ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ ലാട്ടിമെർ റോഡിൽ അനേകർ താമസിക്കുന്ന 27 നിലകെട്ടിടമായ ഗ്രെൻഫെൽ ടവറിനിയെയാണ് ഇന്ന് പുലർച്ചയോടെ അഗ്‌നി വിഴുങ്ങിയത്. കെട്ടിടത്തിന്റെ ഒരു ഭാഗത്തു നിന്നും കൂറ്റൻ അഗ്നിഗോളം ഉടലെടുക്കുകയും കെട്ടിട സമുച്ചയെത്തെ മുഴുവനായി നിമഷങ്ങൾക്കുള്ളിൽ വിഴുങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികളും രക്ഷാപ്രവർത്തകരും പറയുന്നു. ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന പരിസരപ്രദേശങ്ങളിൽ എങ്ങും നിലവിളികൾ മാത്രമാണ് മുഴങ്ങി കേൾക്കുന്നത്.

എല്ലാവരും ഗാഢമായ ഉറക്കത്തിലായിരുന്ന വേളയിലാണ് തീപിടുത്തമുണ്ടായത്. ആളിപ്പടർന്ന തീ കെട്ടിടത്തെ ഒന്നാകെ വിഴുങ്ങാൻ തുടങ്ങിയ സമയത്താണ് പലരും സംഭവം അറിഞ്ഞത്. ഉറക്കത്തിൽ മുഴങ്ങിയ അപകട സൈറൻ കേട്ട് എഴുന്നേറ്റവർക്ക് എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായില്ല. എന്തും ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നും പലരും. തീപിടുത്തമാണെന്ന് ബോധ്യമായതോടെ രക്ഷപെടാനുള്ള വഴി തിരക്കുകയായിരുന്നു ചിലർ.

താഴത്തെ നിലകളിൽ ഉള്ളവർ പ്രാണനും കൊണ്ട് ഓടിയിറങ്ങി രക്ഷപെട്ടപ്പോൾ മുകളിൽ ഉള്ളവർക്ക് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. 140തോളം ഫ്‌ലാറ്റുകളാണ് ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിൽ അഗ്നി വിഴുങ്ങിയപ്പോൾ രക്ഷപെടാൻ വേണ്ടി തുണിപിരിച്ചു കെട്ടി റോപ്പുണ്ടാക്കി താഴത്തെ നിലയിലേക്ക് പോകുനും ശ്രമം നടത്തി ചിലർ. നേരിട്ട് തീ പടർന്നു പിടിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും പുകയും ചാരവും പരന്നതിനാൽ ശ്വാസം മുട്ടലോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു പലരും.

സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ കുതിച്ചെത്തിയപ്പോഴും ആളിപ്പടരുന്ന തീ എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയിലായിരുന്നു. സമീപത്തുണ്ടായിരുന്നവരും താഴേക്ക് ഓടിയിറങ്ങി എത്തിയർക്ക് അടിയന്തര ചികിത്സ നൽകാനായി മെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു. രക്ഷപെടുത്തിയ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം അഗ്നിനാളങ്ങൾ കെടുത്താൻ സാധിച്ചെങ്കിലും പഴക്കം ചെന്ന കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന ആശങ്കയും ശക്തമാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും അഗ്നിബാധയാൽ ഇടിഞ്ഞു വീഴുകയുമുണ്ടായി. രക്ഷപെട്ടെത്തിയവർ പുറത്തിറങ്ങി ആളിക്കത്തുന്ന അഗ്നി കണ്ടപ്പോൾ നെഞ്ചിൽ കൈവെച്ച് ദൈവത്തെ സ്തുതിക്കുകയാണ് ഉണ്ടായത്. ഇരുപതോളം ആംബുലൻസുകളാണ് പ്രദേശത്ത് എത്തിയത്. അപകടത്തിൽപ്പെട്ട് എത്രപേർ മരിച്ചു എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ആളപായമില്ലെന്നാണ് റിപ്പോർട്ടെങ്കിലും രക്ഷാപ്രവർത്തനം പൂർണമായാൽ മാത്രമേ ആശ്വാസത്തിന് വകയുള്ളൂ.