- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തലവനെയും സ്വർണക്കടത്ത് ഇടനിലക്കാരനെയും കുറിച്ച് വിവരമില്ല; യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
ആലപ്പുഴ: മാന്നാറിൽ നിന്ന് സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്കും ഇവരുടെ സഹായികൾക്കും വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇവർക്കായി പൊന്നാനി, കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് ഇവരെ കണ്ടെത്താനായിരുന്നില്ല. അതേസമയം, കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി.
കഴിഞ്ഞ 22ന് പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. 22ന് പുലർച്ചെ മാന്നാറിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ രാത്രി 11.30ഓടെ വടക്കഞ്ചേരി മുടപ്പല്ലൂരിൽ വാഹനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഇവർ ഓട്ടോ വിളിച്ച് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കിയ ശേഷമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്ഡൗണിനുമുമ്പ് നാട്ടിലെത്തിയതാണ്. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച് സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ച തിരികെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി.
അന്ന് രാത്രി 9.30ന് വീട്ടിലെത്തിയ ഏഴംഗസംഘം കൈയിലുള്ള സാധനം തരാൻ ആവശ്യപ്പെട്ടു. ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ ആളുമാറിപ്പോയതാണെന്നു പറഞ്ഞ് തിരികെപ്പോയി. തുടർന്ന് തിങ്കളാഴ്ച പുലർച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞ് ബിന്ദുവിനെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ചാണ് തട്ടിക്കൊണ്ടുപോയത്. ചെങ്ങന്നൂർ ഡിവൈ എസ്.പി പി.ആർ. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ–36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.അറസ്റ്റിലായവരിൽ മാന്നാർ, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ സംഘത്തിന് കൈമാറിയത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. അബ്ദുൽ ഫഹദാണ് കാർ ഓടിച്ചിരുന്നത്. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വർണമാണ് യുവതി കടത്തിയത്. മാലിയിൽ സ്വർണം ഉപേക്ഷിച്ചെന്ന വാദം കളവാണെന്നാണ് പൊലീസിന്റെയും നിഗമനം.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങൾ നൽകാൻ ബിന്ദുവിന്റെ വീട്ടുകാർ തയ്യാറായില്ല. ഇത് തുടക്കത്തിൽ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും പൊലീസിന്റെ ശക്തമായ നീക്കങ്ങളാണ് സ്വർണ കള്ളക്കടത്തിനെയും തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ ഗുണ്ടാ സംഘങ്ങളെയും സ്വർണക്കടത്ത് ലോബികളെയും തിരിച്ചറിയാൻ സഹായിച്ചത്. കേസിൽ ഇനിയും പ്രധാന പ്രതികളുൾപ്പെടെ ഏതാനും പേരെ കൂടി പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു. അതേസമയം, മുൻപ് മൂന്ന് തവണ സ്വർണം കടത്തിയതായി സമ്മതിച്ച ബിന്ദു ഇത്തവണ കടത്തിയ സ്വർണം മാലിയിൽ ഉപേക്ഷിച്ചുവെന്ന വാദം വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബിന്ദുവിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ