ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള രംഗത്തു വന്നിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോർഡുകളിൽ മുൻകാലങ്ങളിൽ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കർ പറഞ്ഞു. പക്ഷേ പ്രതിപക്ഷം ഇപ്പോഴും പറയുന്നത് നിരോധനത്തെ കുറിച്ചാണ്. അങ്ങനെ ചർച്ച തുടരുകയാണ്. സഭ തുടങ്ങിയാൽ മാത്രമേ സത്യം അറിയാനാകൂ. അഴിമതി എന്ന വാക്കുപയോഗിച്ചാൽ ഇനി പാർലമെന്റിൽ എന്തു സംഭവിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഏതായാലും അടുത്ത പാർലമെന്റ് സമ്മേളനം വാക്കുകളുടെ നിരോധനത്തിൽ സംഘർഷമുണ്ടാക്കാനാണ് സാധ്യത.

'അഴിമതി'യും 'മുതലക്കണ്ണീരും' 'നിയമവിരുദ്ധ'വുമൊക്കെ ഇനി പാർലമെന്റിനു പുറത്ത്. ഇതടക്കം പല വാക്കുകളും ഇനി സഭയിലുച്ചരിച്ചാൽ അവ നീക്കം ചെയ്യും. ഇത്തരം വാക്കുകൾ 'അൺ പാർലമെന്ററി' (സഭ്യേതരം) ആക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് കൈപ്പുസ്തകം പുതുക്കിയതാണ് വിവാദമായത്. ഇത് കേന്ദ്രസർക്കാരിനെ വിമർശിക്കാതിരിക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തു വന്നു. എന്നാൽ, ഇന്ത്യയിലും പല കോമൺവെൽത്ത് രാജ്യങ്ങളിലും ജനസഭകളിൽ ഇപ്പോൾതന്നെ നിരോധിച്ച വാക്കുകൾ പട്ടികയാക്കി എന്നേയുള്ളൂവെന്നു സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അതിന് ശേഷവും വിവാദം തീർന്നിട്ടില്ല. അടുത്ത സമ്മേളനത്തിലും ഇത് ആളിക്കത്തുമെന്ന് ഉറപ്പാണ്.

സ്പീക്കറുടെ വിശദീകരണം വ്യക്തതയില്ലാത്തതാണ്. നിരോധിച്ചിട്ടില്ലെന്നും ഒഴിവാക്കിയെന്നുമെല്ലാം സ്പീക്കർ പറയുന്നു. അതുകൊണ്ടാണ് സത്യം മനസ്സിലാക്കാൻ സഭ ചേരേണ്ടി വരുന്നത്. പാർലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. നിയമനിർമ്മാണ സഭകൾക്ക് സർക്കാരിൽ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്; ആ അവകാശം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല, പക്ഷേ പാർലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിർള പറഞ്ഞു. 'സന്ദർഭവും അംഗങ്ങൾ ഉന്നയിച്ച എതിർപ്പും കണക്കിലെടുത്താണ് വാക്കുകൾ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങൾ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്.

നേരത്തെ ഇത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. കടലാസ് പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ ഒരു സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1954 മുതൽ അൺപാർലമെന്ററി വാക്കുകൾ ഒഴിവാക്കുന്ന നടപടികളുണ്ട്. പ്രതിപക്ഷം ഇതൊക്കെ വായിച്ചുനോക്കണം-സ്പീക്കർ പറയുന്നു. എന്നാൽ പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെല്ലാം മോദിസർക്കാരിനെ വിശേഷിപ്പിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്നതാണെന്നും വാക്കുകൾ നിരോധിച്ചതുകൊണ്ടു വിമർശനങ്ങളെ മറികടക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണെന്നും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ശിവസേനയും വിമർശിച്ചു.

പാർലമെന്റിലും ചില നിയമസഭകളിലും കോമൺവെൽത്ത് രാജ്യങ്ങളിലെ സഭകളിലും രേഖകളിൽ നിന്നു നീക്കം ചെയ്യുന്ന വാക്കുകളുടെ റഫറൻസ് പുസ്തകമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് കൈപ്പുസ്തകമായി ഇറക്കിയതെന്നു സർക്കാർ വിശദീകരിക്കുന്നു. ലോക്‌സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും ഇതിലുൾപ്പെടാത്ത വാക്കുകളോ പരാമർശങ്ങളോ നീക്കം ചെയ്യാൻ അധികാരമുണ്ട്. മറ്റു ചില വാക്കുകളോടു ചേർക്കുമ്പോഴല്ലാതെ ഉച്ചരിച്ചാൽ ചില വാക്കുകൾ മോശമാവില്ലെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ടെന്നു ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. ഒരു വാക്കും നിരോധിച്ചിട്ടില്ലെന്നും പാർലമെന്റിലെ അംഗങ്ങൾക്ക് അവരുടെ അഭിപ്രായം സ്വതന്ത്രമായി പറയാമെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർല പറഞ്ഞു.

ആഞ്ഞടിച്ച് രാഹുൽ

പുതിയ ഇന്ത്യയ്ക്ക് പുതിയ നിഘണ്ടു ഉണ്ടാക്കിയിരിക്കുന്നുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രി ഭരണം കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്നതെല്ലാം അൺപാർലമെന്ററിയാവുകയാണ്. ഉദാഹരണത്തിന്,'ജുംലജീവി'യായ 'ഏകാധിപതി' തന്റെ കള്ളങ്ങളും കഴിവില്ലായ്മകളും വെളിപ്പെട്ടപ്പോൾ 'മുതലക്കണ്ണീർ' ഒഴുക്കി'' രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'സ്വന്തം യോഗ്യതകളെക്കുറിച്ച് സാഹെബിന് (മോദി) അറിയാവുന്നതു കൊണ്ടാണ് പല വാക്കുകളും ഒഴിവാക്കുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു.

എതിർക്കാൻ സിപിഎമ്മും

കേന്ദ സർക്കാരിന്റെ യാഥാർഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾ വിലക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു എന്ന അനുമാനങ്ങൾക്കാണ് ഈ ഏകപക്ഷീയ നിലപാടുകൾ അടിവരയിടുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ പ്രതിപക്ഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ജുംല. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരവും നാടകീയതയും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദപ്രയോഗം മോദിക്ക് നേരെ തൊടുത്തുവിട്ടിരുന്നത്. അൺപാർലമെന്ററി പദങ്ങളുടെ പട്ടികയിൽ ഇനി ജുംലയും ഉൾപ്പെടും.

കഴിഞ്ഞദിവസം ലോക്സഭാ സെക്രട്ടറിയേറ്റ് വിചിത്രമായ ഒരു സർക്കുലർ ഇറക്കി. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറായിരുന്നു അത്. ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്- ബ്രിട്ടാസ് വ്യക്തമാക്കി

പട്ടികയിൽ സർവ്വസാധാരണ വാക്കുകളും

മൺസൂൺ സമ്മേളനത്തിനു മുന്നോടിയായാണ് പാർലമെന്റിൽ ഉപയോഗിച്ചാൽ നീക്കം ചെയ്യപ്പെടുന്ന വാക്കുകളുടെ പട്ടികയിലേക്ക് ചില ഇംഗ്ലിഷ്, ഹിന്ദി വാക്കുകൾ കൂടി ചേർത്ത് കൈപ്പുസ്തകം പുതുക്കിയത്. പാർലമെന്റിൽ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷാംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒട്ടേറെ വാക്കുകൾ പട്ടികയിലുണ്ട്. മുൻ സർക്കാരുകളെയും പ്രതിപക്ഷത്തെയും വിമർശിക്കാൻ ഭരണകക്ഷി അംഗങ്ങൾ ഉപയോഗിക്കുന്ന ചില വാക്കുകളുമുണ്ട്.

'നിരോധിത പട്ടിക'യിൽ പുതിയതായി ഉൾപ്പെടുത്തിയ വാക്കുകളിൽ ചിലത്:

ഇംഗ്ലിഷ്

Corruption - അഴിമതി

Corrupt - അഴിമതിക്കാർ

Ashamed - ലജ്ജിക്കുന്നു

Abused - ദുരുപയോഗം ചെയ്യപ്പെട്ട

Misinformation - തെറ്റായ വിവരം

Mislead - തെറ്റിദ്ധരിപ്പിക്കുക

Betrayed - വഞ്ചിക്കപ്പെട്ട

Drama - നാടകം

Hypocrisy - ഇരട്ടത്താപ്പ്

Incompetent - കഴിവുകെട്ട

Ignores - അവഗണിക്കുന്നു

Fake - വ്യാജം

Shame - ലജ്ജാകരം

Anarchist - അരാജകവാദി

Saleswoman - സെയിൽസ് വുമൺ

Illegally - നിയമവിരുദ്ധമായി

Covid spreader - കോവിഡ് പരത്തുന്നയാൾ

Coward - ഭീരു

Criminal - ക്രിമിനൽ

Donkey - കഴുത

Irresponsible - നിരുത്തരവാദപരം

Lack of maturity - അപക്വം

Negligence - അനാസ്ഥ, ശ്രദ്ധക്കുറവ്

Partisan - പക്ഷപാതം

Rubbish - അസംബന്ധം

Scoundrel - ആഭാസൻ, നീചൻ

Untrue - അസത്യം

Humiliated - അധിക്ഷേപിക്കപ്പെട്ട

Derogatory - അപകീർത്തികരം

Conversion - പരിവർത്തനം

Snoopgate - അനാവശ്യനിരീക്ഷണം, ഒളിഞ്ഞുനോട്ടം

പോലുള്ള വിവാദം

Goonda - ഗുണ്ട

Goons - മണ്ടന്മാർ/അക്രമികൾ

Childishness - ബാലിശം

Cheat - ചതിക്കുക

Bloody - ക്രൂരം, ശകാരവാക്കായും പ്രയോഗിക്കപ്പെടുന്നു.

Bullshit - അസംബന്ധം

Scandal - ആക്ഷേപം,

അപവാദം, വിവാദം

Show off - പ്രദർശനപരത, നാട്യം

Sexual harassment - ലൈംഗികാതിക്രമം

Cockroaches - പാറ്റകൾ

ഹിന്ദി

ജുംല ജീവി - വ്യാജ വാഗ്ദാനമോ തട്ടിപ്പു പ്രസ്താവനകളോ നടത്തുന്നയാൾ

ഗോബർ - ചാണകം

ഗഡിയാലി ആംസു - മുതലക്കണ്ണീർ

താനാഷാഹി - ഏകാധിപത്യം

ഷഡ്യന്ത്ര് - ഗൂഢാലോചന

ഭ്രഷ്ടാചാർ - അഴിമതി

ഗദ്ദാർ - വഞ്ചകൻ

വിനാശ് പുരുഷ് - വിനാശങ്ങളുണ്ടാക്കുന്നയാൾ

ബാൽബുദ്ധി - ബുദ്ധിശൂന്യൻ എന്ന അർഥത്തിൽ

ജയ്ചന്ദ് - ചതിയൻ എന്ന അർഥത്തിൽ

ഖൂൻ സെ ഖേതി - രക്തം കൊണ്ടു കൃഷി, രക്തദാഹം

നികമ്മ - കഴിവുകെട്ടവൻ

ദൊഹ്ര ചരിത്ര - ഇരട്ടവ്യക്തിത്വമുള്ള

ഡിംഡോര പീട്‌ന - തള്ളിമറിക്കൽ എന്ന് ഏകദേശ അർഥം

ചംച-ചേല - സിൽബന്തി

ദാദാഗിരി - തെമ്മാടിത്തം, ഗുണ്ടായിസം

കാലാ - കറുത്ത

ഖലിസ്ഥാനി - ഖലിസ്ഥാൻവാദി

ശകുനി, ആദിവാസി, ദല്ലാൾ

English Summary: Words such as ashamed, abused, betrayed declared unparliamentary