തിരുവനന്തപുരം : മലയാളികളുടെ ആയുർദൈർഘ്യം പത്തുവർഷം കൂട്ടാൻ നൂതന ആരോഗ്യസംരക്ഷണ പദ്ധതി, ഒരു ഡോളർ ഒരു രൂപയ്ക്ക് തുല്യമാക്കും, ദേഹത്ത് ധരിക്കുന്ന ഉപകരണത്തിലൂടെ പ്രവാസികൾക്ക് നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യം നിരീക്ഷിക്കാനാവുന്ന പദ്ധതി, പ്രവാസി സർവകലാശാല, പ്രവാസി നിക്ഷേപ സംരക്ഷണ നിയമം, പ്രവാസികൾക്കും കുടുംബത്തിനുമായി ആരോഗ്യസംരക്ഷണ പദ്ധതികൾ, എല്ലാ പഞ്ചായത്തുകളിലും വിദേശമലയാളികളുടെ പണമുപയോഗിച്ചുള്ള വികസനപദ്ധതികൾ... കോടാനുകോടികൾ തുലയ്ക്കുന്ന ലോക കേരള സഭ എത്ര അർത്ഥശൂന്യമാണെന്ന് മുൻപ് നടത്തിയ ലോക കേരള സഭകളിൽ നടപ്പാക്കാൻ നിശ്ചയിച്ച ഈ പദ്ധതികളുടെ നീണ്ട ലിസ്റ്റ് കണ്ടാൽ മനസിലാവും. കേരളത്തിന്റെ സമഗ്രവികസനത്തിന് പദ്ധതികളുടെ കുത്തൊഴുക്കായിരുന്നു ലോക കേരള സഭയിൽ.

എന്നാൽ ഒരെണ്ണം പോലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ല. പ്രതിസന്ധികളോട് പടവെട്ടി മറുനാട്ടിൽ വിജയം കൊയ്തവർ ജന്മനാടിന് വികസനപാതയൊരുക്കാൻ മത്സരിക്കുമെന്നായിരുന്നു മുൻ ലോക കേരള സഭകളിൽ സർക്കാരിന്റെ തള്ള്. എന്നാൽ ഒന്നും നടന്നില്ലെന്നാണ് ലോക കേരള സഭയുടെ ബാലൻസ് ഷീറ്റ്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസമൊരുക്കാൻ കൂടുതൽ വ്യവസായങ്ങൾ തുടങ്ങുമെന്നായിരുന്നു പ്രധാന പദ്ധതികളിലൊന്ന്. എന്നാൽ കോവിഡ് കാലത്ത് മടങ്ങിയെത്തിയ 17.51 ലക്ഷം പ്രവാസികളിൽ മൂന്നരലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. ഇതിൽ രണ്ടേകാൽ ലക്ഷത്തോളം പേർക്ക് നാട്ടിലും തൊഴിലില്ലാത്ത അവസ്ഥയാണ്. വിദേശത്ത് സ്വരുക്കൂട്ടിയ നിക്ഷേപവുമായി നാട്ടിലെത്തി സംരംഭം തുടങ്ങിയവർ പുനലൂരിലും കണ്ണൂരിലുമെല്ലാം പാർട്ടിയുടെ കൈയൂക്കിന് ഇരകളായി ജീവനൊടുക്കേണ്ടി വന്നു.

കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ യു.എ.ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) നിക്ഷേപം നടത്തുമെന്നായിരുന്നു ദുബായിൽ നടത്തിയ ലോക കേരള സഭയിലെ പ്രഖ്യാപനം. അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അഹ്മദ് അൽ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലായിരുന്നു നിക്ഷേപ സന്നദ്ധത അറിയിച്ചത്.

ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും ധാരണയായിരുന്നു. ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളതെന്നും പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയിൽ ഇതിനകം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഒരു രൂപയുടെ നിക്ഷേപം പോലും അഡ്‌നോക് നടത്തിയില്ല.

കേരളത്തിൽ വൻനിക്ഷേപത്തിന് അബുദാബി ഇൻവെസ്?റ്റ്മെന്റ് അഥോറിറ്റി സന്നദ്ധരാണെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. യു.എ.ഇ പ്രസിഡന്റ് ചെയർമാനായ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിൽ ഒന്നായ മുബദല കേരളത്തിൽ പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളിൽ നിക്ഷേപം നടത്തുമെന്നായിരുന്നു മറ്റൊന്ന്. മുബദലയ്ക്ക് മുപ്പതിലധികം രാജ്യങ്ങളിലായി 16ലക്ഷം കോടി രൂപ നിക്ഷേപനിധിയുണ്ട്.

കേരളത്തിൽ തുറമുഖ മേഖലയിൽ നിക്ഷേപമുള്ള ദുബായ് ഡിപി വേൾഡ്, കേരള സർക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക് പാർക്ക്, ഇൻഡ്സട്രിയൽ പാർക്ക് തുടങ്ങി ഒട്ടേറെ മേഖലകളിൽ നിക്ഷേപം നടത്താൻ താത്പര്യമറിയിച്ചിട്ടുണ്ടെന്നായിരുന്നു മൂന്നാമത്തെ പ്രഖ്യാപനം. ഉൾനാടൻ ജലഗതാഗത പദ്ധതിയിലും അവർക്ക് താത്പര്യമുണ്ടെന്നും ആഴം കുറഞ്ഞ ജലവിതാനത്തിലൂടെ സഞ്ചരിക്കാനുള്ള കപ്പലുകൾ അവർക്കുണ്ടെന്നും ചരക്കുനീക്കം സുഗമമാക്കാൻ ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കാനും ഡി.പി.വേൾഡ് തയ്യാറാണെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം- കാസർകോട് ജലപാതാ പദ്ധതിയിൽ ഭാഗമാകാൻ അവർ താത്പര്യമറിയിച്ചെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഈ പദ്ധതികളെല്ലാം വാക്കിൽ മാത്രം ഒതുങ്ങി.

ലോക കേരള സഭയിലെ മറ്റ് പൊള്ളയായ പ്രഖ്യാപനങ്ങൾ ഇവയാണ്:- പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കണ്ണൂർ വിമാനത്താവളത്തോട് ചേർന്നുള്ള സ്ഥലത്ത് പ്രവാസിസർവകലാശാല. രോഗികളായി മടങ്ങിയെത്തുന്നവരുടെ പരിരക്ഷയ്ക്ക് ഇൻഷ്വറൻസ് സ്‌കീം. വിദേശത്തായിരിക്കുമ്പോൾ ഇൻഷ്വറൻസിൽ പണമടയ്ക്കാൻ സൗകര്യം. പ്രവാസികളായ നിക്ഷേപകരുടെയും വ്യവസായികളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാൻ പരിശീലനം. എല്ലാ പഞ്ചായത്തുകളിലും വികസന പദ്ധതികൾ നടപ്പാക്കാനായി എൻ.ആർ.ഐ സഹകരണ സംഘങ്ങൾ. കേരളത്തിൽ പടർന്നുപിടിക്കുന്ന കാൻസറിന് കടിഞ്ഞാണിടാൻ സ്വകാര്യാശുപത്രികളെക്കൂടി ഉൾപ്പെടുത്തി കാൻസർ പ്രതിരോധ സംവിധാനം. കാൻസർ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെയും അമേരിക്കൻ കാൻസർ സെന്ററിന്റെയും സഹായം. ടെക്നോപാർക്ക് ആസ്ഥാനമായി ബില്യണയേഴ്സ് ക്ലബ്. ഇങ്ങനെ കടലാസിൽ മാത്രമൊതുങ്ങിയ എത്രയെത്ര പദ്ധതികളാണ് ലോക കേരള സഭയുടേതായുള്ളത്.

സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസികളുടെ നിക്ഷേപവും വിജ്ഞാനവും ഉപയോഗപ്പെടുത്തുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ വഴിയൊരുക്കുക, വിദേശത്ത് കേരളീയരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്നിവയെല്ലാം സഭയുടെ ലക്ഷ്യങ്ങളാണ്. പ്രവാസികളായ ശാസ്ത്രജ്ഞരും ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളവരും വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ അംബാസിഡർമാരായി മാറി അതുവഴി കേരളം ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറുമെന്ന സ്വപ്നവും യാഥാർത്ഥ്യമാകാൻ കാലമേറെയെടുക്കും.