ലണ്ടൻ: ശനിയാഴ്ച രാത്രി ലണ്ടൻ ബ്രിഡ്ജിലും സെൻട്രൽ ലണ്ടനിലെ ബറോ ഹൈസ്ട്രീറ്റിലും ഭീകരർ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ലണ്ടൻ ബ്രിഡ്ജിൽ അമിതവേഗതയിൽ കാറോടിച്ചും തുടർന്ന് കാറിന് പുറത്തിറങ്ങി നടത്തി ഭീകരർ നടത്തിയ കത്തി പ്രയോഗത്തിലും മരിച്ചിരിക്കുന്നത് ഏഴ് പേരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആദ്യം സ്ഥിരീകരിച്ചത് കനേഡിയൻ യുവതിയായ ക്രിസ് ആർച്ചിബാൽഡിനെയാണെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ 21 പേരുടെ നില അതീവ ഗുരുതരമാണെന്നും അവർ ആശുപത്രിയിൽ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും സൂചനയുണ്ട്.

ഭീകരാക്രണത്തിന്റെ ഉത്തരവാദിത്വം അവസാനം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഭാഗഭാക്കായ കൊലയാളി അതിന് മണിക്കൂറുകൾക്ക് മുമ്പ് തങ്ങളുമായി ഇടപഴകിയെന്നും അയാൾ വളരെ ശാന്തനായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ അത്ഭുതം കൂറുന്നുമുണ്ട്. ഒരു വാൻ ഹയർ ചെയ്യുന്നതെങ്ങിനെയെന്നതിനെ സംബന്ധിച്ചായിരുന്നു ഈ ജിഹാദി തങ്ങളോട് സന്തോഷത്തോടെയും സൗമ്യതയോടെയും തിരക്കിയതെന്ന് നിരവധി പേർ ഓർത്തെടുക്കുന്നു. ഇയാൾ ആർസനൽ ഷർട്ടായിരുന്നു ധരിച്ചതെന്നും പിന്നീട് ഭീകരാക്രമണത്തിന്റെ ഫൂട്ടേജിൽ നാട്ടുകാർ ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു.

ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് താൻ ഈ ജിഹാദിയെ കണ്ടിരുന്നുവെന്നാണ് ബാർകിംഗിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഇകെറ്റിന ചിഗ്ബോ ഓർത്തെടുക്കുന്നത്. അപ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയായിരുന്നുവെന്നും താൻ വാനിലേക്ക് ചരക്ക് കയറ്റുകയായിരുന്നുവെന്നും അപ്പോൾ ജിഹാദി തന്റെയടുത്ത് വന്ന് വാൻ എങ്ങനെയാണ് ഹയർ ചെയ്യുകയെന്നും അതിന്റെ നിരക്കും ചോദിച്ച് മനസിലാക്കുകയായിരുന്നുവെന്നും ചിഗ്ബോ വെളിപ്പെടുത്തുന്നു. താൻ ഇവിടെ നിന്നും മാറിപ്പോകാൻ പദ്ധതിയിടുന്നുവെന്നും അതിന് വേണ്ടിയാണ് വാനിന്റെ നിരക്ക് ചോദിക്കുന്നതെന്നുമായിരുന്നു ജിഹാദി വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് നടന്ന ആക്രമണത്തിന്റെ ചിത്രങ്ങളിൽ നിന്നും ഈ ജിഹാദിയെ ചിഗ്ബോ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഇയാളെ തനിക്ക് കഴിഞ്ഞ മൂന്ന് വർഷമായി അറിയാമായിരുന്നുവെന്നും തങ്ങൾ സാധാരണയായി കുശലം പറയുന്നവരായിരുന്നുവെന്നും ചിഗ്ബോ ഓർക്കുന്നു. എന്നാൽ അയാളിൽ നിന്നും ഇതുവരെ സംശയകരമായ യാതൊരു പ്രവർത്തിയുമുണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. ഈ ജിഹാദി ഇതിന് മുമ്പ് കെഎഫ്സിയിൽ ജോലി ചെയ്തിരുന്നുവെന്നും തുടർന്ന് അടുത്ത കാലത്ത് ട്രാൻസ്പോർട്ട് ഫോർ ലണ്ടന് വേണ്ടി ജോലി ചെയ്തിരുന്നുവെന്നും മറ്റൊരു അയൽക്കാരൻ വെളിപ്പെടുത്തുന്നു. എന്നാൽ ഇയാളെ കുറച്ച് മുമ്പ് ഒരു ടിവി ഡോക്യുമെന്ററിയിൽ ഐസിസ് പതാക സഹിതം കണ്ടതിന് ശേഷം താൻ അകലം പാലിക്കാറുണ്ടായിരുന്നുവെന്നും ഈ അയൽക്കാരൻ വെളിപ്പെടുത്തുന്നു.

ആക്രമണത്തിന് ശേഷം പൊലീസ് റെയ്ഡ് നടത്തിയ ഈസ്റ്റ് ലണ്ടനിലെ ബാർക്കിംഗിലെ ഫ്ലാറ്റിലാണ് കുറച്ച് കാലമായി ഈ യുവ ജിഹാദി താമസിച്ച് വന്നിരുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇവിടെ പൊലീസ് നടത്തിയ റെയ്ഡിൽ 12 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു റെയ്ഡ് തുടർന്ന് ഈസ്റ്റ്ഹാമിലും നടന്നിട്ടുണ്ട്. ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ പൊലീസ് 50 വെടിയുണ്ടകൾ അയച്ച് വധിച്ചിരുന്നുവെന്ന് ഇന്നലെ രാവിലെ വെളിപ്പെട്ടിരുന്നു. ഇവരുടെ അരയിൽ ആത്മഹത്യാ ബെൽറ്റുകളുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നാണ് രാജ്യത്തെ കൗണ്ടർ ടെററിസം തലവൻ വെളിപ്പെടുത്തുന്നത്.

മാഞ്ചസ്റ്ററിൽ നിന്നും പറന്നുയർന്ന ആർഎഎഫ് വിമാനങ്ങൾ സിറിയയിലെ ഐസിസ് താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമെന്നോണമാണ് ലണ്ടൻ ആക്രമണത്തെ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുകൂല സോഷ്യൽ മീഡിയ യൂസർമാർ അവകാശപ്പെടുന്നതെന്നാണ് സൈറ്റ് ഇന്റലിജൻസ് മോണിറ്ററിങ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. ലണ്ടൻ ബ്രിഡ്ജിൽ നടന്നത് പോലുള്ള നിരവധി ആക്രമണങ്ങൾ ബ്രിട്ടനിൽ അരങ്ങേറാനുള്ള ഭീഷണി മുമ്പില്ലാത്ത വിധം വർധിച്ചിരിക്കുന്നുവെന്ന് ഇന്നലെ രാവിലെ പ്രധാനമന്ത്രി തെരേസ മെയ്‌ മുന്നറിയിപ്പേകിയിരുന്നു. വെസ്റ്റ്മിൻസ്റ്റർ, മാഞ്ചസ്റ്റർ, എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് ഈ വർഷം നടന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ശനിയാഴ്ച ലണ്ടൻ ബ്രിഡ്ജിലും ബറോ ഹൈസ്ട്രീറ്റിലും അരങ്ങേറിയിരിക്കുന്നത്.

ഈ മുന്ന് ആക്രമണങ്ങളും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും തീവ്രവാദമാണ് ഇതിന്റെ അടിസ്ഥാനമെന്ന് ഡൗണിങ് സ്ട്രീറ്റിന് പുറത്ത് സംസാരിക്കവെ തെരേസ ഇന്നലെ വ്യക്തമാക്കിയിരുന്നു. പരുക്കേറ്റ 48 പേരിൽ 36 പേർ നിലവിൽ സെൻട്രൽ ലണ്ടൻ ഹോസ്പിറ്റലുകളിലാണ് ചികിത്സയിൽ കഴിയുന്നതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തുന്നു.