ലണ്ടൻ: എപ്പോൾ വേണമെങ്കിലും ഭീകരാക്രണം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് ഇംഗ്ലണ്ടും യൂറോപ്പിലെ മറ്റു രാജ്യങ്ങളും. അതുകൊണ്ടുതന്നെ ഓരോ സംഭവത്തെയും അവർ കൈകാര്യം ചെയ്യുന്നത് അതിസൂക്ഷ്മതയോടെയാണ്. വാഹനങ്ങൾ നിരപരാധികളുടെ മേലേക്ക് ഓടിച്ചുകയറ്റുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെ, ഏത് വാഹനാപകടത്തിലും സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം പരിശോധിക്കുന്നത് ഭീകരാക്രമണ സാധ്യതയുടെ സൂചനകളുണ്ടോ എന്നതാണ്.

ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് സമീപം പാവ്‌മെന്റിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അക്രമി നിരപരാധികളുടെ നേർക്ക് കാറോടിച്ചുകയറ്റി എന്നാണ് ആദ്യം പൊലീസ് കരുതിയത്. വെസ്റ്റ് കെൻസിങ്ടൺ ഭാഗത്ത് വിനോദസഞ്ചാരികൾ ഏറെയെത്തുന്നതിനാൽ, ആക്രമണസാധ്യത കൂടുതാണെന്നും അധികൃതർ കരുതി. ഈ വർഷം ഇതിന് മുമ്പ് വാഹനമുപയോഗിച്ച് നാല് ആക്രമണങ്ങൾ നടന്നിട്ടുള്ളതിനാൽ, സംഭവത്തെ അതിഗൗരവത്തോടെയാണ് തുടക്കത്തിൽ അധികൃതർ സമീപിച്ചത്.

ആളുകളുടെ നേർക്ക് വാഹനം പാഞ്ഞുകയറുന്നതുകണ്ട് സ്ഥലത്തുണ്ടായിരുന്ന വനിതാപൊലീസ് ആളുകളോട് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ടു. എന്നിട്ടും 11 പേർക്ക് പരിക്കേറ്റു. മൂന്ന് യുവതികളെയുംകൊണ്ട് സഞ്ചരിക്കുകയായിരുന്ന ടാക്‌സി കാറാണ് അപകടത്തിൽപ്പെട്ടത്. ആളുകളുടെ നേർക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാർ, പാവ്‌മെന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മറ്റൊരു ഭീകരാക്രമണമെന്നുറപ്പിച്ച് ആളുകൾ അലമുറയിട്ടുകൊണ്ട് നെട്ടോട്ടമോടുന്നതിനിടെ, ചിലർ ഡ്രൈവറെ കീഴ്‌പ്പെടുത്താൻ രംഗത്തെത്തി. .

മോഡൽ കൂടിയായ ഒലിവർ ചെഷയർ ഇതേസമയം തൊട്ടടുത്ത് തന്റെ ജാഗ്വർ കാറിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. അപകടം കണ്ടയുടർ ഒലിവർ ചാടിപുറത്തിറങ്ങി. ഏതാനും വഴിയാത്രക്കാരും ഒപ്പംകൂടി. ഡ്രൈവറെ കീഴ്‌പ്പെടുത്താനായി ഇവർ എത്തിയപ്പോൾ, നിയന്ത്രണം വിട്ട് കരയുന്ന ഡ്രൈവറെയാണ് കണ്ടത്. ഇയാൾ ഊബർ ടാക്‌സി ഡ്രൈവറാണെന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്ന് യുവതികളിലൊരാൾ പറഞ്ഞു.

ഇതിനിടെ, പൊലീസിന് ആരോ ഫോൺ ചെയ്തു. തീവ്രവാദ വിരുദ്ധ സേന അതിവേഗം സ്ഥലത്തെത്തുകയും സംഭവസ്ഥലം വളയയുകയും ചെയ്തു. കാറോടിച്ചിരുന്ന 40 വയസ്സ് പ്രായം തോന്നിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. കറുത്ത നിറത്തിലുള്ള ടൊയോട്ട പ്രിയൂസ് വിഭാഗത്തിൽപ്പെട്ട കാറാണ് അപകടമുണ്ടായത്. പാവ്‌മെന്റിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് ഒരു വോ്ക്‌സോളിസും ചെഷയറുടെ ജാഗ്വറിലും ഈ വാഹനം ഇടിച്ചിരുന്നു.

അപകടമുണ്ടായ ഉടനെ എല്ലാ മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തുള്ള ട്യൂബ് ട്രെയിൻ സ്റ്റേഷനുകളും കനത്ത ബന്തവസ്സിലാക്കി. അസിസ്റ്റന്റ് മെറ്റ് കമ്മിഷണർ മാർക്ക് റൗലി ലണ്ടൻ മേയർ സാദിഖ് ഖാന് സംഭവത്തിന്റെ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. വിശദമായ പരിശോധനകൾക്കുശേഷം സംഭവം ഒരു സാധാരണ അപകടം മാത്രമാണെന്നും ഭീകരാക്രമണ സാധ്യതയില്ലെന്നും ഭീകര വിരുദ്ധ സേന സ്ഥിരീകരിച്ചു. ഇതോടെ, വലിയൊരു ആശങ്കയിൽനിന്ന് ലണ്ടൻ മോചിതമാവുകയും ചെയ്തു.