓർമ്മയിൽ തട്ടുന്ന ഷോട്ടുകളില്ല, ഗാനങ്ങളില്ല. സാധാരണ രഞ്ജിത്ത് സിനിമകളിൽ കാണാതിരുന്ന അസംബന്ധങ്ങളുടെയും യുക്തിരാഹിത്യത്തിന്റെയും വേലിയേറ്റമാണ് രണ്ടാം പകുതി മുഴുവൻ. എന്താണ് സംവിധായകൻ ഈ പടത്തിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് പടച്ച തമ്പുരാനുപോലും പിടികിട്ടില്ല.

രഞ്ജിത്ത് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും മുൻകാല സൃഷ്ടികൾ കണ്ട ഗൃഹാതുരത്വത്തോടെ നിങ്ങൾ 'ലോഹം' കാണാൻപോവുകയാണെങ്കിൽ ബോറടിച്ച് പണ്ടാരമടങ്ങിപ്പോവും. രഞ്ജിത്തിന്റെ പ്രതിഭ കുത്തനെ ഇടിയുന്നതിന്റെ സൂചകങ്ങളാണ് 'കടൽ കടന്ന് ഒരു മാത്തുക്കുട്ടിയും' 'ഞാനും' ഒക്കെ തെളിയിക്കുന്നത്. അതിന് അടിവരയിടുകയാണ് 'ലോഹവും'. ഒരു കഥ എങ്ങനെ വികസിപ്പിക്കണമെന്നും അവസാനിപ്പിക്കണമെന്നുമൊക്കെ മൊത്തത്തിൽ ആശയക്കുഴപ്പമാണ് സംവിധായകന്.

കലാപരമായുള്ള നിലവാരത്തകർച്ചകൊണ്ട് മാത്രമല്ല ഈ പടം അപലപിക്കപ്പെടേണ്ടത്. യാതൊരു പഠനവും നിരീക്ഷണവും ഇല്ലാതെ ( അങ്ങനെയൊക്കെ വേണമെന്ന് രഞ്ജിത്ത് പല അഭിമുഖങ്ങളിലും വാചക മടിക്കുന്നത് കാണാം) സിനിമ തട്ടിക്കൂട്ടിയെടുക്കാമെന്നും എന്നിട്ട് അത് സമർഥമായ മാർക്കറ്റിങ്ങിലൂടെ സാമ്പത്തികമായി വിജയപ്പിക്കാമെന്ന വൃത്തികെട്ട വിപണി സൂത്രമാണ്് 'ലോഹത്തിന്റെ' സാമ്പത്തിക വിജയം മുന്നോട്ടുവെക്കുന്നത്. വൈഡ് റിലീസിങ്ങും സാറ്റലെറ്റും കൂട്ടുന്നതോടെ ചിത്രം ലാഭമാവുമെന്നും, അതിനാൽ തനിക്ക് കാമറ ആകാശത്തിട്ട് വെറുതെ കറക്കാനും സ്വാതന്ത്ര്യമുണ്ടെന്നും രഞ്ജിത്ത് പറയാതെ പറയുന്നു. കാടിലെ തടി തേവരുടെ ആന എന്ന സ്റ്റെലിൽ ലാലും, ഒപ്പം പണം മുടക്കാൻ ആന്റണി പെരുമ്പാവൂരുമുണ്ട്. സാറ്റലൈറ്റിന് ചാനലുകളുണ്ട്. എന്ത് ചവറായാലും ചാടിക്കളിക്കാനും പാലഭിഷേകം നടത്താനും തലച്ചോർ പണയം വച്ച ഫാൻസുമുണ്ട്. പിന്നെ എന്തുപേടിക്കാൻ.

ഇത് ഒരുതരം ബൗദ്ധിക അബ്ക്കാരിപ്പണിയാണ്. എത്രയോ നല്ല കഥകളുമായി കഴിവുള്ള ചെറുപ്പുക്കാർ ഒരു സിനിമയെടുക്കാൻ വർഷങ്ങൾ കഷ്ടപ്പെടുമ്പോഴാണ് ഈ വാജമദ്യ വിൽപ്പനയിലുടെ രഞ്ജിത്ത് പണം കൊയ്യുന്നത്. പ്രിയപ്പെട്ട രഞ്ജിത്ത് താങ്കൾ ഇനി മേലിലെങ്കിലും സംവിധായകന്റെ അസ്തിത്വവും കൈയൊപ്പുമൊക്കെ എടുത്തുകാണിക്കാൻ ലോക സിനിമകൾ ഉദ്ധരിച്ചുകൊണ്ട് വാചിക വയറിളക്കങ്ങൾ നടത്തരുത്. നാണക്കേടാണത്. സിനിമയെ ഗൗരവമായി എടുക്കുന്ന കുട്ടികൾ ഈ പടപ്പുകണ്ട് ഷെയിം, ഷെയിം എന്ന് പരിഹസിക്കുന്നത്, ഫാൻസുകാരുടെ ആരവങ്ങൾക്കിടയിൽ താങ്കൾ കാണുന്നില്ല.

കള്ളം കടത്തുന്ന തട്ടിക്കൂട്ട് കഥ

തലങ്ങും വിലങ്ങും നീങ്ങുന്ന വിമാനങ്ങളിലൂടെ വന്നിറങ്ങുന്ന ആയിരങ്ങൾ. അവരിൽ ആരൊക്കെയൊ ഉണ്ട്. ഭാഷകൊണ്ടും വേഷംകൊണ്ടുമൊന്നും നമുക്ക് തിരച്ചറിയാൻ കഴിയാത്തവിധം തീർത്തും അജ്ഞാതർ.അവിടെ ഒരു മൃതദേഹത്തോടൊപ്പം ഒരു പെട്ടി കനകവും ഒഴുകിയത്തെുകയാണ്. പക്ഷേ വഴിക്കണ്ണുമായി നിൽക്കുന്ന മറ്റൊരു സംഘം അത് റാഞ്ചുന്നു. വാഗ്ദത്ത നിധിതേടിയുള്ള പരക്കം പാച്ചിൽ.ഒന്നിനുപിറകെ ഒന്നായി നീളുന്ന ചങ്ങലക്കണ്ണികൾ. ഇതു കാണിച്ചുകൊണ്ട് വളരെ പ്രോമിസിങ്ങായാണ് 'ലോഹം' തുടങ്ങുന്നത്. സ്വർണം കടത്താൻവേണ്ടി ഡെഡ്‌ബോഡിക്കായി മാത്രം നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കെട്ടിടത്തിനുമുകളിൽനിന്ന് താഴെയിട്ട് കൊല്ലുകയായിരുന്നെന്ന് പിന്നീട് അറിയുമ്പോൾ ശരിക്കും ഒരു ഷോക്കുണ്ടാക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്.പക്ഷേ അതൊന്നും അധികനേരം നീണ്ടുനിൽക്കുന്നില്ല. തുടക്കത്തിൽ പ്രതീക്ഷയുണർത്തിയ കഥ രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും തീർത്തും പിള്ളേരുകളിയായിപ്പോവുന്നു. അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് പിന്നീടങ്ങോട്ട്.പൊലീസും ഇന്റലിജൻസും എയർട്രാഫിക്ക് അതോരിറ്റിയുമൊക്കെ വെറും ഉണ്ണാക്കന്മാരാണെന്ന രീതിയിൽ ദുർബലവും ഒട്ടും വിശ്വസനീയവുമല്ലാത്ത രീതിയിലാണ് ചിത്രത്തിന്റെ കഥനം. 'റോ' യുടെ വ്യാജ തിരച്ചറിയിൽ കാർഡുണ്ടാക്കി സിറ്റിപൊലീസ് കമീഷണറെയും എഡി.ജി.പിയെയുമൊക്കെ കബളിപ്പിക്കുന്ന സീനുകൾ തെലുങ്കുമസാലകളിൽപോലും ഇപ്പോൾ കാണാറില്ല. മുംബൈ ഫ്‌ളൈറ്റിന് ടിക്കറ്റെടുത്ത സംഘം, ഫ്‌ളൈറ്റ് ചാർട്ട് ചെയ്തുകൊളംമ്പോയിലേക്ക് രക്ഷപ്പെടുന്ന കൈ്‌ളമാക്‌സൊക്കെ കണ്ടാൽ ഗൾഫ് മലയാളികളൊക്കെ ചിരിക്കും.

ഏറ്റവും പരിതാപകരമായ കാര്യം ഈ പടത്തിന്റെ പൊതു ട്രീറ്റ്‌മെന്റിനെകുറിച്ച് സംവിധായകന് ബോധമുണ്ടായിരുന്നില്ല എന്നതാണ്. ഒന്നുകിൽ ഒരു പക്കാ കമേർഷ്യൽ പടമായി വികസിപ്പിക്കാം. അല്‌ളെങ്കിൽ കാലാമൂല്യമുള്ള സിനിമയാക്കാം. ഇത് രണ്ടുംകൂടി അരച്ചുകലക്കി പാതി തീയുള്ള ഉലയിൽ പഴുപ്പിച്ചതായിപ്പോയി ഈ ലോഹം.

ലിജോജോസ് പെല്ലിശ്ശേരി തൊട്ട് നമ്മുടെ അൽഫോൻസ് പുത്രൻ വരെയുള്ള ന്യൂജൻ സംവിധായകർ കൊണ്ടുവന്ന ദൃശ്യകേന്ദ്രീകൃതമായ ശൈലിയെ വീണ്ടും സംഭാഷണകേന്ദ്രീകൃതമാക്കാൻ ഈ പടം ശ്രമിക്കുന്നുണ്ട്. പഞ്ച് ഡയലോഗിലും, തോക്കിലും, വാളിലും, കാർറേസിലും കേന്ദ്രീകരിച്ച താരാധിപത്യത്തെ മടക്കിക്കൊണ്ടുവരാനുമുള്ള ശ്രമം പ്രകടം.ന്യൂ ജനറേഷൻകാരെ ഇടക്ക് പരിഹസിക്കുന്നുമുണ്ട് ലാലിന്റെ കഥാപാത്രം.താരത്തിന്റെ തുപ്പൻകോളാമ്പി ചുമക്കുന്ന മാനസികാവസ്ഥയിൽനിന്ന് രഞ്ജിത്തിന്റെ സഹതാരങ്ങൾ പതുക്കെ രക്ഷപ്പെട്ടുവരുന്നേയുള്ളൂ.രഞ്ജിപ്പണിക്കരുടെയും, അബൂസലിമിന്റെയുമൊക്കെ കൈയിൽ , ലാലേട്ടന്റെ തുപ്പൽതാങ്ങാനുള്ള ഒരു വെറ്റിലക്കോളാമ്പിയുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോവും. പ്രതിനായക വേഷത്തിലായാലും സ്ത്രീയുമായും അമ്മയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ ഉപദേശം നൽകിയില്‌ളെങ്കിൽ പിന്നെന്ത് നായകൻ.

എന്നിരുന്നാലും കരിപ്പുർ വിമാനത്താവളവും, വിഷയം കള്ളക്കടത്തായതിനാലും ഏതെിലും ഒരു സമുദായത്തെ ടാർജറ്റ് ചെയ്തുകൊണ്ടുള്ള പരമർശങ്ങൾ ഈ സിനിമയിൽ ഇല്‌ളെന്നതിനാൽ നാം സംവിധായകന് നന്ദി പറയണം. ( രഞ്ജിത്തിന്റെ തന്നെ 'ഇന്ത്യൻ റുപ്പിയിലെ' ചില ദൃശ്യങ്ങൾ ഇത്തരത്തിലുള്ള ആക്ഷേപം ക്ഷണിച്ചുവരുത്തിയിരുന്നു) അതാണ് സത്യവും. കള്ളക്കടത്തും അധോലോകവുമൊക്കെ തീർത്തും മതേതരമാണ്.മനപൊളിക്കാൻ മലപ്പുറത്തുനിന്ന് ബോംബ് തേടിയ ആറാംതമ്പുരാനെ സൃഷ്ടിച്ച മാനസികാവസ്ഥയിൽനിന്ന് രഞ്ജിത്ത് ഏറെ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം. പക്ഷേ പല കള്ളക്കടത്തുകാരെയും കോമഡിക്കാരാക്കിയുമറ്റും കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയൊ ഇവിടെയുണ്ട്. എല്ലാവരും കള്ളന്മാരാണെന്നും, അതിനാൽ അൽപ്പം കളവില്ലാതെ ഈ ലോകത്ത് പടിച്ചനിൽക്കാനാവില്‌ളെന്നുമുള്ള അപകടകരമായ കാഴ്ചപ്പാടിന് വളമേകുന്നുണ്ട് ഈ പടം. ഒപ്പം കൊള്ളക്കാരെ കൊള്ളയടിക്കുന്ന റോബിൻഹുഡ്ഡ് ശൈലിക്ക് ചൂട്ടുപിടക്കയും ചെയ്യുന്നു.

അജിത്ത് നായകനായ തമിഴ് പടം 'മങ്കാത്ത', 'സെവൻത്ത് ഡേ', 'സപ്തമ ശ്രീ തസ്‌ക്കര' എന്നീ ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്ക് അവിടിവിടെ ചില സാദൃശ്യങ്ങൾ തോന്നാനും ഇടയുണ്ട്.എന്നുവച്ച് ഇതൊരു കോപ്പിയടി ചിത്രമാണെന്നൊന്നും ആർക്കും അഭിപ്രായമില്ല.

ആശ്വാസമായി മോഹൻലാലും സിദ്ദീഖും

പക്ഷേ മോഹൻലാലിന്റെ ആരാധാകനായ ഈ ലേഖകൻ അടക്കമുള്ളവർക്ക് ഒരു ആശ്വാസമുണ്ട്. ഈ വർഷത്തെ മുൻകാല ചിത്രങ്ങളായ 'എന്നും എപ്പോഴും', 'ലൈല ഓ ലൈല' എന്നീ സിനിമിലൊകെ അതിദയനീയമായ ശാരീരിക ഭാവങ്ങളോടെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ലൈലയുടെ കൈ്‌ളമാക്‌സിലൊക്കെ പാണ്ടി ലോറിക്ക് കുടുങ്ങിയ തവളയെപ്പോലെ ലാൽ ഏന്തിവലിയുന്നതായി തോന്നിയപ്പോൾ, ഈ നടൻ ഇനി എത്രകാലം എന്ന അന്താളിപ്പാണ് ഉണ്ടായത്. എന്നാൽ ആ ഭീതി അസ്ഥാനത്താണെന്ന് 'ലോഹം' തെളിയിക്കുന്നു. കുടവയറും ജരാനരബാധയൊന്നും തോന്നാതെ ശരിക്കും ഫ്രഷ് ആയി തിളങ്ങുന്ന മോഹൻലാൽ, താൻ ശരിക്കും ഫിസിക്കലി ഫിറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. ഒപ്പം നല്‌ളൊരു കഥാപാത്രം കിട്ടിയാൽ ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നും. രാജുവെന്ന വായാടിയായ പാവംപടിച്ച ഡൈവറിൽനിന്ന് അധോലോക തിമിംഗലത്തിലേക്കുള്ള ലാലിന്റെ രൂപാന്തരണം ഒന്നു കാണേണ്ടതുതന്നെയാണ്. ഇന്റവെല്ലിന് തൊട്ടുമുമ്പത്തെ ഖൽനായക് പാട്ടുപാടി തോക്കെടുക്കുന്ന സീൻ തൊട്ട്, അവസാനം 'ആകാശത്ത പക്ഷികൾ എത്രമേൽ പറന്നാലും അവ വിഹായസ്സിൽ ചിറകിൻ പാടുകൾ അവശേഷിപ്പിക്കുന്നില്ല' എന്ന ഹൈക്കു കവിത താളാത്മകമായി പറയുന്നിടത്തുമൊക്കെയുണ്ട് നമ്മൾ കൊതിക്കുന്ന ലാലിസം.ആനയെയും മോഹൻലാലിനെയും എത്രകണ്ടാലും മലയാളികൾക്ക് മടുക്കില്ലല്ലോ. ആദ്യ ദിനങ്ങളിൽ ജനം ഇരച്ചുകയറുന്നതും ഇതുകൊണ്ടാവണം.

ഒരേ സമയം വില്ലനും കൊമേഡിയനുമായി വേഷം കെട്ടി നടൻ സിദ്ദിഖാണ് പ്രേക്ഷക പ്രീതി നേടിയ മറ്റൊരു കഥാപാത്രം. അബൂ സലീമിന്റെ കരിയർ ബെസ്റ്റാണ് ഈ സിനിമയെന്ന് പറയാം. സാധാരണ തിളങ്ങാറുള്ള രഞ്ജി പണിക്കർ ഇത്തവണ ലാലിന്റെ നിഴലിൽ മങ്ങിപ്പോയി.

ഒരു ഫിക്‌സഡ് നായികയില്ലാത്ത ഈ ചിത്രത്തിൽ ആൻഡ്രിയ ജർമ്മിയാണ് ആ റോളിലേക്ക് എതാണ്ട് എത്തുന്നത്. പക്ഷേ'അന്നയും റസൂലിലെയുമൊക്കെ' നാം കണ്ട ആൻഡ്രിയയുടെ നിഴൽ മാത്രമാണ് ലോഹത്തിൽ. മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകൾ എന്ന ടാഗിൽ എത്തിയ നിരഞ്ജനയും വെറും ആവറേജിൽ ഒതുങ്ങി. പക്ഷേ കുട്ടിയല്ലേ, മെച്ചപ്പെടാൻ സമയമുണ്ടെന്ന് സമാധാനിക്കാം. സത്യത്തിൽ ഈ ഒരു കഥാപാത്രം തന്നെ അനാവശ്യമായിരുന്നു. പക്ഷേ കാട്ടിലെ തടി, തേവരുടെ ആന സിദ്ധാന്ത പ്രകാരം രഞ്ജിത്തിന് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് കാസ്റ്റിങ്ങ് നടത്താമല്ലോ. അതുപോലെതന്നെ പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റെ മകൻ എന്ന ടാഗിൽ എത്തിയ കുഞ്ഞുണ്ണി എസ്. കുമാറിന് ഇത് എടുത്താൽ പൊങ്ങുന്നുണ്ടോ എന്നും സംശയമുണ്ട്. അതിന്റെ ചിലപോരായ്മകൾ ചിത്രത്തിൽ കാണാനുമുണ്ട്. ശ്രീവൽസൻ എൻ. മേനോൻ സംഗീത സംവിധാനം നിർവറിച്ച മൂന്നുപാട്ടുകളിൽ ആദ്യത്തേത് മാത്രമാണ് നന്നായത്. അരോചകമായ സീനുകളുമുള്ള, മറ്റുരണ്ടുപാട്ടുകൾ മുറിച്ചുകളയുന്നതായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ തീയേറ്റർ കളക്ഷന് നന്നായിരിക്കുക.

വാൽക്കഷ്ണം: അതി ഗംഭീരമായ വൺലൈൻ പറഞ്ഞ് 'പറ്റിക്കയെന്നത്' രഞ്ജിത്ത് ആദ്യമായിട്ട് ചെയ്യുന്നതൊന്നുമല്ല. 'റോക്ക് എൻ റോൾ' ഓർത്തുനോക്കൂ. ലോകമെമ്പാടും നടന്ന് പരിപാടികൾ അവതിരപ്പിക്കുന്ന ഒരു വാദകന്റെ കഥയെന്ന് പറഞ്ഞ് എടുത്തിട്ട് അതെന്തായി മാറി. അതേ ഗതിതന്നെയായിപ്പോയി ഇവിടെയും .വെറുതേ മോഹിപ്പിച്ചു!