ലണ്ടൻ: ലണ്ടൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐസിസിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ അമഖ് ആണ് വാർത്ത പുറത്തുവിട്ടത്. ഭീകരാക്രമണത്തിൽ ഏഴു പേരെ കൊലപ്പെടുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ദാരുണസംഭവം. മൂന്നു മാസത്തിനിടെ ലണ്ടനിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മാർച്ചിലായിരുന്നു ആദ്യ ആക്രമണം. വെസ്റ്റ്മിനിസ്റ്ററിൽ അമിതവേഗത്തിലെത്തിയ കാർ നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചും കത്തിക്കു കുത്തിയും നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിൽ നടന്ന ബോംബാക്രമണത്തിൽ 22 പേരും കൊല്ലപ്പെടുകയുണ്ടായി. എട്ടിന് പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ബ്രിട്ടനെ നടുക്കിയ ആക്രമണം നടന്നത്. മെയ്‌ 22ന് മാഞ്ചസ്റ്ററിൽ സംഗീതനിശയ്ക്കു ശേഷമുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. അതിനും ആഴ്ചകൾ മുന്പ് ലണ്ടനിൽ നാലു പേരുടെ മരണത്തിനിടയാക്കി മറ്റൊരു ഭീകരാക്രമണവും നടന്നിരുന്നു. ഇതിന് പിന്നിലും ഐസിസുകാരായിരുന്നു.

ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയിരുന്ന ഭീകര സംഘനടകൾ ബ്രട്ടിനെ ലക്ഷ്യംവച്ച് കൂടുതൽ പദ്ധതികൾ ഇടുന്നുവെന്നാണ് സുരക്ഷാ ഏജൻസികളും ഇന്റലിജൻസ് ഏജൻസികളും വിലയിരുത്തുന്നത്. അടുപ്പിച്ചടുപ്പിച്ച് മൂന്നാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ കുടിയേറ്റക്കാർ അടക്കമുള്ള വിദേശികൾക്ക് വീസ നല്കുന്ന കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്. ഇനിയും സഹിക്കാനാവില്ലെന്നു പറയേണ്ടുന്ന സമയം ആയിയെന്നാണ് ലണ്ടൻ ഭീകരാക്രണമത്തിനു പിന്നാലെ പ്രധാനമന്ത്രി തെരേസാ മെയ് പ്രതികരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിവയ്ക്കില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് പ്രമുഖ പാർട്ടികളെല്ലാം പ്രചരണ പരിപാടികൾ നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോടെ പ്രചരണ പരിപാടികൾ പുനരാരംഭിക്കാനാണ് തെരേസാ മേയുടെ കൺസർവേറ്റീസ് അടക്കമുള്ള പാർട്ടികളുടെ തീരുമാനം.

മെഡിറ്ററേനിയൽ രാജ്യങ്ങളിൽനിന്നുള്ള മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണു സൂചന. വെള്ളവാനിലാണ് അക്രമികൾ എത്തിയത്. ലണ്ടൻ ബ്രിജിൽ അതിവേഗത്തിലൂടെ വാഹനം ഓടിച്ച് നിരവധിപ്പേരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ബറോ സട്രീറ്റിൽ വണ്ടി ഇടിപ്പിച്ചു നിർത്തി. വ്യാജ ബോംബുകൾ അരയിൽപ്പിടിപ്പിച്ച മൂന്നു പേർ വാഹനത്തിനു പുറത്തിറങ്ങി വലിയ കത്തികൊണ്ട് കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ള ബറോ മാർക്കറ്റിലെത്തിയും ആക്രമണം തുടർന്നു. 12 ഇഞ്ച് നീളമുള്ള വേട്ടക്കത്തികൊണ്ടായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ നാലു പൊലീസുകാരും ഉൾപ്പെടുന്നു. 80 കിലോ മീറ്ററിലധികം വേഗത്തിലാണ് അക്രമികൾ വണ്ടി ഓടിച്ചിരുന്നത്. ബറോ മാർക്കറ്റിനു സമീപമുള്ള വീറ്റ്ഷെഫ് പബിനടുത്തുവച്ചാണ് അക്രമികളെ പൊലീസ് വെടിവച്ചുകൊന്നത്.

ലണ്ടൻ ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിലക്കണമെന്ന ആവശ്യം ട്രംപ് ആവർത്തച്ചു. ''നമ്മൾ കൂടുതൽ കരുതലോടെയിരിക്കണം. കൂടുതൽ കർക്കശമാകണം. നമുക്ക് നമ്മുടെ അവകാശങ്ങൾ തിരിച്ചുകിട്ടണം. കൂടുതൽ സുരക്ഷയ്ക്കായി നമുക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തേണ്ടതുണ്ട്''ട്രംപിന്റെ ട്വീറ്റ് പറയുന്നു. ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തുന്ന തീരുമാനം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.