തൊഴിൽ തേടി യുകെയിൽ എത്തുന്ന വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർ രാജ്യത്തിന് കനത്ത തലവേദനയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരക്കാർ ജോലിയും കൂലിയുമില്ലാതെ തലചായ്ക്കാൻ ഇടംപോലുമില്ലാതെ യുകെയിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന സംഭവങ്ങൾ ഇതിന് മുമ്പ് ഏറെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അക്കൂട്ടത്തിൽ ചേർക്കാവുന്ന സംഭവമിതാ ഇപ്പോൾ മാഞ്ചസ്റ്ററിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മാഞ്ചസ്റ്ററിലെ സബ് വേകളിലും തെരുവിലും ചെറിയ ഷെഡ് കെട്ടി താമസിക്കുന്ന യൂറോപ്യന്മാരുടെ എണ്ണം പെരുകുകയാണ്. തൊഴിൽ ഇല്ലാത്ത യൂറോപ്യൻ പൗരന്മാർ മൂന്നാം ലോകത്തിന്റെ സ്ഥിതിയിലേക്ക് ബ്രിട്ടനെ നയിക്കുന്നത് ഇങ്ങനെയാണെന്ന് മാഞ്ചസ്റ്ററിൽ പോകുന്ന ആർക്കും മനസിലാകും.

മാഞ്ചസ്റ്ററിലെ തിരക്കേറിയ റോഡുകളിലൊന്നിന്റെ അടിയിലുള്ള ടണലിൽ അടക്കം ഇത്തരത്തിൽ യൂറോപ്യൻ പൗരന്മാർ അന്തേവാസികളായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സോഫകൾ, ബ്ലാങ്കറ്റുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവർ ഇവിടെ താസമസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കാരിയേജ് വേയിലൂടെ നടന്ന് പോകുന്നവർക്ക് ഇത്തരത്തിലുള്ള പരിതാപകരമായ അവസ്ഥയിൽ നിരവധി പേർ ടണലിൽ കഴിയുന്നുണ്ടെന്ന് പെട്ടെന്ന് മനസിലാക്കാനാവില്ല. ഇവിടെ നിർമ്മിച്ച് കൊണ്ടിരിക്കുന്ന പുതി അപാർട്ട്മെന്റ് കോംപ്ലക്സിനടുത്താണ് ടോലികും വലെറിയും ഇത്തരത്തിൽ നരകയാതനകളിൽ കഴിയുന്നത്. ഈ അപാർട്ട്മെന്റിൽ ഒരു ഫ്ലാറ്റിനുള്ള വിലയായി വാങ്ങുന്നത്. ഏതാണ്ട് 365,000 പൗണ്ടാണ്.

ലിത്വാനിയക്കാരായ ടോലികും വലെറിയും താമസിക്കുന്നത് ഇരുണ്ട ടണലിൽ വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ്. തറയിൽ പൊട്ടിയ ബോട്ടിലുകളും ടിൻ കാനുകളും ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ വസ്ത്രങ്ങൾ അഴുക്കാകാതിരിക്കാൻ അവ ഉയരത്തിൽ തൂക്കിയിരിക്കുന്നു. എന്നാൽ തങ്ങൾ തെരുവിൽ ജീവിക്കുന്നവരെ പോലെയല്ല ഇവിടെ കഴിയുന്നതെന്നും മറിച്ച് തങ്ങൾക്കൊരു സോഫയും കിടക്കയുമുള്ളതിനാൽ സുഖകരമാണെന്നും ഇവർ വെളിപ്പെടുത്തുന്നു. ഹോസ്റ്റലുകളിൽ പോയി താൻ ആഴ്ചയിൽ മൂന്ന് പ്രാവശ്യം കുളിക്കാറുണ്ടെന്നും ടോലിക് വെളിപ്പെടുത്തുന്നു. തങ്ങൾ നിരവധി മാസങ്ങളായി ഈ താൽക്കാലിക താമസസ്ഥലത്ത് കഴിയുന്നുവെന്നാണ് വലെറി പറയുന്നത്.

ഇത്തരത്തിൽ മാഞ്ചസ്റ്ററിലെ തെരുവുകളിൽ എട്ട് താൽക്കാലിക താമസസ്ഥലങ്ങൾ കൂടി തന്റെ അറിവിലുണ്ടെന്നാണ് ടോലിക് വെളിപ്പെടുത്തുന്നത്. താൻ നിയമാനുസൃതമായി ആദ്യം യുകെയിൽ തൊഴിൽ തേടി എട്ട് വർഷങ്ങൾക്ക് മുമ്പ് എത്തിയപ്പോൾ ഇത്തരത്തിലൊരു സാഹര്യത്തിൽ തെരുവിൽ കഴിയേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നാണ് ടോലിക് പറയുന്നത്. 2004ൽ ലിത്വാനിയ യൂറോപ്യൻ യൂണിയനിൽ ചേരുമ്പോൾ ടോലിക് തന്റെ രാജ്യത്ത് ജോലി ചെയ്ത് വരുകയായിരുന്നു. ഇതേ ജോലി ഛഇംഗ്ലണ്ടിലും ചെയ്യാമെന്ന പ്രതീക്ഷയോടെയായിരുന്നു ഇവിടെയെത്തിയിരുന്നത്.

 

എന്നാൽ തുടർന്ന് ജോലി കണ്ടെത്താൻ കഴിയാഞ്ഞതിനാൽ മാസങ്ങൾക്കകം കിടപ്പാടമില്ലാതെയാകുകയായിരുന്നു. വീട്ടിലേക്ക് പണമയക്കുന്നത് മുടങ്ങുകയും ചെയ്തു. പിന്നീട് തൊഴിലവസരം വർധിപ്പിക്കാനായി ടോലിക് ഇംഗ്ലീഷ് പഠിക്കാനാരംഭിക്കുകയും ചെയ്തിരുന്നു. കുറച്ച് പണം ലഭിച്ചാൽ താൻ ലിത്വാനിയയിലേക്ക് മടങ്ങിപ്പോകുമെന്നും തനിക്കൊരു സാധാരണ ജീവിതം നയിക്കണമെന്നും ടോലിക് വെളിപ്പെടുത്തുന്നു. തങ്ങൾ ഒന്നിനെയും പേടിക്കുന്നില്ലെന്നാണ് വലേറി പ്രതികരിച്ചിരിക്കുന്നത്. മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം നരകയാതനകൾ അനുഭവിച്ചാണെങ്കിലും ഇവിടെ കഴിയുന്നതാണ് ഭേദമെന്നാണ് വലേറി പറയുന്നത്. ഇവിടെ എന്തില്ലെങ്കിലും നല്ല സ്വാതന്ത്ര്യമാണ് അനുഭവിക്കാൻസാധിക്കുന്നതെന്നും വലേറി അഭിപ്രായപ്പെടുന്നു. ഒരു സുഹൃത്തിന്റെ ക്ഷണത്തെ തുടർന്ന് യുകെയിലെത്തിയ വലേറി തുടർന്ന് മൂന്ന് മാസക്കാലം ഒരു ചിക്കൻ ഫാക്ടറിയിൽ ജോലി ചെയ്തെങ്കിലും പിന്നീട് തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. പ്രഫഷണൽ ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ എട്ട് വർഷമായി വീടില്ലാതെ തെരുവിലാണ് കഴിയുന്നത്. ഇത്തരത്തിൽ മാഞ്ചസ്റ്ററിൽ തെരുവിൽ കഴിയുന്ന യൂറോപ്യന്മാരുടെ എണ്ണം വർധിച്ച് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.