ലണ്ടൻ: മാലമോഷണവും പീഡനവുമൊക്കെ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലേ ഉള്ളൂവെന്ന് കരുതുന്നവർക്ക് തെറ്റി. ബ്രിട്ടൻ നാടിനെക്കാൾ സുരക്ഷിതമാണെന്ന് കരുതുന്നതിലും അർഥമില്ല. മൂന്ന് കള്ളന്മാർ ചേർന്ന് ലണ്ടനിലെ ഒരമ്പലത്തിന് മുന്നിൽ സ്ത്രീയെ മറിച്ചിട്ട് ആക്രമിക്കുകയും മാല മോഷ്ടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു.

സൗത്ത് ലണ്ടനിലെ ലെവിഷാമിലാണ് സംഭവം. അമ്പലത്തിന് പുറത്തുനിന്നിരുന്ന സ്ത്രീയുടെ അടുത്തേക്ക് ഹെൽമറ്റ് ധരിച്ച ഒരാൾ കടന്നുവരികയും കഴുത്തിൽക്കിടന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകമായിരുന്നു. സ്ത്രീ ചെറുത്തുനിന്നപ്പോൾ അവരെ വലിച്ച് തറയിലേക്കിട്ടു. 52-കാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്.

മാലപൊട്ടിച്ചശേഷം ഇയാൾ അരികിലേക്ക് വന്ന രണ്ട്ബൈ ക്കുകളിലൊന്നിൽക്കയറിപ്പോവുകയും ചെയ്തു. അമ്പലത്തിലെ സിസിടിവി ക്യാമറകളിലാണ് മോഷണദൃശ്യം ചിത്രീകരിക്കപ്പെട്ടത്. മൂന്ന് അക്രമികൾക്കായും തിരച്ചിൽ തുടങ്ങിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മാലപൊട്ടിക്കുന്നതിൽ നേരിട്ട് ഇടപെട്ടയാൾ വെള്ളഷർട്ടും കടുംനീല ജാക്കറ്റും ഗ്രേ പാന്റുമാണ് ധരിച്ചിരുന്നത്.

ഒരാൾ മാത്രമാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റുള്ളവർ ഇയാൾക്കുവേണ്ടി കാത്തുനിൽക്കുകയാണ്. സ്ത്രീയെ നിലത്തിട്ട് വലിച്ച് അക്രമിക്കുമ്പോൾ സമീപത്തുകൂടി ഒന്നിലേറെ കാറുകൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അവരൊന്നും ഇതിൽ ഇടപെടുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്.