- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സർക്കാരിന്റെ അമിതാവേശം ദുർബ്ബലമായ പ്രതിപക്ഷത്തിന് നവജീവൻ നൽകി; ധൃതിപിടച്ച സസ്‌പെൻഷൻ പ്രതിപക്ഷ ഐക്യത്തിന് കാരണമായതോടെ പിൻവലിക്കാൻ തീരുമാനം; ഭൂമി ഏറ്റെടുക്കൽ ബില്ലിലെ തിരിച്ചടിയും ക്ഷീണമായി
ന്യൂഡൽഹി: കോൺഗ്രസിലെ 25 എംപിമാരെ അഞ്ചു ദിവസത്തേക്ക് സസ്‌പെൻഡു ചെയ്ത നടപടി ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ ഇന്ന് ഉപാധികളോടെ പിൻവലിക്കുമെന്ന് സൂചന. പ്രതിപക്ഷത്തെ ഐക്യമാണ് ഇതിന് കാരണം. കോൺഗ്രസിനൊപ്പം സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ എംപിമാരും സസ്‌പെൻഷൻ നടപടി ലഘൂകരിക്കണം
ന്യൂഡൽഹി: കോൺഗ്രസിലെ 25 എംപിമാരെ അഞ്ചു ദിവസത്തേക്ക് സസ്‌പെൻഡു ചെയ്ത നടപടി ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ ഇന്ന് ഉപാധികളോടെ പിൻവലിക്കുമെന്ന് സൂചന. പ്രതിപക്ഷത്തെ ഐക്യമാണ് ഇതിന് കാരണം. കോൺഗ്രസിനൊപ്പം സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ എംപിമാരും സസ്‌പെൻഷൻ നടപടി ലഘൂകരിക്കണം എന്ന് സ്പീക്കറോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിന് സമ്മതം മൂളിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. പ്രതിപക്ഷത്ത് ഉണ്ടായ ഐക്യമാണ് മോദിയെ ചിന്തിപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് രാഷ്ട്രീയ മുൻതൂക്കം നിലനിർത്താൻ ബിജെപി നേതാക്കൾക്ക് മോദി നിർദ്ദേശം നൽകിയിട്ടുണ്ട്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാകും ബിജെപിയുടെ കടന്നാക്രമിക്കപ്പെടുക.
ഭൂമി ഏറ്റെടുക്കൽ ബില്ലിൽ കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. പാർലമെന്ററീ സമിതിയിൽ അത് പൂർണ്ണമായും അംഗീകരിക്കാൻ കഴിഞ്ഞില്ല. യുപിഎ സർക്കാരിന്റെ കാലത്തെ ബിൽ അതേ പടി അംഗീകരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. എൻഡിഎയിലെ ഘടകകക്ഷികളും കളം മാറ്റി ചവിട്ടി. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ എംപിമാരുടെ സസ്‌പെൻഷനിൽ സർക്കാർ അനുകൂല നിലപാട് എടുക്കുന്നത്. ഇതേസമയം സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് അഞ്ചു കാര്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടിസ് നൽകി. കോൺഗ്രസിന്റെ 25 അംഗങ്ങളെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവരിൽ കേരളത്തിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണുഗോപാൽ, എം.കെ. രാഘവൻ എന്നിവരുൾപ്പെടെ എല്ലാപേർക്കും ഇന്നലെ രാവിലെ നോട്ടിസ് ലഭിച്ചു.
ലോക്‌സഭാ ചേംബറിലോ അകത്തെ ലോബിയിലോ ഗ്യാലറികളിലോ പ്രവേശിക്കാൻ പാടില്ല, അംഗങ്ങളാണെങ്കിലും പാർലമെന്റ് കമ്മിറ്റി യോഗങ്ങൾ നടക്കുന്നുണ്ടെങ്കിൽ പങ്കെടുക്കാൻ പാടില്ല, പാർലമെന്റിലെ ലിസ്റ്റ് ഓഫ് ബിസിനസ്സിൽ ഒരു വിഷയവും ഉൾപ്പെടുത്താൻ പാടില്ല, ഒരു വിഷയത്തിലും നോട്ടിസ് നൽകാൻ പാടില്ല, ഒരു വിധത്തിലുമുള്ള വോട്ടെടുപ്പിലും പങ്കെടുക്കരുത് എന്നിവയാണ് വിലക്കുകൾ. മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെയാണ് വിലക്ക് എന്നും നോട്ടിസിൽ വ്യക്തമാക്കുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തെ ഐക്യത്തിന്റെ കരുത്ത് സർക്കാർ തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകും.
ഇന്നു രാവിലെ സ്പീക്കർ സുമിത്രാ മഹാജൻ കോൺഗ്രസ് നേതാക്കളെ ചർച്ചയ്ക്കു വിളിച്ചേക്കും എന്നു സൂചനയുണ്ട്. മേലിൽ സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടുവരാതിരിക്കുക, സ്പീക്കറുടെ നടപടി ചോദ്യം ചെയ്യാതിരിക്കുക, സഭയുടെ ചട്ടങ്ങൾ പാലിക്കുക എന്നീ ഉറപ്പുകളിന്മേൽ ഇന്ന് സസ്‌പെൻഷൻ പിൻവലിച്ചേക്കും എന്നാണു സൂചന. എന്നാൽ പ്രതിഷേധം തുടരുമെന്ന നിലപാട് കോൺഗ്രസ് എടുത്താൽ പ്രശ്‌ന പരിഹാരം അസാധ്യമാകും. അതിനിടെ പ്രതിപക്ഷത്തെ ചില പ്രമുഖ കക്ഷി നേതാക്കൾ പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തെ ഒട്ടേറെ നേതാക്കൾ സ്പീക്കറെക്കണ്ട് സസ്‌പെൻഷൻ നടപടി അൽപം കടന്ന കയ്യായെന്ന് പരാതിപ്പെട്ടിരുന്നു. മാത്രമല്ല പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ബില്ലുകൾ പാസാക്കുന്നതിനെയും അവർ അനുകൂലിച്ചില്ല. ഏറ്റമുട്ടലിനു പകരം അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ അവർ സ്പീക്കറോട് അഭ്യർത്ഥിച്ചു. ഈ സാഹചര്യത്തിലാണ് വിട്ടുവീഴ്ചയെന്നാണ് വിശദീകരണം.
എന്നാൽ പ്രതിപക്ഷ ഐക്യത്തെ തകർക്കുകയെന്ന ലക്ഷ്യമാണ് മോദിയക്കുള്ളത്. നേരത്തെ ഭൂമിയേറ്റെടുക്കൽ ബില്ലിൽ ബിജെപി സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായതിനെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. ഭൂമിയേറ്റെടുക്കൽ വിഷയത്തിൽ ബിജെപിക്ക് മുന്നിൽ കോൺഗ്രസ് ശക്തമായി നിലകൊണ്ടു. അവർ ഞങ്ങളെ പേടിപ്പിക്കാൻ വളരെ ഉച്ചത്തിൽ അലറി വിളിച്ചു, ഭീഷണിപ്പെടുത്തി. എന്നിട്ടും കോൺഗ്രസ് പിൻവാങ്ങിയില്ല. അവസാനം ബിജെപിക്ക് പിന്തിരിഞ്ഞ് ഓടേണ്ടി വന്നെന്നും രാഹുൽ കളിയാക്കി. വ്യാപം അഴിമതിയിലുൾപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും ലളിത് മോദി വിഷയത്തിലുൾപ്പെട്ട സുഷ സ്വരാജിന്റെയും വിഷയത്തിൽ ഇതേ നിലപാടാണ് കോൺഗ്രസിനുള്ളത്. ഇരുവരും രാജി വയ്ക്കുന്നതുവരെ പ്രതിഷേധം ശക്തമായി തന്നെ തുടരും. പാർലമെന്റിൽ നിന്നും ഞങ്ങളെ പുറത്താക്കിയാലും ഉള്ളിൽ കടക്കാൻ അനുവദിച്ചില്ലെങ്കിലും പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങില്ലെന്നും രാഹുൽ വ്യക്തമാക്കി.
ഭൂമിയേറ്റെടുക്കൽ ബില്ലിലെ ആറു വിവാദ വ്യവസ്ഥകൾ കേന്ദ്രസർക്കാർ ഒഴിവാക്കിയേക്കുമെന്നു വാർത്തകൾ വന്നിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ഭൂമിയേറ്റെടുക്കൽ ബില്ലിൽ മോദി സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായത്. അതിനിടെ കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്ത ലോക്‌സഭാ സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകൾക്ക് മറുപടിയുമായി ബിജെപി രംഗത്ത് എത്തി. അമ്മയും മകനും ഭരിക്കുന്ന പ്രതിപക്ഷ പാർട്ടിയിലാണ് ജനാധിപത്യം ഇല്ലാത്തതെന്ന് ബിജെപി ആരോപിച്ചു.
പാർലമെന്റിന്റെ മഴക്കാല സമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലുള്ള അസൂയയാണ് ഇതിനു പിന്നിലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കുറ്റപ്പെടുത്തി. എംപിമാരെ സസ്‌പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി തികച്ചും ശരിയാണ്. ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് സംസാരിക്കുന്നത് എന്നെ അതിശയപ്പെടുത്തുന്നു. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമേ ഇല്ല. ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് പറയുന്ന ഭാഷ സാത്താൻ ബൈബിൾ വായിക്കുന്നതുപോലെയാണെന്നും ജാവഡേക്കർ പരിഹസിച്ചു.