കൊൽക്കത്ത: 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗികചന്ദ്ര ഗ്രഹണം നവംബർ 19ന്. മൂന്ന് മണിക്കൂർ 28 മിനിട്ട് 24 സെക്കൻഡ് നീളുന്ന ഗ്രഹണം ഉച്ചക്ക് 12.48ന് തുടങ്ങി വൈകിട്ട് നാലിന് അവസാനിക്കും.

ഈസമയം രക്തവർണത്തിലാണ് ചന്ദ്രൻ കാണപ്പെടുക. ഇത്രയും ദൈഘ്യമേറിയ ചന്ദ്രഗ്രഹണം ഏറ്റവും ഒടുവിൽനടന്നത് 1440 ഫെബ്രുവരി 28നാണ്. ഇനി ഈ അപൂർവ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്ന് എംപി ബിർള പ്ലാനറ്റേറിയം റിസർച്ച് ആൻഡ് അക്കാദമിക് ഡയറക്ടർ ദേബിപ്രൊസാദ് ദുരാരി പറഞ്ഞു.

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ ദൃശ്യമാകുന്ന ഈ ഗ്രഹണം കേരളത്തിൽ കാണാനാവില്ല. അരുണാചൽപ്രദേശ്, അസം സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ മാത്രം കാണാവുന്ന ഗ്രഹണം അമേരിക്ക, പശ്ചിമേഷ്യ, ആസ്‌ട്രേലിയ, പസഫിക് മേഖലകളിൽ നന്നായി കാണാനാകും.