ഒന്റാരിയോ: കാനഡയിലെ ലണ്ടനിൽ താമസിക്കുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഒക്ടോബർ 14ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കനേഡിയൻ സീറോമലബാർ എക്സാർക്കേറ്റിലെ അഭിവന്ദ്യ മാർ ജോസ് കല്ലുവേലി പിതാവാണ് പുതിയ മിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ലണ്ടൻ മദർ തെരേസ കാത്തലിക് സെക്കൻഡറി സ്‌കൂൾ ചാപ്പലിൽ വച്ച് നടത്തിയ സമൂഹബലിയിൽ അഭിവന്ദ്യ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കാൻ നാം പ്രാപ്തരാകണമെന്നും പരിശുദ്ധാത്മാവിന്റെ നിറവും, വിശുദ്ധ ഗ്രന്ഥത്തിന്മേലുള്ള വിശ്വാസവും, ആത്മാർത്ഥമായ പ്രാർത്ഥനയും ആകുന്ന ആത്മീയ ആയുധങ്ങൾ ഉപയോഗിച്ച് നാം ഇവയെ നേരിടണമെന്ന് പിതാവ് തന്റെ പ്രസംഗത്തിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഷിക്കാഗോ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ പുതിയ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും , പ്രസ്തുത മിഷന്റെ പ്രഥമ ഡയറക്ടറായി ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവകയുടെ വികാരികൂടിയായ ഫാ. പത്രോസ് ചമ്പക്കരയുടെ നിയമന ഉത്തരവും വിശുദ്ധ കുർബാന മധ്യേ വായിച്ചു. മോൺ. തോമസ് മുളവനാൽ, ഫാ.പത്രോസ് ചമ്പക്കര, ഫാ. ജോർജ് പാറയിൽ, ഫാ. ജെമി പുതുശ്ശേരി, ഫാ. റ്റോബി പുളിക്കശ്ശേരി, ഫാ. മാത്യു ഇളമ്പളക്കാട്ട് തുടങ്ങിയവ വിശുദ്ധ ബലിയിൽ സഹകാർമികരായിരുന്നു. തദവസരത്തിൽ കളമ്പകുഴിയിൽ ബൈജു & സിമി ദമ്പതികളുടെ മകൾ റ്റെസി മരിയായുടെ മാമോദിസായും നടത്തപ്പെട്ടു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ റവ.ഫാ.പത്രോസ് ചമ്പക്കര ഏവരെയും സ്വാഗതം ചെയ്യതു. മോൺ. തോമസ് മുളവനാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട തോമസ് അച്ഛൻ നടത്തിയ അധ്യക്ഷപ്രസംഗത്തിൽ ക്നാനായക്കാരുടെ വിശ്വാസവും തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാൻ രൂപം കൊണ്ടിരിക്കുന്ന പുതിയ മിഷന് സാധിക്കട്ടെയെന്ന് ആശംസിക്കുകയും മിഷൻ സ്ഥാപനത്തിനുവേണ്ടി നേതൃത്വം നൽകിയവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അഭിവന്ദ്യ ജോസ് കല്ലുവേലി പിതാവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവകയുടെ മുൻ ഡയറക്ടർ റവ.ഫാ. ജോർജ് പാറയിൽ, സീറോ മലബാർ ചർച്ച് ലണ്ടൻ ഇടവക വികാരി റവ. ഫാ. റ്റോബി പുളിക്കശ്ശേരി, ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി റവ.ഫാ. ജെമി പുതുശ്ശേരി, റവ.ഫാ. മാത്യു ഇളമ്പളക്കാട്ട് (ലണ്ടൻ), ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവക ട്രസ്റ്റി ശ്രീ.സാബു തറപ്പേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ടോറോണ്ടോ ക്നാനായ കമ്മ്യൂണിറ്റിയിലുള്ള വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാകായിക മത്സരങ്ങളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ലണ്ടൻ കൂടാരയോഗത്തിന് വേണ്ടി പ്രസിഡന്റെ ശ്രീ.പ്രീത് പൂത്തട്ടേലും, സെക്രട്ടറി ശ്രീ.സാബു തോട്ടുങ്കലും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. ശ്രീ.സാബു തോട്ടുങ്കൽ ഏവർക്കും നന്ദി പറഞ്ഞു. ബിനീഷ് മേലേപ്പറമ്പിൽ ചടങ്ങുകളുടെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. ചടങ്ങുകളുടെ സമാപനത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
സ്റ്റീഫൻ ചൊള്ളമ്പേൽ (ഷിക്കാഗോ) അറിയിച്ചതാണിത്.