പട്‌ന: മുസഫർപുരിൽ തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ ഒൻപത് പേർക്കു കാഴ്ച നഷ്ടമായി. സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച തിമിര ചികിത്സാ ക്യാംപിൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കാണ് കാഴ്ച പോയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ബിഹാർ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ക്യാംപിൽ 65 പേർക്കു തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിൽ മുപ്പതോളം പേർ കണ്ണിനു കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയാണ് രോഗികളുടെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്.

കാഴ്ച നഷ്ടമായവരുടെ കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. തിമിര ശസ്ത്രക്രിയാ ക്യാംപുകൾക്ക് ആരോഗ്യ വകുപ്പു നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ സ്വകാര്യ ആശുപത്രികൾ പാലിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയത്.