ലണ്ടൻ: ശനിയാഴ്‌ച്ച അർദ്ധരാത്രി മുതൽ ലണ്ടനിലും പരസരത്തെ കൗണ്ടികളിലും വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തവിധത്തിലുള്ള ടയർ-4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ, ബാക്കിയുള്ള അല്പം സമയത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനായി ജനക്കൂട്ടം ഷോപ്പിങ് മാളുകളിലേക്ക് കുതിച്ചു. അർദ്ധരാത്രിക്ക് കടകൾ അടയ്ക്കുന്നതിനു മുൻപായി ക്രിസ്ത്മസ്സ് സമ്മാനങ്ങൾ വാങ്ങുവാനുള്ളവരുടെ തിരക്കായിരുന്നു ഏറെ. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കുമെന്നതും യാത്രാനിയന്ത്രണവുമാണ് ജനം ഇങ്ങനെ കൂട്ടംകൂടാൻ ഇടയാക്കിയത്.

രാജ്യത്തെ ഹൈസ്ട്രീറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ജനങ്ങൾ തിങ്ങിക്കൂടിയപ്പോൾ വൻ തിരക്കുള്ള ഓക്സ്ഫോർഡ് സ്ട്രീറ്റിന്റെ ചിത്രം ഇന്നലെ പുറത്തുവന്നു. ക്രിസ്ത്മസ്സ് അത്താഴവിരുന്നിനുള്ള സാധനങ്ങൾ വാങ്ങുവാനും തിരക്കേറിയതോടെ മാഞ്ചസ്റ്ററിലെ കോസ്റ്റ്കോയ്ക്ക് മുന്നിലും നീണ്ട നിര രൂപപ്പെട്ടു. അവസാന നിമിഷത്തിൽ സാധനങ്ങൾ വാങ്ങാൻ വന്നവരുടെ അഭൂതപൂർവ്വമായ തിരക്ക് ന്യുകാസിലിലെ ഹൈസ്ട്രീറ്റുകളിലും കാണപ്പെട്ടു. അതേസമയം, തിരക്ക് ഒഴിവാക്കുവാനായി അനേകം പേർ ഓൺലൈൻ ഷോപ്പിംഗിനെ അഭയം പ്രാപിച്ചതോടെ പോസ്റ്റൽ ഡെലിവറിയിലും കാര്യമായ സമ്മർദ്ദം അനുഭവപ്പെട്ടു.

സൗത്താംപ്ടണിലെ പി സി കറി വേൾഡിനു മുൻപിലുംനീണ്ട ക്യു ദൃശ്യമായി. കെന്റിലെ വാണിജ്യ മേഖലയിൽ, പ്രദേശത്തെ കോവിഡ് വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബ്ലൂ വാട്ടറിലും അഭൂതപൂർവ്വമായ തിരക്കായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ശക്തമായ മേഖലയിലെ എ 2 വിലും ഷോപ്പിങ് കോംപ്ലക്സിൽ കയറുവാനുള്ള ഊഴവും കാത്തുകിടക്കുന്ന കാറുകളുടെ വൻനിര തന്നെ ഉണ്ടായിരുന്നു.

ഏകദേശം 18 ദശലക്ഷം ബ്രിട്ടീഷുകാരാണ് ഇന്നു മുതൽ കർശന നിയന്ത്രണത്തിന് വിധേയരാകാൻ പോകുന്നത്. ലണ്ടൻ, തെക്ക് കിഴക്കൻ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ജനങ്ങൾക്കാണ് ഈ പുതിയ പ്രഖ്യാപനത്തോടെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ ഇല്ലാതെയാകുന്നത്. നവംബറിൽ പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ, ജിം, സിനിമ, ഹെയർ ഡ്രസ്സിങ് സലൂൺ, ബൗളിങ് അലീ എന്നിവയ്ക്ക് താഴുവീഴും. രണ്ടാഴ്‌ച്ചക്കാലത്തേക്കാണ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

മാത്രമല്ല, ഒരു വ്യക്തിക്ക് മറ്റൊരു വീട്ടിൽ താമസിക്കുന്ന വ്യക്തിയുമായി പൊതു ഇടങ്ങളിലെ തുറസ്സായ സ്ഥലങ്ങളിൽ പോലും ഒത്തുചേരുവാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. ക്രിസ്ത്മസ്സ് ആഘോഷങ്ങൾ വിലക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവർത്തിയാണെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് ഈ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. എന്നാൽ, അത്യന്തം അപകടകാരിയായ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു വഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.