തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും എതിർകക്ഷികളാക്കി മുൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ പരാതിയിൽ, ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. ഹർജിക്കാരനുവേണ്ടി പ്രമുഖ അഭിഭാഷകനായ ജോർജ്ജ് പൂന്തോട്ടമാണ് ഹാജരായത്.

പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉത്തരവുകളും, സ്‌കീമുകളും ഹാജരാക്കുവാൻ ചീഫ് സെക്രട്ടറിക്ക് സമൻസ് അയക്കുവാൻ ലോകായുക്ത ജസ്റ്റീസ് പയസ്.സി.കുര്യാക്കോസ,് ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ലോകായുക്ത നിയമം അനുസരിച്ച് ഒരു പരാതി ഫയൽ ചെയ്താൽ ആദ്യം പ്രാഥമിക അന്വഷണമാണ് നടത്തേണ്ടത്. പ്രാഥമിക അന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാലാണ് പരാതി ഫയലിൽ സ്വീകരിച്ച് അന്വഷണം പ്രഖ്യാപിക്കുന്നത് .

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങളായ കാർ വായ്പയും സ്വർണ്ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും, പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും കാബിനറ്റ് തീരുമാനപ്രകാരം നൽകിയതിനെതിരെയാണ് പരാതി .

മന്ത്രിസഭയിൽ അജണ്ടക്ക് പുറമേ എടുത്ത മേൽപ്പടി തീരുമാനങ്ങൾ അഴിമതിയും അനീതിയും സ്വജനപക്ഷപാതമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിക്കുന്ന വ്യവസ്ഥകൾ ലംഘിച്ച് ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒക്ടോബർ നാലിന് പരിഗണിക്കും.