ലണ്ടൻ: മെയ്‌ 22ന് മാഞ്ചസ്റ്റർ അരീനയിൽ സൽമാൻ അബേദിയെന്ന ജിഹാദി നടത്തിയ ചാവേറാക്രമണത്തിൽ നിന്നുമുള്ള ഞെട്ടലിൽ നിന്നും ബ്രിട്ടൻ മോചനം നേടുന്നതിന് മുമ്പ് ലണ്ടനിൽ വീണ്ടുമൊരു ഭീകരാക്രമണം നടന്നു. ലണ്ടൻ ബ്രിഡ്ജിലൂടെ വെള്ള വാൻ ഇരച്ച് കയറ്റി ഇരുപതോളം പേർക്ക് പരുക്കേൽപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ 20 പേർക്ക് കത്തിക്കുത്തേറ്റുവെന്നും സൂചനയുണ്ട്. ആക്രമണത്തിൽ ആറു  പേർ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് 12 ഇഞ്ച് നീളമുള്ള വേട്ടക്കത്തി കൊണ്ട് വാനിലുള്ളവർ വഴിയാത്രക്കാരെ കുത്തുകയായിരുന്നുവെന്നാണ് സൂചന. ആക്രമണത്തിനിടയിൽ ഇത് അള്ളാഹുവിന് വേണ്ടിയുള്ളതാണെന്ന് ഭീകരർ ഉച്ചത്തിൽ വിളിച്ച് പറഞ്ഞിരുന്നു.

മെഡിറ്ററേനിയൻ വംശജരായ മൂന്ന് പേരാണ് വാനിൽ സഞ്ചരിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുകളുണ്ട്. ലണ്ടൻ ബ്രിഡ്ജിന് മുകളിലൂടെ മണിക്കൂറിൽ 50 മൈൽ വേഗതയിൽ വാൻ ഓടിച്ചിരുന്നവർ തുടർന്ന് വാനിൽ നിന്നും പുറത്തിറങ്ങി സെൻട്രൽ ലണ്ടനിലെ ബറോ ഹൈസ്ട്രീറ്റിലൂടെ സഞ്ചരിച്ചവരെ ലക്കും ലഗാനുമില്ലാതെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം നടന്നത്. ലണ്ടൻ ബ്രിഡ്ജിന് മുകളിൽ നിന്നും തൊണ്ടയ്ക്ക് വെട്ടേറ്റ് ചോരയൊലിപ്പിച്ച് നീങ്ങുന്ന മൂന്ന് പേരെ കണ്ടിരുന്നുവെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കത്തിക്കുത്തേറ്റ് നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സൂചനയുണ്ട്.

കാൽനടയാത്രക്കാരിലൊരാൾക്ക് വെടിവയ്പിൽ തലയ്ക്ക് വെടിയേറ്റിട്ടുണ്ടെന്നും ചുരുങ്ങിയത് ഏഴ് പേർക്കെങ്കിലും കുത്തേറ്റിരുന്നുവെന്നും സൂചനകളുണ്ട്. ഒരാൾ ലണ്ടൻ ബ്രിഡ്ജിന് മുകളിൽ വച്ച് കൊല്ലപ്പെട്ടതായും മറ്റൊരാൾ ഗുരുതരമായി ആശുപത്രിയിലായതായും ഒരു പൊലീസ് ഓഫീസർ പറയുന്നു. വെള്ള വാനിലുണ്ടായിരുന്ന ഭീകര സംഘങ്ങൾ നെഞ്ചിൽ ലോഹം കൊണ്ടുള്ള കാനിസ്റ്ററുകൾ ധരിച്ചിരുന്നു. ഇവരിൽ രണ്ട് പേരെ സായുധ പൊലീസ് വെടി വച്ച് കൊന്നിരുന്നുവെന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നു. മൂന്നാമത്തെ ആക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ആക്രമം അഴിച്ച് വിടുന്നതിനിടയിൽ ഈ സംഘം ബറോ മാർക്കറ്റിന് സമീപത്തെ പബിലേക്കും ഇരച്ച് കയറിയിരുന്നു. ഇവിടെയുള്ള ഒരാൾക്ക് നെഞ്ചിന് അഞ്ച് പ്രാവശ്യം കുത്തേറ്റിരുന്നു. സൗത്ത് ലണ്ടനിലെ വൗക്സ്ഹാളിലും ഈ സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു കത്തിക്കുത്തും നടന്നന്നതായി സൂചനയുണ്ട്. ബറോ ഹൈ സ്ട്രീറ്റിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സൗത്ത് വാർക്ക് സ്ട്രീറ്റിൽ വെടി വയ്പ് നടന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 50 സായുധ പൊലീസുകാർ മോനുമെന്റ് സ്റ്റേഷനിലേക്ക് ഇരച്ച് കയറുകയും ആക്രമ ഭീഷണിയെത്തുടർന്ന് ഇവിടെയുള്ളവരോട് ഓടി രക്ഷപ്പെടാനും സുരക്ഷിത താവളങ്ങളിൽ മറഞ്ഞിരിക്കാനും പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻകരുതലായി ബാങ്ക്, മോനുമെന്റ് ട്യൂബ് സ്റ്റേഷനുകൾ അടച്ച് പൂട്ടുകയും ചെയ്തിരുന്നു.

ലണ്ടൻ ബ്രിഡ്ജ് കോർഡനിൽ താമസിക്കുന്നവരോട് സാധ്യമാണെങ്കിൽ ഇന്നലെ രാത്രി മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കാൻ പൊലീസ് സുരക്ഷാ മുന്നറിയിപ്പേകിയിരുന്നു. ആക്രമം നടന്നതിനെ തുടർന്ന് പൊലീസ് ഓഫീസർമാർ ഇടപെടുന്നതും പരിഭ്രാന്തരായ വഴിയാത്രക്കാർ പരക്കം പായുന്നതുമായ ഫൂട്ടേജുകൾ പുറത്ത് വന്നിട്ടുണ്ട്. ഈ പ്രദേശത്ത് നിരവധി സർവീസുകൾ സേവനം ലഭ്യമാക്കി വരുന്നുവെന്നാണ് ലണ്ടൻ ആംബുലൻസ് സർവീസ് വെളിപ്പെടുത്തുന്നത്. ലണ്ടൻ ബ്രിഡ്ജിലും ബറോ മാർക്കറ്റിലും നടന്നത് തികച്ചും ആസൂത്രിതമായ രീതിയിലുള്ള ആക്രമണങ്ങളായിരുന്നു. തെയിംസ് നദിയുടെ തെക്ക് ഭാഗത്താണീ രണ്ട് ആക്രമണങ്ങളും നടന്നിരിക്കുന്നത്.

ആക്രമണത്തിന് ശേഷം ലണ്ടൻ ബ്രിഡ്ജ് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയും പൊലീസ് കസ്റ്റഡിയിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതയാണ് പുലർത്തി വരുന്നത്. എസ് ആകൃതിയിൽ ലണ്ടൻ ബ്രിഡ്ജിന് മുകളിലൂടെ വെളുത്ത വാൻ ആക്രമികൾ നിയന്ത്രണമില്ലാത്ത രീതിയിൽ ഓടിക്കുകയും വഴിയാത്രക്കാർക്ക് നേർക്ക് ഓടിച്ച് കയറ്റുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.