ലണ്ടൻ: പതിവു തെറ്റിക്കാതെ ലണ്ടനിലെ ജിസിഎസ് ഇ പരീക്ഷയിലെ മലയാളി തിളക്കം തുടരുകയാണ്. ഏറ്റവും വലിയ വിജയം കാർഡിലെ ലിറ്റിൽ എയ്ഞ്ചൽസ് ജെം പിപ്‌സിന്റെയും ലണ്ടൻഡെറിയിലെ ബ്ലസി ബിജിയും ആയിരുന്നെങ്കിൽ ആ വിജയങ്ങളുടെതിന് സമാനമായ എ സ്റ്റാർ പ്രകടനത്തിന്റെ റിപ്പോർട്ടാണ് ഇന്നു പുറത്തുവരുന്നത്. 15ൽ 14 എ സ്റ്റാറുകൾ നേടിയുള്ള ജെം പിപ്‌സിനെയും 11. 11 എ സ്റ്റാറുകൾ നേടികൊണ്ടുള്ള ബ്ലസിയുടെയും പ്രകടനത്തിനൊപ്പമാണ് ലിവർപൂളിലെ കോളിന്റെയും സ്ഥാനം. കോളിൻ 14 വിഷയങ്ങൾ എഴുതി 14 നും എ സ്റ്റാർ നേടിയാണ് ചരിത്രം കുറിച്ചത്.

അത്യപൂർവ്വമായ വിജയ ഗാഥകളുടെ കഥകളാണ് ഇക്കുറിയും യുകെയിലെ മലയാളികളിൽ നിന്നും കേൾക്കുന്നത്. ഒട്ടേറെ മലയാളികൾ അവർ പഠിച്ച കോളേജുകളിൽ ഒന്നാമതായിരിക്കുകയാണ്. ഒൻപതും പത്തും എ സ്റ്റാറുകൾ ഏറ്റവും കുറഞ്ഞത് രണ്ടു ഡസൻ മലയാളി പ്രതിഭകൾക്കെങ്കിലും ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മിക്ക മലയാളി കുട്ടികളെ കുറിച്ചും പ്രാദേശിക പത്രങ്ങളിൽ വാർത്തകളും വരുന്നുണ്ട്. ജിസിഎസ്ഇ എടുത്ത് പഠിച്ചിരുന്ന 14 വിഷയങ്ങളിൽ 14 നും എ സ്റ്റാർ വാങ്ങിയാണ് ലിവർപ്പൂളിലെ കോളിൻ തിളങ്ങുന്നത്. ഈ അപൂർവ്വ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ലിവർപ്പൂളിലെ മലയാളി സമൂഹം. ലിവർപൂളിലെ ബ്ലൂ കോട്ട് സ്‌കൂളിലാണ് കോളിൻ പഠിച്ചിരുന്നത്.

സ്‌കൂളിലെ തന്നെ മികച്ച വിജയമാണ് കോളിൻ കൈപിടിയിലൊതുക്കിയത്. ഭാവി പഠന പരിപാടികൾക്ക് പൂർണ്ണ തീരുമാനിമായിട്ടില്ലെന്നാണ് കോളിൻ പറയുന്നത്. കോളിന്റെ ഏക സഹോദരൻ ഫ്രെഡ്‌വിൻ മുൻ വർഷങ്ങളിൽ ജിസിഎസ്ഇയിലും എ ലവലിലും ഉന്നത വിജയം കരസ്ഥമാക്കി ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥിയാണ്. എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് നിന്നുള്ള ഫ്രാൻസിസ് മറ്റത്തിലിന്റെയും ഡെന്നയുടെയും മകനാണ് കോളിൻ.

പത്ത് എ സ്റ്റാർ നേടി എറിക്ക നിധിരി

പത്ത് എ സ്റ്റാറും 3 എയുമാണ് സ്വിണ്ടനിലെ എറിക്ക നിധിരി നേടിയത്. മാത്സ്, ഫർതർ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, എക്കണോമിക്‌സ്, ഫ്രഞ്ച്, റിലീജിയസ് സ്റ്റഡിസ്, മ്യുസിക്ക്, ജ്യോഗ്രഫി, ഇറ്റാലിയൻ എന്നിവയിൽ എസ്റ്റാറും, ബയോളജി, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ എയുമാണ് എറിക്ക നേടിയത്. ഐസിറ്റിയിൽ ബിടെക്കുമുണ്ട്. ഗ്ലോസ്റ്ററിലെ ഹൈസ്‌കൂൾ ഫോർ ഗേൾസ് ഗ്രാമർ സ്‌കൂളിലാണ് എറിക്ക പഠിച്ചിരുന്നത്.

മെഡിസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന എറിക്ക തുടർ പഠനം നടത്തുക ചെൽട്ടൻഹാം പേറ്റ്‌സ് ഗ്രാമർ സ്‌കൂളിലാണ്. മാത്സ്, കെമിസ്ട്രി, ബയോളജി, സൈക്കോളജി എന്നിവയാണ് എറിക്ക ഇനി പഠിക്കുക. പഠനത്തിന് പുറമേ പാഠ്യതര വിഷയത്തിന് എറിക്ക ഒരു പ്രതിഭയാണ്. പിയാനോ, ഡ്രാമാ, കർണാടിക് മ്യുസിക്, ഭരതനാട്യം എന്നിങ്ങെനെ എറിക്ക കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. സ്വിണ്ടൻ ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റൺ ടീം അംഗമായിരുന്ന എറിക്ക അണ്ടർ 16 വിൽറ്റ്‌ഷെയർ കൗണ്ടി ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.

റെഡിങ്ങിൽ ഒറക്കിളിൽ ജോലി നോക്കുന്ന ജോസഫ് നിധിരിയാണ് എറിക്കയുടെ പിതാവ്, കാപിറ്റ ഐടി സർവ്വീസിൽ ജോലി ചെയ്യുന്ന റൈമോൾ നിധിരിയാണ് മാതാവ്

പത്ത് എ സ്റ്റാറും രണ്ട് എ ഗ്രേഡ് തിളക്കുമായി റിയ ബിനോയി എബ്രഹാം

പത്ത് എ സ്റ്റാറും രണ്ട് എ ഗ്രേഡും നേടിയാണ് ജിസിഎസ്ഇ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ലണ്ടനിൽ റിയ താരമായത്. കോട്ടയം ചിങ്ങവനം സ്വദേശികളും ഇപ്പോൾ ലണ്ടനിലെ ചിങ്‌ഫോർഡിൽ താമസിക്കുന്നവരുമായ ബിനോയി എബ്രഹാം ജൂലി ദമ്പതികളുടെ മകളാണ് റിയ. എൻഫീൽഡിലെ സെന്റ് ആൻസ് കാത്തലിക് ഹൈ സ്‌കൂൾ ഫോർ ഗേൾസിലാണ് റിയ പഠിച്ചത്.

മാത്തമാറ്റിക്‌സ്, ഫ്രഞ്ച്, ഹിസ്റ്ററി, ഐസിടി, റിലീജിയസ് സ്റ്റഡീസ്, കോർ സയൻസ്, അഡീഷണൽ സയൻസ്, ഫർതർ അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലാഗ്വേജ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലാണ് എ സ്റ്റാർ നേടിയത്. ഇംഗ്ലീഷ് ലിറ്ററേച്ചറിലും ഫിസിക്കൽ എഡ്യുക്കേഷനിലും എ ്രേഗയ്ഡും കരസ്ഥമാക്കി. വുഡ്‌ഫോർഡ് കൺട്രി ഗ്രാമർ സ്‌കൂൾ ഫോർ ഗേൾസിലാണ് റിയ തുടർപഠനത്തിന് ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

പാർട്ട് ടൈം ജോലിയോടൊപ്പം പഠനം; ജോയലിന്റെ എ സ്റ്റാറിന് മാറ്റുകൂടുതൽ

9 എസ്റ്റാറും രണ്ടു എയുമാണ് സ്റ്റീവനേജിലെ ജോയൽ രാജു താരമായി മാറിയത്. ജോൺ ഹെന്റി ന്യുമാൻ സ്‌കൂളിലാണ് ജോയൽ പഠിച്ചത്. സയൻസ്, മാത്തമാറ്റിക്‌സ്, ബിസിനസ് സ്റ്റഡീസ്, ജർമൻ, ഹിസ്റ്ററി, റിലീജിയസ് സ്റ്റഡീസ്, ഫർതർ അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്പ്യുട്ടിങ്ങ് എന്നിവയിൽ എസ്റ്റാറും അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലാഗ്വേജ് എന്നിവയിൽ എയുമാണ് ജോയൽ നേടിയത്. ചങ്ങനാശേരി സ്വദേശിയായ രാജു ലൂക്കോസിന്റെയും ലിസ്റ്റർ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി നോക്കുന്ന ബിജി രാജുവിന്റെയും മകനാണ് ജോയൽ. ജൂഡിയ രാജുവാണ് ജോയലിന്റെ സഹോദരി.

യൂണിവേഴ്‌സിറ്റി പഠനത്തിന് തയ്യാറെടുക്കുകയാണ് ജൂഡിയ. കവിത എഴുതാൻ ഏറെ ഇഷ്ടപ്പെടുന്ന ജോയലിന്റെയും ജൂഡിയയുടെയും കവിതകൾ എസെൻസ് ഓഫ് പൊയട്രിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തൊടൊപ്പം പാർട്ട്‌ടൈം ജോലിയും ഈ മിടുക്കൻ ചെയ്യുന്നുണ്ട്. അൾത്താര ബാലനായ ജോയൽ എട്ടാമത്തെ വയസുമുതൽ പള്ളിയിൽ പ്രാർത്ഥനകൾ ചൊല്ലുന്നുണ്ട്.

മികച്ച ഒരു ബാസ്‌ക്കറ്റ്ബാൾ പ്ലയർ കൂടിയായ ജോയൽ സ്‌കോർപിയോൺസ് സ്റ്റീവനേജിന് വേണ്ടി കളിക്കുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന ജോയർ ഒഴിവ് സമയങ്ങളിൽ പ്രോഗ്രാം ഉണ്ടാക്കാറുണ്ട്.

ഏഴ് എ സ്റ്റാറുകളും മൂന്ന് എയും നേടി ഒലിവിയ

ഏഴ് എ സ്റ്റാറുകളും മൂന്ന് എയും നേടിയാണ് ഒലിവിയ ക്രൂവിലെ മലയാളികൾക്ക് അഭിമാനമായി മാറിയത്. ക്രൂ, സെന്റ് തോമസ് മൂർ കാത്തലിക് ഹൈസ്‌കൂളിൽ നിന്നാണ് ഒലിവിയ ജിസിഎസ്ഇ പാസായത്. പഠനത്തിന് പുറമേ പാഠ്യതരവിഷയങ്ങളിലും ഒലിവിയ മികവ് കാട്ടുന്നുണ്ട്. ക്രൂവിലെയും സ്റ്റോക് ഓൺ ട്രെന്റിലെയും മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യമായ ഒലിവിയ പാട്ടിനും ഡാൻസിനും ഒക്കെ മുൻപന്തിയിലാണ്.

മെഡിസിൻ പഠനത്തിന് നടത്താൻ ആഗ്രഹിക്കുന്ന ഒലിവിയ എ ലെവൽ പഠിക്കുന്നത് സൗത്ത് ചെഷയർ കോളജിൽ ആണ്. ഇടുക്കി കാളിയാർ നമ്പ്യാപറമ്പിൽ മനുജോയിയുടെയും ഡെയ്‌നിയുടെയും മകളാണ് ഒലിവിയ. സഹോദരങ്ങൾ: എൽട്ടൺ, ആഞ്ചല.

ഏഴ് എ സ്റ്റാർ നേടി റെഡ്ഹില്ലിൽ നിന്നും ജോയൽ ഷെന്നി താരമായി

ഏഴ് എ സ്റ്റാറും 4 എയും 1 ബിയും നേടിയാണ് റെഡ്ഹില്ലിൽ നിന്നും ജോയൽ ഷെന്നി താരമായത്. സെന്റ് ബീഡ്‌സ് സ്‌കൂളിലാണ് ജോയൽ പഠിച്ചത്. മാത്തമാറ്റിക്‌സ്, ഫർതർ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോഗ്രഫി, റിലീജിയസ് എഡ്യുക്കേഷൻ എന്നിവയിൽ എ സ്റ്റാറും, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ബിസിനസ് സ്റ്റഡിസ്, കമ്പ്യുട്ടിങ്ങ് എന്നിവയിൽ എ ഗ്രേഡും ഫ്രഞ്ചിൽ ബിയുമാണ് ജോയൽ നേടിയത്. ട്യുഷന് പോകാത്ത ജോയലിന്റെ വിജയത്തിന് പിന്നിൽ കഠിനമായ അധ്വാനം മാത്രമാണ്.

ആർബറി ക്ലബിന് വേണ്ടി ബാറ്റ്മിന്റണും ജോയൽ കളിക്കുന്നുണ്ട്. റൈഗേറ്റ് ആൻഡ് ബാൻസ്റ്റഡ് കൗൺസിലിനെ പ്രതിനിധീകരിച്ച് സറെ യൂത്ത് ഗെയിംസിൽ പങ്കെടുത്തിട്ടുള്ള ജോയൽ രണ്ടു തവണ സിൽവർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. 2013ൽ സറെ യൂത്ത് ഗെയിംസ് സീനിയർ ടീമിന്റെ ക്യാപ്റ്റൺ സ്ഥാനവും ജോയലിനായിരുന്നു. സറെ സ്‌കൂൾസിലെ ഒട്ടെറെ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള ജോയൽ ഡബിൾസിൽ ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. ഒട്ടെറെ സുഹൃത്തുകൾ ഉള്ള ജോയൽ മാർസ് അസോസിയേഷനിലെ സജീവസാന്നിധ്യമാണ്.
ഷെന്നി ജോസ് ജെയ്‌മോൾ ഷെന്നി ദമ്പതികളുടെ മകനാണ് ജോയൽ. ജോയലിന്റെ സഹോദരി ദിവ്യയും സെന്റ് ബീഡ്‌സ് സ്‌കൂളിലാണ് പഠിക്കുന്നത്.

അഞ്ചു എ സ്റ്റാറും അഞ്ച് എയും നേടി അലീഷ

അഞ്ചു എ സ്റ്റാറും അഞ്ച് എയും നേടിയാണ് സ്ലൗവിലെ അലീഷ ജിസിഎസ്ഇ പാസായിരിക്കുന്നത്. സ്ലൗ ലാങ്‌ലി സെന്റ് ബെർണാർഡ്‌സ് കാത്തലിക്ക് ഗ്രാമർ സ്‌കൂളിലാണ് അലീഷ പഠിച്ചത്.

4 എസ്റ്റാറും രണ്ട് എയും രണ്ടു ബിയും നേടി ആൻ ക്രിസ്റ്റിന

4 എസ്റ്റാറും രണ്ട് എയും രണ്ടു ബിയുമാണ് മാൻസ്ഫീൽഡിൽ താമസിക്കുന്ന ആൻ ക്രിസ്റ്റിന എം ജോസഫ് കരസ്ഥമാക്കിയത്. മാത്സ്, ഐസിറ്റി, ഇറ്റാലിയൻ, സ്പാനിഷ് എന്നിവയിൽ എ സ്റ്റാറും, സയൻസിലും ആർട്‌സിലും 2 എയും, ഇംഗ്ലീഷിനും ഡ്രാമയ്ക്കും ബിയുമാണ് ആനിന് ലഭിച്ചത്. ഇറ്റലിയിലെ ഇറ്റാലിയൻ മീഡിയം സ്‌കൂളിൽനിന്നും പഠിച്ച ശേഷം ഒരു വർഷം മുമ്പാണ് ആൻ യുകെയിൽ ജിസിഎസ്ഇ പഠിക്കാൻ ചേർന്നത് എന്നതിനാൽ തന്നെ ആനിന്റെ തിളക്കത്തിന് മാറ്റേറയാണ്. മാൻസ്ഫീൽഡ് ആൾ സെയിന്റ്‌സ് കാത്തലിക്ക് സ്‌കൂളിലാണ് ആൻ പഠിച്ചത്. ജോസഫ് വാണിയപുരയ്ക്കലിന്റെയും മോളി തോമസിന്റെയും മകളാണ് ആൻ.

ആറു എ സ്റ്റാറുകളും നാല് എയുമായി മലാലയുടെ മിന്നും പ്രകടനം

ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിജയകഥകൾക്കിടയിലും ഒരു സെലിബ്രിറ്റി ജേതാവിന്റെ പരീക്ഷാഫലമായിരുന്നു ലോകമാദ്ധ്യമങ്ങളിൽ ചർച്ച. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മലാല യൂസഫ്‌സായി ആണ് ജിസിഎസ്ഇ പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ ആ സെലിബ്രിറ്റി. ആറ് എ സ്റ്റാർ ഗ്രേഡും നാല് എയുമായിട്ടാണ് മലാല മിന്നും പ്രകടനം കാഴ്ചവച്ചത്. പാക്കിസ്ഥാനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടിരുന്ന മലാല താലിബാന്റെ വെടിയേറ്റാണ് ബ്രിട്ടനിൽ ചികിത്സയ്‌ക്കെത്തുന്നത്. തുടർന്ന് ബർമിങ്ങ്ഹാമിൽ താമസിച്ചുവരികയായിരുന്നു.

സയൻസ് വിഷയങ്ങളിലാണു മലാല കൂടുതൽ മികവുകാണിച്ചത്. മാത്സ് ജിസിഎസ്ഇ, മാത്സ് ഐജിസിഎസ്ഇ, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, റിലീജിയസ് സ്റ്റഡീസ് എന്നിവയിൽ എ സ്റ്റാറും, ഹിസ്റ്ററി, ജിയോഗ്രഫി, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ എയുമാണ് മലാലയ്ക്ക് ലഭിച്ചത്. മലാല വിജയത്തിന്റെ കാര്യം പിതാവ് സിയാദുദ്ദീൻ യൂസഫ്‌സായി ആണു ട്വീറ്റ് ചെയ്തത്. എഡ്ഗ്ബാസ്റ്റൺ ഹൈ സ്‌കൂളിലാണ് മലാല പഠിച്ചത്. എ ലെവലിൽ ആർട്‌സ് പഠിക്കാനാണ് ഇപ്പോൾ മലാലയുടെ ആഗ്രഹം.