- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശൂന്യമായ ട്യുബുകളും മരുഭൂമിയായ ഷോപ്പിങ് മാളുകളും ലണ്ടനിൽ പുതുമയായി; ടയർ-4 നിയന്ത്രണം പ്രഖ്യാപിച്ച സറേയുടെ തൊട്ടടുത്തുള്ള സസ്സെക്സിലെ ഹോർഷൻ ടൗണിലേക്ക് ഷോപ്പിംഗിന് ഇടിച്ചു തള്ളിയെത്തിയത് ആയിരങ്ങൾ; രണ്ട് മണിക്കൂർ കൊണ്ട് വിവാഹം നിശ്ചയം നടത്തി ലോക്ക്ഡൗണിനെ മറികടന്നു ദമ്പതിമാർ
ലണ്ടൻ: ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന ചില്ലറവില്പന ശാലകൾ ഉൾപ്പടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. ജനങ്ങൾ പുറത്തിറങ്ങുന്നതിനും നിയന്ത്രണമായതോടെ ലണ്ടനിൽ ഒരു പ്രേതനഗരത്തിന്റെ പ്രതീതിയായി.ആളൊഴിഞ്ഞ തെരുവുകളും, തിരക്കില്ലാത്ത ട്യുബ് ട്രെയിനുകളും ഓർമ്മിപ്പിച്ചത്, യുദ്ധാനന്തരം ആളോഴിഞ്ഞ ഒരു പുരാതന നഗരത്തെയാണ്. ഇന്നലെ മുതലാണ് ലണ്ടൻ നഗരം ഉൾപ്പടെ ഇംഗ്ലണ്ടിന്റെ മൂന്നിൽ ഒരു ഭാഗം പ്രദേശങ്ങളിൽ ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ ലണ്ടനിലെ വാണിജ്യമേഖലകളിൽ വമ്പൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. അതോടൊപ്പം തന്നെ നഗരം വിട്ടുപോകുവാനും ആയിരക്കണക്കിന് ആളുകൾ ധൃതികൂട്ടി. ഇതും തെരുവുകളിൽ വൻ തിരക്കുണ്ടാക്കി. ട്രെയിനുകളെല്ലാം നിറഞ്ഞു കവിഞ്ഞു.സാമൂഹിക അകലം പാലിക്കാൻ കഴിയില്ലെന്നും അത് അസൗകര്യമുണ്ടാക്കുമെന്നുള്ളാർ ട്രെയിനിൽ കയറരുത് എന്നും അനൗൺസ് ചെയ്യുന്ന ഘട്ടം വരെയെത്തി.
എന്നാൽ, ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ദിവസമായിരുന്നു ഇന്നലെ. പോകുവാൻ ഒരിടമില്ലാത്തതിനാൽ ആരും പുറത്തിറങ്ങാതെ റോഡുകൾ ശൂന്യമായി കിടന്നു. ചില്ലറവില്പന ശാലകൾ അടച്ചതോടെ ഷോപ്പിങ് മാളുകളിലും തിരക്കില്ലാതെയായി. യാത്രക്കാരില്ലാതെ ട്രെയിനുകളും. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.
ടയർ-4 സോണുകൾ അടഞ്ഞുകിടന്നപ്പോൾ സമീപ പ്രദേശങ്ങളിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക്
ചിലർ ടയർ-4 മേഖലക്ക് തൊട്ടടുത്തുള്ള മറ്റു പ്രദേശങ്ങളിലേക്ക് ഷോപ്പിംഗിനായി ഒഴുകിയെത്തി. ക്രിസ്ത്മസ്സ് ഷോപ്പിംഗിനായിട്ടായിരുന്നു മിക്കവരും തൊട്ടടുത്തുള്ള ടയർ-2 പ്രദേശങ്ങളിലേക്ക് കടന്നത്. ടയർ-4 മേഖലയായ സറേയിൽ നിന്നും വെറും നാലു കിലോമീറ്റർ മാത്രം ദൂരെയുള്ള വെസ്റ്റ് സസ്സക്സിലെ ഹോർഷാം ടൗണിൽ ഇന്നലെ അഭൂതപൂർവ്വമായ തിരക്കായിരുന്നു. ടയർ-2 മേഖലയായ നോർത്താംപ്ടൺഷയറിന്റെ സ്ഥിതിയും മറിച്ചൊന്നായിരുന്നില്ല. ഇവിടെയും നല്ല തിരക്കായിരുന്നു. റഷ്ഡൻ ലേക്ക്സ് ഷോപ്പിങ് സെന്ററിലെ പാർക്കിങ് സ്പേസ് പൂർണ്ണമായും നിറഞ്ഞു.
ടയർ-4 മേഖലയിൽ ഉള്ളവർ പ്രദേശം വിട്ടുപോകുന്നതിന് വിലക്കുണ്ടെങ്കിലും അതൊന്നും ആരും ഗൗനിക്കുന്നുണ്ടായിരുന്നില്ല. ഓക്സ്ഫോർഡ് സ്ട്രീറ്റും കെന്റിലെ ബ്ലൂ വാട്ടർ ഷോപ്പിങ് സെന്ററുമെല്ലാം ഇന്നലെ മരുഭൂമിയിൽ നിശബ്ദതയണിഞ്ഞപ്പോൾ ഹോർഷാമും നോർത്താംപ്ടൺഷയറുമെല്ലാം സന്ദർശകരെ കൊണ്ട് നിറയുകയായിരുന്നു. ഇത് പുതിയ ഇനം വൈറസിനെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും എന്ന ആശങ്കയുണർത്തുന്നുണ്ട്.
ഓർക്കാപ്പുറത്തൊരു കല്യാണം
വാറ്റ്ഫോർഡിലെ ക്ലോ കോളിൻസും ജെയ്മിയും കഴിഞ്ഞ സെപ്റ്റംബർ 6 ന് വിവാഹിതരാകാന തീരുമാനിച്ചിരുന്നതാണ് എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം അത് നീട്ടിവയ്ക്കേണ്ടതായി വന്നു. പിന്നീട് മൂന്ന് തവണ വിവാഹതീയതി നിശ്ചയിച്ചുവെങ്കിലും അതെല്ലാം തന്നെ മാറ്റിവയ്ക്കേണ്ടതായി വന്നു. വീണ്ടും ഒരു തീയതി നിശ്ചയിക്കാനിരിക്കെയാണ് ബോറിസ് ജോൺസൺ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.
ഇനിയും കാത്തിരുപ്പ് തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ കമിതാക്കൾ പെട്ടെന്നായിരുന്നു ഒരു തീരുമാനമെടുത്തത്. ഉടൻ വിവാഹിതരാവുക. എഡ്ജ്വെയർ യുണൈറ്റഡ് സിനഗോഗിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങിയ 15 അംഗ സംഘത്തോടൊപ്പം എത്തിയ ഇവർ ആചാരപ്രകാരം വിവാഹിതരായി. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരാൻ വെറും രണ്ടുമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ വിവാഹം. നൂറോളം പേർ ഇതിൽ സൂം ആപ്പ് വഴിയും പങ്കെടുത്തിരുന്നു.
മറുനാടന് ഡെസ്ക്