പാറ്റ്‌ന: ബീഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി മാല അണിയിച്ചതിന് ശേഷം റാം മനോഹർ ലോഹ്യയുടെ പ്രതിമ ശുദ്ധീകരിച്ചത് വിവാദമാകുന്നു.

മാഞ്ചി സോഷ്യലിസ്റ്റ് നേതാവല്ല. അദ്ദേഹം രാഷ്ട്രീയ നേട്ടത്തിനായി സോഷ്യലിസ്റ്റ് ആശയങ്ങൾ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിമ കഴുകിയത്. സംഭവം വിവാദമായതോടെ നാല് എൽ.വി എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയതായും പൊലീസ് അറിയിച്ചു.

ലോഹ്യ വിഹാർ മഞ്ച് (എൽ.വി എം) പ്രവർത്തകരാണ് പ്രതിമ ഗംഗാജലം ഉപയോഗിച്ച് കഴുകി ശുദ്ധീകരിച്ചത്. ബീഹാറിലെ സുപൗലിലാണ് സംഭവം. മാഞ്ചി മാല അണിയിച്ചതിന് പിന്നാലെ എൽ.വി എം പ്രവർത്തകർ സ്ഥലത്തെത്തി പ്രതിമ കഴുകുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രതിമയിൽ മാലയിട്ട ശേഷം മാഞ്ചി പുർനിയയിലേക്ക് പോയ ഉടൻ സ്ഥലത്ത് എത്തിയ എൽ.വി എം പ്രവർത്തകർ സ്ഥലത്തെത്തി മാല നീക്കം ചെയ്യുകയും പ്രതിമ കഴുകുകയും ചെയ്തു.

അതേസമയം ലോഹ്യയെപ്പോലും അപമാനിക്കുന്ന നടപടിയാണ് എൽ.വി എം പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് മാഞ്ചി പ്രതികരിച്ചു. ലോഹ്യയെപ്പോലുള്ള നേതാക്കളെ ആദരിക്കുന്നതിന് വ്യക്തിപരമായി തനിക്ക് അവകാശമുണ്ട്. താൻ സോഷ്യലിസ്റ്റാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്നും മാഞ്ചി പറഞ്ഞു.

തൊട്ടുകൂടായ്മയും പരസ്പര വിദ്വേഷവും വർധിച്ചുവരുന്ന ഇക്കാലത്ത് ലോഹ്യയുടെ ആശയങ്ങൾക്ക് പ്രസക്തിയുണ്ടെന്നും മാഞ്ചി കൂട്ടിച്ചേർത്തു. നേരത്തെ ദളിത് സമുദായാംഗമായ മാഞ്ചി മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു.