ലണ്ടൻ: ഇന്നലെ രാത്രി ലണ്ടൻ ബ്രിഡ്ജിന് മുകളിലൂടെ അപകടകരമായ രീതിയിൽ വെളുത്ത വാൻ ഓടിച്ചും ബറോ മാർക്കറ്റിലിറങ്ങി കത്തിക്കുത്ത് നടത്തിയും ആക്രമണങ്ങൾ നടത്തുകയും ചെയ്ത അഞ്ച് ഭീകരർ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമായി. തെരുവിലൂടെ മതഭ്രാന്ത് മൂത്ത് നടന്ന ഇവർ അൽപവസ്ത്രധാരിണികളായ സ്ത്രീകളെ തെരഞ്ഞ് പിടിച്ചാണ് കത്തിക്കുത്തിന് വിധേയരാക്കിയതെന്നും സൂചനയുണ്ട്. ആക്രമണ അഴിച്ച് വിട്ട ഭീകരരിൽ രണ്ട് പേരെ പൊലീസ് വെടിവച്ച് കൊന്നിട്ടുണ്ട്. ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നുണ്ട്. 12 ഇഞ്ച് വലുപ്പമുള്ള കത്തിയുമായി തെരുവിൽ ഓടി നടന്ന് കണ്ണിൽ കണ്ടവരെയെല്ലാം കുത്തിയ ആളെ എങ്ങനെയെങ്കിലും കണ്ടു പിടിക്കാനുള്ള ജാഗ്രതയോടെയുള്ള തെരച്ചിലിലാണ് പൊലീസ്.

ലണ്ടൻ ബ്രിഡ്ജിന് മുകളിലൂടെ മണിക്കൂറിൽ 50 മൈൽ വേഗതയിൽ ലക്കും ലഗാനുമില്ലാതെ കാറോടിച്ച് നിരവധി പേർക്ക് പരുക്കേൽപ്പിച്ച ഭീകരർ പിന്നീട് പുറത്തിറങ്ങിയായിരുന്നു കത്തിക്കുത്ത് നടത്തിയത്. അള്ളാഹുവിന് വേണ്ടി നടത്തുന്ന ആക്രമണമാണിതെന്ന് ഇവർ ഉച്ചത്തിൽ വിളിച്ച് പറയുന്നുമുണ്ടായിരുന്നു. ബറോ മാർക്കറ്റിലിറങ്ങി മുമ്പിൽ പെട്ടവരെയെല്ലാം കത്തി കൊണ്ട് വെട്ടുകയും കുത്തുകയും ചെയ്ത ഈ മെഡിറ്ററേനിയൻ ഭീകരർ സമീപത്തെ പബുകളിലേക്കും റസ്റ്റോറന്റുകളിലേക്കും ഇരച്ച് കയറി അവിടങ്ങളിലുള്ളവരെയും ആക്രമിച്ചിരുന്നു.

പബിലുള്ള ഒരാൾക്ക് നെഞ്ചിന് അഞ്ച് വട്ടം കുത്തേറ്റിരുന്നു. കറുത്ത തൊലിയുള്ളതും റെഡ് ട്രാക്ക് സ്യൂട്ട് ധരിച്ചതുമായ ഒരു ഭീകരർ മറ്റൊരാളെ മൂന്ന് പ്രാവശ്യം കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ പെട്ട ഒരു ഭീകരനെ ബറോ ഹൈസ്ട്രീറ്റിൽ വച്ച് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. വീറ്റ്ഷെഫ് പബിന് പുറത്ത് വച്ചാണ് ഇതിൽ ഒരു ഭീകരനെ പൊലീസ് വെടിവച്ചതെന്നും വെടിയേറ്റിട്ടും അയാൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെന്നും ദൃക്സാക്ഷികളിലൊരാൾ വെളിപ്പെടുത്തുന്നു. ബി&ക്യൂ ആൻഡ് ഹെർട്സ് വാനാണ് ഭീകരർ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

വാനിന്റെ മുൻ സീറ്റിൽ മൂന്ന് ഭീകരരായിരുന്നു ഇരുന്നതെന്നാണ് ലണ്ടൻ ബ്രിഡ്ജിലെ ദൃക്സാക്ഷികളിലൊരാളായ എറിക് സെഗ്യൂൻസോ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. വാൻ റോഡിന്റെ റോംഗ് സൈഡിലൂടെയായിരുന്നു മരണക്കുതിപ്പ് നടത്തിയതെന്നും വെളിപ്പെടുത്തലുണ്ട്. ഇതിന്റെ ബേക്ക് താറുമാറായ നിലയിലുമായിരുന്നു. സംഭവത്തെ തുടർന്ന് എസ്എഎസിന്റെ വൈറ്റ് ഹെലികോപ്റ്റർ ലണ്ടൻ ബ്രിഡ്ജ് പരിസരത്ത് വിന്യസിച്ചിരുന്നു. വാനിൽ നിന്നും തുടക്കത്തിൽ പുറത്തിറങ്ങിയ ഒരു ഭീകരൻ വഴിയാത്രക്കാരെ തൊഴിക്കുകയും ഇടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തിരുന്നു.

പിന്നീട് മറ്റുള്ളവരും പുറത്തിറങ്ങി ആക്രമണം വർധിപ്പിക്കുകയായിരുന്നു. തുടക്കത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് ലണ്ടൻ ബ്രിഡ്ജിന് സമീപം ഉച്ചത്തിലുള്ള രണ്ട് സ്ഫോടനങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെ തുടർന്ന് അപകടമൊന്നുമുണ്ടായില്ലെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.