ലണ്ടൻ: ഭാഗ്യം തുണച്ചാൽ ഇത്തവണ വിഷുവിനു യുകെ മലയാളികൾക്കായി ഒരു വിമാനകമ്പനി കടി കേരളത്തിലേക്ക് സർവീസ് തുടങ്ങും. ഫ്‌ളൈ പോപ്പിന്റെ പുത്തൻ വിമാന സർവീസാണ് ലണ്ടനിൽ നിന്നും കേരളത്തിലേക്കായി പ്ലാൻ ചെയ്യുന്നത്. ഇതേക്കുറിച്ചു നാളുകളായി വ്യോമയാന രംഗത്ത് വാർത്തകൾ ഉണ്ടെങ്കിലും കോവിഡ് പ്രയാസങ്ങളിൽ നിന്നും ലോക വ്യോമയാന രംഗം ഉയിർത്തെഴുന്നേൽക്കുന്നു എന്ന സൂചനയുമായാണ് ഫ്ലൈ പോപ്പ് ഒരിക്കൽ കൂടി ഇന്ത്യൻ സ്വപ്നങ്ങൾ പങ്കിടുന്നത്. കുറഞ്ഞ ചെലവിൽ ദീർഘ ദൂര യാത്രകൾ എന്ന ആശയത്തിലാണ് ബ്രിട്ടനിലെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്ലൈ പോപ്പിന്റെ പിറവി തന്നെ.

യുകെയിൽ നിന്നും ദീർഘ ദൂര സർവീസിലേക്ക് കൂടുതൽ യാത്രക്കാർ ഉള്ളത് ഇന്ത്യൻ നഗരങ്ങളിലേക്കാണ് എന്ന കണക്കുകളാണ് ഫ്ളൈ പോപ്പിനെ ഇപ്പോൾ ആവേശം കൊള്ളിക്കുന്നത്. അടുത്തിടെ എയർ ഇന്ത്യ ആരംഭിച്ച ലണ്ടൻ - കൊച്ചി സർവീസിന്റെ ആഴ്ചയിലെ മൂന്നു സർവീസുകളും മുഴുവൻ യാത്രക്കാരുമായി പറക്കുന്നു എന്ന വിവരം തിരിച്ചറിഞ്ഞ ഫ്ളൈ പോപ്പ് തങ്ങളുടെ ഇന്ത്യൻ ഡെസ്റ്റിനേഷനിൽ കൊച്ചി ഉൾപ്പെടുത്തിയതാണ് യുകെ മലയാളികൾക്ക് നാട്ടിലേക്കു രണ്ടാം വിമാനം എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നത്. ഹീത്രൂവിനു പകരം ലണ്ടൻ സ്റ്റാൻസ്റ്റഡിൽ നിന്നാകും ഫ്ളൈ പോപ്പ് വിമാനങ്ങൾ എന്ന ഒറ്റ ന്യൂനത മാത്രമാകും ചെറിയൊരു നിരാശയായി അവശേഷിക്കുക.

ഇന്ത്യൻ വംശജനായ നിനോ സിങ് ജഡ്ജാണ് ഫ്‌ളൈ പോപ്പ് വിമാനക്കമ്പനിയുടെ ആസൂത്രകൻ. എട്ടുവർഷം മുൻപ് 2014ൽ രൂപം നൽകിയ കമ്പനി ഇന്ത്യക്കും ബ്രിട്ടനും ഇടയിൽ പറക്കുക എന്ന ആശയത്തോടെയാണ് പിറവിയെടുക്കുന്നത് തന്നെ. വാടകക്കെടുത്ത എ 330 വിമാനങ്ങളുമായി ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് സർവീസ് നടത്തുക എന്നതാണ് ഫ്‌ളൈ പോപ്പിന്റെ ആശയം. നേരിട്ട് പറക്കാനാകും എന്ന സാധ്യതയിൽ ഇന്ത്യൻ വംശജരായ യാത്രക്കാർ വിമാനത്തെ ഹൃദയത്തിലേക്ക് സ്വീകരിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. എവിടെയും ലാഭം നോക്കുന്ന ഇന്ത്യൻ മനസിനെ ലാക്കാക്കി വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുമായി പറന്നു തുടങ്ങുക എന്നതാണ് ഫ്‌ളൈ പോപ്പിന്റെ ലക്ഷ്യം.

നിലവിൽ നേരിട്ട് പറക്കുന്ന മറ്റു കമ്പനികളായ എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവരുമായി മത്സരിക്കാൻ തയ്യാറായി തന്നെയാണ് ഫ്‌ളൈ പോപ്പിന്റെ വരവ്. ഇന്ത്യയിൽ നിന്നും യുകെയിലേക്ക് ഏറ്റവും അധികം യാത്രക്കാർ എത്തുന്ന അഹമ്മദാബാദ് തെക്കേയറ്റത്തെ കൊച്ചി വരെയുള്ള റൂട്ടുകളാണ് ഫ്‌ളൈ പോപ്പന്റെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. അമൃത്സർ. ചണ്ഡീഗണ്ഡ്, ഗോവ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ റൂട്ടുകളിലും ഫ്ളൈ പോപ്പ് പറന്നെത്തും. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള അഹമ്മദാബാദും ഗോവയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തു കൊച്ചിയാണ് എന്നതും യുകെ മലയാളികൾക്ക് ആവേശം പകരുന്ന വാർത്തയാണ്. ഫ്‌ളൈ പോപ്പിന്റെ തുടക്കം മുതൽ കൊച്ചി ലക്ഷ്യ സ്ഥാനമാണ് എന്നതും പ്രധാനമാണ്.

ഒരു പക്ഷെ ഏപ്രിലിൽ റൂട്ടുകൾ പ്രഖ്യാപിച്ചു ബുക്കിങ് ആരംഭിച്ച ശേഷം ഇന്ത്യയിൽ സീസൺ ആരംഭിക്കുന്ന ആഗസ്റ്റിലോ നവംബറിലോ പറന്നു തുടങ്ങാൻ ഉള്ള സാധ്യതയാണ് കൂടുതൽ വിശ്വസിക്കാവുന്നത് എന്നും വിപണി വിദഗ്ദ്ധർ പറയുന്നു. എന്തായാലും 2022 ൽ തന്നെ ഫ്‌ളൈ പോപ് വിമാനങ്ങൾ പറക്കാൻ തുടങ്ങും എന്ന കാര്യത്തിൽ ആരും സംശയാലുക്കളല്ല. വിപണിയെ കൂടുതൽ അടുത്തറിയാൻ യാത്ര വിമാനങ്ങൾക്ക് മുൻപ് ഏതാനും യൂറോപ്യൻ നാടുകളിലേക്ക് കാർഗോ വിമാനങ്ങൾ പറത്താനും ഫ്ളൈ പോപ്പ് ലക്ഷ്യമിടുന്നു. ഇന്ത്യയിൽ സർവീസ് ആരംഭിച്ച ശേഷം അടുത്തപടിയായി പാക്കിസ്ഥാനും ഫ്‌ളൈ പോപ്പിന്റെ മനസിലുള്ള യാത്രാപഥമാണ്.

ഫ്‌ളൈ പോപ്പിന് ആവേശം പകരുന്ന കണക്കുകളാണ് ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിൽ പറക്കുന്ന യാത്രക്കാരിൽ നിന്നും ലഭിക്കുന്നത്. കോവിസിന് മുൻപ് 2019ലെ കണക്കനുസരിച്ചു ഡൽഹിക്കും മുംബൈക്കും മാത്രമായി രണ്ടര ലക്ഷം യാത്രക്കാരെ വീതം ലണ്ടനിൽ എത്തിച്ച കഥയാണ് പറയാനുള്ളത്. ഇത് കഴിഞ്ഞാൽ അമൃത്സർ, ഗോവ, കൊച്ചി, കൊൽക്കത്ത എന്നീ നഗരങ്ങളാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനുമായി ഏറ്റവും അധികം യാത്രക്കാരെ പങ്കുവയ്ക്കുന്ന നഗരങ്ങൾ.

മികച്ച സർവീസുകൾ വാഗ്ദാനം ചെയ്യുന്ന ഗൾഫ് വിമാനക്കമ്പനികളുമായി യാത്ര സമയം ലാഭിക്കുക എന്ന തുറുപ്പു ചീട്ടും കയ്യിൽ പിടിച്ചാകും ഫ്‌ളൈ പോപ്പ് മത്സരത്തിനിറങ്ങുക. കോവിഡ് കാലത്തു പല രാജ്യങ്ങളിൽ കയറിയിറങ്ങുക എന്നത് യാത്രക്കാരും വിമ്മിട്ടത്തോടെയാണ് കാണുന്നത്. അതിനാൽ നേരിട്ടുള്ള വിമാനങ്ങൾക്കായി കാത്തിരിക്കുന്ന യാത്രക്കാരിലേക്ക് ഏറ്റവും വേഗത്തിൽ പറന്നെത്തുക എന്ന ലക്ഷ്യമാണ് ഈ വിമാനക്കമ്പനിയുടെ ആദ്യ അജണ്ട.

തുടക്കത്തിൽ പത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കുക എന്നതായിരുന്നു ഫ്‌ളൈ പോപ്പ് ലക്ഷ്യം വച്ചിരുന്നതെങ്കിലും പിന്നീട് അതിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ, ലക്‌നൗ, പൂണെ എന്നീ നഗരങ്ങൾ ഒഴിവാക്കി. പകരം ചണ്ഡിഗണ്ഡ് കൂട്ടിച്ചേർക്കുക ആയിരുന്നു. അങ്ങനെയാണ് ഒടുവിൽ അഹമ്മദാബാദ്, ഹൈദരാബാദ്, അമൃത്സർ, ഗോവ, കൊച്ചി, കൊൽക്കത്ത അടക്കം ഏഴു നഗരങ്ങൾ ഫ്‌ളൈ പോപ്പിന്റെ ലക്ഷ്യ കേന്ദ്രങ്ങളായി മാറുന്നത്.