24 നിലകളുള്ള ലണ്ടനിലെ ഗ്രെൻഫെലൽ ടവറിന് തീപിടിച്ച് 17 പേർമരിച്ചു വെന്നാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും മരണസംഖ്യ ഇതിലും അധികമാകുമെന്നുറപ്പാണെന്ന് വിവിധ ഉറവിടങ്ങൾ മുന്നറിയിപ്പേകുന്നു. യഥാർത്ഥത്തിൽ അപകടത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ആർക്കും കൃത്യമായി അറിവില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. അഗ്‌നിബാധയിൽ പൊള്ളലേറ്റ് മരിച്ചവരിൽ ഏറെയും പാവപ്പെട്ട ഏഷ്യൻ ആഫ്രിക്കന് വംശജരും സിറിയൻ അഭയാർത്ഥികളുമാണെന്നാണ് റിപ്പോർട്ട്.

സിറിയയിലെ യുദ്ധാന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെട്ട് മികച്ചൊരു ജീവിതം പ്രതീക്ഷിച്ച് ബ്രിട്ടനിലെത്തിയ അഭയാർത്ഥി 23കാരനായ മുഹമ്മദ് അൽഹജാലി മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒപ്പം താമസിച്ചിരുന്ന സഹോദരൻ ഒമാർ രക്ഷപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷം മുമ്പായിരുന്നു എൻജിനീയറിങ് വിദ്യാർത്ഥിയായ മുഹമ്മദ് ബ്രിട്ടനിലെത്തിയിരുന്നത്. രക്ഷപ്പെട്ട 25കാരനായ ഒമാർ ബിസിനസ് സ്റ്റുഡന്റാണ്. സിറിയ സോളിഡാരിറ്റി കാംപയിൻ കോ ഫൗണ്ടറായ അബ്ദുൾ അസീസ് അൽമാഷി മുഹമ്മദിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഈ സംഘടനക്കൊപ്പം ചേർന്ന് പ്രവർത്തിച്ചത് അസീസ് ഓർക്കുന്നു.

24 നിലകളുള്ള ഈ ടവറിൽ 600 പേരായിരുന്നു താമസിച്ചിരുന്നത്. പരുക്കേറ്റ 37 പേർ നിലവിൽ ചികിത്സയിലാണ്. ഇവരിൽ 17 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. കാണാതായവരിൽ മൂന്ന് ചെറിയ പെൺകുട്ടികളടക്കമുള്ള കുടുംബവുമുൾപ്പെടുന്നു. 18ാം നിലയിൽ കട്ടിയേറിയ പുക കയറിയതിനെ തുടർന്ന് അഞ്ച് വയസുകാരനായ കുട്ടി ഐസക്ക് ഷാവോയെ കാണാതായിട്ടുണ്ട്. അതിന് ഏതാനും മിനുറ്റുകൾ്ക്ക് മുമ്പ് തനിക്ക് മരിക്കാൻ ഇഷ്ടമില്ലെന്ന് ഈ കുട്ടി അമ്മയോട് വേദനയോടെ പറഞ്ഞിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. രക്ഷപ്പെടുന്നതിനിടയിൽ കുട്ടിയുടെ കൈ ഒരു അയൽക്കാരൻ പിടിച്ചിരുന്നുവെങ്കിലും പുകയിൽ കൈവിട്ട് പോവുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും സഹോദരൻ ലുക്കയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

രക്ഷപ്പെടുന്നതിനിടയിൽ തങ്ങളുടെ ആറ് മാസം പ്രായമായ കുട്ടിയെ കാണാതായെന്ന് അമ്മ ഫറാഹ് ഹംദാൻ വേദനയോടെ വെളിപ്പെടുത്തുന്നു. ദുരന്തത്തിന് ഇരയായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിവരുടെ മകളെന്നാണ് സൂചന. ഇതിന് പുറമെ കുട്ടിയുടെ അച്ഛനെയും കാണാതായിട്ടുണ്ട്. ഇവരുടെ മറ്റ് മക്കളായ 10 വയസുള്ള മലെക് ബെൽകാഡിയും ആറ് വയസുള്ള താംസിൻ ബെൽകാഡിയും രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങൾക്ക് അധികൃതരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് ഹാംദാന്റെ കസിൻ പരാതിപ്പെട്ടിട്ടുണ്ട്. മിർന, ഫാത്തിമ, സയ്നാബ് ചൗകയർ എന്നീ സഹോദരിമാരായ പെൺകുട്ടികളെയും അവരുടെ മാതാപിതാക്കളായ നദിയ, ബാസെ എന്നിവരെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ ബന്ധുക്കൾ ആശുപത്രികൾ കയറിയിറങ്ങുന്നുണ്ട്.

യുവ ഇറ്റാലിയൻ ദമ്പതികളായ ഗ്ലോറിയ ട്രെവിസൻ, മാർകോ ഗോട്ടാർഡി എന്നിവരും കാണാതായവരിൽ ഉൾപ്പെടുന്നു. ഇവർ അടുത്തിടെയായിരുന്നു ടവറിന്റെ 23ാം നിലയിൽ താമസിക്കാൻ തുടങ്ങിയിരുന്നത്. ബുധനാഴ്ച അതിരാവിലെയായിരുന്നു അവസാനമായി ഇവരുടെ ഫോൺ കാൾ ലഭിച്ചതെന്ന് കുടുംബക്കാരും സുഹൃത്തുക്കളും വെളിപ്പെടുത്തുന്നു. 21ാം നിലയിൽ വസിച്ചിരുന്ന അബ്ദുൽ അസീസ് വഹാബി, ഭാര്യ ഫൗസിയ, മക്കളായ യാസിൻ, നുർ ഹുദ, മെഹ്ദി എന്നിവരും മരിച്ചുവെന്നാണ് വിശ്വസിക്കുന്നത്. 17ാംനിലയിൽ വസിച്ചിരുന് സബാഹ് അബ്ദുള്ള രക്ഷപ്പെട്ടിരുന്നു. എന്നാൽ തന്റെ ഭാര് ഖദീജ മരിച്ചുവെന്നാണിദ്ദേഹം ഭയപ്പെടുന്നത്