തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുള്ളതിനാൽ പൊലീസിന് നിയമനടപടി സ്വീകരിക്കേണ്ടി വരും. ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് കോടതിയലക്ഷ്യമാണ്.

തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയ്ക്കിടെ തിയേറ്ററിൽ ദേശീയ ഗാനം കേൾ്പ്പിച്ചപ്പോൾ ചിലർ എഴുന്നേറ്റു നിൽക്കാത്തതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രസ്താവന.

എന്നാൽ ദേശീയഗാനം ആലപിക്കുമ്പോൾ ഇരുന്നാൽ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. സാംസ്‌കാരിക പരിപാടിയിൽ ഇടപെടാൻ പൊലീസ് ആഗ്രഹിക്കുന്നില്ല. വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ക്രമസമാധാന പ്രശ്നമുണ്ടെങ്കിൽ മാത്രമേ തിയേറ്ററിനുള്ളിൽ പൊലീസ് കടക്കൂ എന്നും ഡിജിപി വ്യക്തമാക്കി.

തിയേറ്ററിൽ ദേശീയഗാനം കേൾപ്പിച്ച സമയത്ത് എഴുന്നേറ്റു നിൽക്കാത്തതിന്റെ പേരിൽ കുറച്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെത്തുടർന്ന് ചലച്ചിത്രമേളയ്‌ക്കെത്തിയ ഡെലിഗേറ്റുകളിൽ ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്തു.