ലണ്ടൻ: ഒന്നിലധികം പ്രപഞ്ചങ്ങൾ ഉണ്ടോയെന്നത് ശാസ്ത്രലോകത്തെ കാലങ്ങളോളം കുഴപ്പിച്ച ചോദ്യമാണ്. സമാന്തര പ്രപഞ്ചങ്ങൾ(മൾട്ടിവേഴ്സ്) ഉണ്ടാകാമെന്ന് പല ശാസ്ത്രജ്ഞരും പല കാലങ്ങളിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമാന്തര പ്രപഞ്ചത്തിന് ആദ്യമായി തെളിവു ലഭിച്ചതായി ബ്രിട്ടനിലെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി അവകാശപ്പെടുന്നു.

പ്രപഞ്ചത്തിലെ വിദൂരമേഖലയിൽ കണ്ടെത്തിയ 180 കോടി പ്രകാശവർഷം വീതിയുള്ള അതിശൈത്യ പ്രദേശമാണ് മറ്റൊരു പ്രപഞ്ചത്തിന്റെ തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. 2015-ൽ കണ്ടെത്തിയ ഈ മേഖലയിൽ ശരാശരി വേണ്ടതിലും പതിനായിരത്തോളം നക്ഷത്രസമൂഹങ്ങൾ കുറവുള്ളതായി വ്യക്തമായി. പ്രപഞ്ചത്തിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് 20 ശതമാനം ദ്രവ്യവും ഇവിടെ കുറവാണ്.

ഈ പ്രതിഭാസത്തിന് വിശദീകരണം നൽകാൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ മറ്റൊരു പ്രപഞ്ചം നമ്മുടെ പ്രപഞ്ചത്തിൽ കടന്നുകയറിയതാവാം ഇതിനുപിന്നിലെന്ന് ഗവേഷകർ അനുമാനിക്കുന്നു. നക്ഷത്രസമൂഹങ്ങളെയും ദ്രവ്യത്തെയും അയൽപ്രപഞ്ചം വിഴുങ്ങിയെന്ന് ചുരുക്കം.

നമ്മുടെ പ്രപഞ്ചം കോടിക്കണക്കിനുണ്ടായേക്കാവുന്ന സമാന്തരപ്രപഞ്ചങ്ങളിലൊന്നുമായി കൂട്ടിയിടിച്ചതിനെത്തുടർന്നു വിഴുങ്ങിയതിന്റെ അവശിഷ്ടമാവാം ശീതമേഖലയെന്ന ഗവേഷണത്തിന് നേതൃത്വം നൽകിയ ഡുർഹാം സർവകലാശാലയിലെ ജ്യോതിശാസ്ത്രവിഭാഗം പ്രൊഫസർ ടോം ഷാൻക്സ് അഭിപ്രായപ്പെട്ടു.

കോർനൽ സർവകലാശാലയുടെ ആർക്കൈവ്. ഓർഗ് സൈറ്റിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെയുള്ള വിഖ്യാത ഭൗതികശാസ്ത്രജ്ഞർ അന്യപ്രപഞ്ചങ്ങൾ ഉണ്ടാവാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മറ്റ് പ്രപഞ്ചങ്ങൾ ഉണ്ടെങ്കിൽ അവയിലെ ഭൗതികനിയമങ്ങൾ നമ്മുടെ പ്രപഞ്ചത്തിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒരു പ്രപഞ്ചത്തിൽനിന്ന് മറ്റൊരു പ്രപഞ്ചത്തിലേക്ക് പ്രവേശനവും സാധ്യമാവില്ലെന്നാണ് നിഗമനം.