ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്യൂബ് ട്രെയിനിൽ ബോംബ് സ്‌ഫോടനം. അപകടത്തിൽ 20ഓളം പേർക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന വിവരം. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് പൊലീസ് സ്ഥീരികരിച്ചു. പാഴ്സൺസ് ഗ്രീനിലുള്ള തുരങ്കപാതയിൽ വച്ച് രാവിലെ 8.20 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ട്യൂബിന്റെ സീറ്റിനടുത്ത് ലീഡിലിന്റെ കവറിൽ പൊതിഞ്ഞ വെളുത്ത ബക്കറ്റിൽ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടന ശബ്ദവും തീഗോളവും ഉയർന്നതോടെ യാത്രക്കാർ ജീവനും കൊണ്ട് പരക്കം പാഞ്ഞതായാണ് റിപ്പോർട്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവർ നിരവധിയുള്ള ഈ സമയത്ത് നടന്ന അപകടത്തിൽ ആളുകളെല്ലാം ഭയചകിതരായി ഓടുകയായിരുന്നു.

അപകട സ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസും പാരാമെഡിക്കൽ സംഘവും അഗ്നി ശമനാ സേനയും എല്ലാം രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. അപകട സ്ഥലത്തു നിന്നും ആളുകളെ എല്ലാം ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസും സായുധ സേനയും. സ്‌ഫോടന ശബ്ദവും തീയും കണ്ടു പേടിച്ച് നിരവധി യാത്രക്കാരാണ് ട്രയിനിന്റെ വാതിൽ തുറന്നു പുറത്തേക്ക് ചാടിയത്. മുഖത്തു പൊള്ളലേറ്റ നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രെയിനിന് ഉള്ളിലെ വെളുത്ത പ്ലാസ്റ്റിക് ബക്കറ്റിൽ നിന്നും തീ ഉയരുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ട്യൂബിന്റെ സീറ്റിനടുത്ത് ലീഡിലിന്റെ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു വെളുത്ത ബക്കറ്റ്. സ്‌ഫോടനം നടന്നതോടെ കാര്യേജിൽ നിന്നും തീഗോളമായി ഉയരുകയായിരുന്നു. പുറത്തു വരുന്ന ചിത്രങ്ങളിൽ നിന്നും ബക്കറ്റിനു പുറത്തേക്ക് ഉന്തി നിൽക്കുന്ന വയറുകളും കാണാം. പൊട്ടിത്തെറിച്ചത് ബോംബ് ആണോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അപകടം നടന്ന സമയത്ത് ഒരാൾ ട്രെയിനുള്ളിലൂടെ കത്തിയും കൊണ്ട് ഓടുന്നതായി കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സ്‌ഫോടന ശബ്ദം കേട്ടതോടെ ഭയന്നു പോയ യാത്രക്കാർ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ട്രെയിനിൽ ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്‌ഫോടനം നടന്നപ്പോൾ പേടിച്ചു പോയ തങ്ങൾ വാതിൽ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നുവെന്നും ചിലർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും മറ്റും നിരവധി പേരാണ് അനുഭവ കുറിപ്പുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങൾ സുരക്ഷിതരാണെന്നും നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും ഭയചകിതരായി തങ്ങൾ ഓടിയെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്.