- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനെ നടുക്കി കൊലപാതകം: ഷെഫീൽഡിൽ അമ്മയേയും രണ്ടു കുട്ടികളേയും ഒരു കൂട്ടുകാരനേയും കൊന്നത് അമ്മയുടെ കാമുകൻ; കൊലയ്ക്ക് കാരണം വീണ്ടും ഗർഭിണിയായത്
ലണ്ടൻ: കാമുകി വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞ കാമുകൻ കാമുകിയേയും അവരുടെ കുട്ടികളേയും കുട്ടികളുടെ സഹപാഠിയേയും മൃഗീയമായി കൊലചെയ്തു. ടെറി ഹാരിസ് എന്ന യുവതി വീണ്ടും ഗർഭിണിയായ വിവരം തങ്ങളോട് പറഞ്ഞിരുന്നു എന്ന് അവരുടെ സുഹൃത്തുക്കളും അയൽക്കാരും പറഞ്ഞു. ഈ 35 കാരിക്കൊപ്പം 11 ഉം 13 വയസ്സുള്ള മക്കളും 11 വയസ്സുള്ള മറ്റൊരു കുട്ടിയുമാണ് ഞായറാഴ്‌ച്ച രാവിലെ കൊല്ലപ്പെട്ട രീതിയിൽ കാണപ്പെട്ടത്.
ഇവരുടെ കാമുകനായ ഡാമിയൻ ബെൻഡാൾ എന്ന 31 കാരൻ സ്വയം കുത്തി മരിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ പൊലീസ് പിടിയിലാവുകയായിരുന്നു. ഡെബ്രിഷെയറിലെ കിൽസ്മാർത്തിലുള്ള ചാൻഡോ ക്രെസെന്റിലെ ഒരു വീട്ടിലായിരുന്നു നാല് മൃതദേഹങ്ങൾ കാണപ്പെട്ടത്. സംഭവസ്ഥലത്തുവെച്ചു തന്നെയാണ് 31 കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്, സമീപ പ്രദേശത്തേ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ച പൊലീസ് സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ചാൻഡോസ് ക്രെസെന്റിൽ ശനിയാഴ്‌ച്ച രാത്രി 9. 30 നും പിറ്റേന്ന് രാവിലെ 7.30 നും ഇടയിൽ ഉണ്ടായിരുന്നവർ, എന്തെങ്കിലും പ്രത്യേക സംഭവങ്ങളോ മറ്റൊ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും സംഭവങ്ങളോ അല്ലെങ്കിൽ വ്യക്തികളേയോ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ അക്കാര്യവും അറിയിക്കണം. അത്തരത്തിൽ ലഭിക്കുന്ന വിവരം എത്ര ചെറുതാണെങ്കിലും അന്വേഷണ പുരോഗതിയെ സഹായിക്കും എന്നും പൊലീസ് അറിയിക്കുന്നു. ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റോബ് റൂട്ട്ലെഡ്ജ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഷെഫീൽഡിലെ ഔട്ട്വുഡ് അക്കാഡമിയിലെ വിദ്യാർത്ഥികളായിരുന്നു മരണംടഞ്ഞ മൂന്ന് കുട്ടികളും. അവരുടെ മരണത്തിൽ അനുശോചനമറിയിച്ച് സ്‌കൂൾ തിങ്കളാഴ്‌ച്ച അടച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട കോണീ എന്ന പെൺകുട്ടിയുടെ പിതാവാഹ ചാർലി ജെന്റ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു തന്റെ മകൾക്ക് വിട നൽകിയത്. മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞു താമസിക്കുകയാണെങ്കിൽ പോലും രണ്ടു പേരെയും കാണാനുള്ള അനുമതിയും സൗകര്യവും കുട്ടികൾക്ക് ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു.ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നേരിടുന്നതിനിടയിൽ പക്ഷെ അക്കാര്യം മനസ്സിലാക്കാൻ താൻ വൈകിയെന്നും അയാൾ കൂട്ടിച്ചേർത്തു.
അതേസമയം മരിച്ച യുവതിയുടെ മുൻ ഭർത്താവും കുട്ടികളുടെ പിതാവുമായ ജാസൺ ബെന്നറ്റും തകർന്ന ഹൃദയവുമായി മക്കൾക്ക് വിടപറയാൻ എത്തിയിരുന്നു. അയാളുടെ മാതാവും കൂടെയുണ്ടായിരുന്നു. സത്സ്വഭാവികളും സ്നേഹശീലമുള്ളവരുമായിരുന്നു തന്റെ മക്കൾ എന്ന് അയാൾ പറഞ്ഞു. ഫുട്ബോളിൽ അതീവ തല്പരരായിരുന്നു ഇരുവരും. മുത്തശ്ശി ബെന്നെറ്റും തകരുന്ന ഹൃദയത്തോടെ കൊച്ചുമക്കൾക്ക് വിടചൊല്ലി. ഇനിയും ഏറെനാൾ ഈ മണ്ണിൽ ജീവിച്ചിരിക്കേണ്ടവരായിരുന്നു അവരെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.
തകരുന്ന കുടുംബബന്ധങ്ങൾ, സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് ഏറ്റവും ക്രൂരമായ ഒരു ഉദാഹരണമായാണ് ഈ സംഭവത്തെ സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്തിയത്. ബന്ധം പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കൾ, അവർക്കൊപ്പം എത്തുന്ന പുതിയ പങ്കാളികൾ എന്നിങ്ങനെ വളരെ ചെറിയ പ്രായത്തിൽ തന്നെ വിചിത്രമായ ചുറ്റുപാടുകളിൽ വളരേണ്ടി വരുന്നത് കുട്ടികളുടെ മനോനിലയേയും ചിന്താസരണിയേയും വിപരീതമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് ഡെസ്ക്