തിരുവനന്തപുരം: ലോകായുക്ത ഉത്തരവിന്മേൽ ഭരണകൂടം അന്തിമതീരുമാനമെടുക്കുന്ന വ്യവസ്ഥയോട് സിപിഐയുടെ എതിർപ്പ് രൂക്ഷമായി തുടരുന്നു. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനു ഗവർണർ അംഗീകാരം നൽകിയെങ്കിലും ബില്ലിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സിപിഐ ആവശ്യപ്പെടും. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്ന അനുനയമൊന്നും ഫലം കാണുന്നില്ലെന്നതിന്റെ സൂചനയാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായി വിഷയം സംസാരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്ക് എതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. എന്നാൽ സ്‌റ്റേ അനുവദിച്ചിട്ടില്ല. ഇത് സർക്കാരിന് ആശ്വാസമാണ്. ഇതിനിടെയാണ് സിപിഐ എതിർപ്പ് ശക്തമാക്കുന്നത്. ഇത് ഇടതുമുന്നണിക്കുള്ളിൽ പുതിയ പ്രതിന്ധിയാകും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് ഹർജിയിൽ പൊതുപ്രവർത്തകനായ ആർ.എസ് ശശികുമാർ ചൂണ്ടിക്കാട്ടിയത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസെന്നും, ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കാത്തത് സർക്കാരിന് ആശ്വാസമാണ്.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയതോടെയാണ് ഓർഡിനൻസ് നിലവിൽ വന്നത്. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയിൽ നിന്ന് തന്നെ ഓർഡിനൻസിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം. ഇതിനിടെയാണ് ബില്ലിൽ മാറ്റം നിർദ്ദേശിക്കാനുള്ള സിപിഐ തീരുമാനം.

ഓർഡിനൻസിനു പകരമുള്ള ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോൾ 14-ാം വകുപ്പിന്റെ ഭേദഗതിയെ സിപിഐ. മന്ത്രിമാർ എതിർക്കും. പുതിയ ഓർഡിനൻസ് ബില്ലായി നിയമസഭയിലെത്തുമ്പോൾ ഇക്കാര്യത്തിൽ സിപിഐ ഭേദഗതി നിർദ്ദേശിക്കും. ലോകായുക്ത വിധിക്കെതിരായ അപ്പീൽ വ്യവസ്ഥ കോടതി മുഖേനയാക്കാം എന്നതാകും സഭയിൽ സിപിഐ നിർദ്ദേശിക്കുന്ന ഭേദഗതി. നിർണായകമായ നിയമഭേദഗതികൾ കൊണ്ടുവരുമ്പോൾ അത് മുന്നണിയെക്കൂടി വിശ്വാസത്തിലെടുത്താകണമെന്നാണു സിപിഐ. നിലപാട്.

ഓർഡിനൻസിനെതിരേ സിപിഐയുടെ പരസ്യപ്രതികരണം തുടർന്നു കൊണ്ടിരിക്കുകയാണ്. ഗവർണർ അംഗീകാരം നൽകിയതുകൊണ്ടുമാത്രം ഓർഡിനൻസ് നിയമപരമാകണമെന്നില്ലായെന്നായിരുന്നു പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവിന്റെ പ്രതികരണം. മൂലനിയമത്തെ ഇല്ലാതാക്കുന്ന ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ. നിലപാട് കടുപ്പിക്കുമ്പോഴും ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു സിപിഎം നേതൃത്വം, ചർച്ച നടന്നാലും നിലവിലെ നിലപാടിൽ ഉറച്ചുനിൽക്കാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രൻ വിഷയത്തിൽ പരസ്യമായി തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഭേദഗതിയുടെ ആവശ്യകത ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാൽ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു അന്ന് കാനം പ്രതികരിച്ചത്. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ മുന്നണിയെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ലെന്നുള്ള കാര്യവും വ്യക്തമാക്കി. വിഷയത്തിൽ ആദ്യം മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമായിരുന്നെന്നും കാനം കൂട്ടിച്ചേർത്തു.

നിയമസഭയിൽ പ്രതിപക്ഷം നിരാകരണപ്രമേയം കൊണ്ടുവന്നാൽ സഭയിൽ സിപിഐക്ക് നിലപാട് പരസ്യമാക്കേണ്ടി വരും. അതിന് സിപിഐയെ നിർബന്ധിതരാക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് പ്രതിപക്ഷം നടപ്പിലാക്കുന്നത്. നിലവിലെ നിലപാടിൽ നിന്ന് സിപിഐക്ക് പുറകോട്ട് പോവുക ബുദ്ധിമുട്ടാകുമെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ പെട്ടെന്ന് പുറകോട്ട് പോവുക സിപിഐക്കും ആത്മഹത്യാപരമാണ്. ഭരണത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ പരസ്യവിമർശനമുയർത്തേണ്ടത് പാർട്ടിക്കകത്ത് സ്വീകാര്യതയുയർത്താനും ആവശ്യമാണെന്ന് സിപിഐ നേതൃത്വം വിലയിരുത്തുന്നു.

മുഖ്യമന്ത്രിക്കെതിരായ കേസടക്കം സിപിഎമ്മിനെ ഭയപ്പെടുത്തുന്നതിനാലാണ് ലോകായുക്ത നിയമഭേദഗതിയെന്ന പ്രതിപക്ഷവിമർശനത്തിന് സിപിഐയുടെ പരസ്യനിലപാട് ബലമേകുന്നുണ്ട്.സിപിഐ മന്ത്രിമാർ പങ്കെടുത്ത മന്ത്രിസഭായോഗം ഏകകണ്ഠമായി അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുക കൂടി ചെയ്തതോടെ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് സിപിഎം കരുതുന്നത്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ഒരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥയാണ് കേരളത്തിലെ ലോകായുക്ത നിയമത്തിൽ എന്നിരിക്കെ, കോൺഗ്രസ് ഉയർത്തുന്നത് രാഷ്ട്രീയവിമർശനം മാത്രമാണെന്ന് സിപിഎം പറയുന്നു. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയും പ്രതിപക്ഷത്തിന്റെ നിലപാട് സ്വീകരിക്കുന്നതിനോട് സിപിഎം നേതൃത്വത്തിൽ പലർക്കും അതൃപ്തിയുണ്ട്.