അടിമാലി: വനത്തിൽ ഒറ്റപ്പെട്ട്, അവശ നിലയിലായ മാനസിക അസ്വാസ്ഥ്യമുള്ളതും ഊമയുമായ ആദിവാസി വൃദ്ധനെ വനപാലകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കുറത്തിക്കുടി ആദിവാസി കോളനി വാസി പൂവേന്ദ്രൻ കൃഷ്ണ (55) നെയാണ് വനപാലകരും കോളനി വാസികളായ വാസുവും ശിവനും ചേർന്ന് മാങ്കുളം പേരുമ്പൻകുത്തു വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയത്.

പുലർച്ചെ കുറത്തിക്കുടിയിലെ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ദിവസം മുഴുവൻ വെള്ളവും ഭക്ഷണവും ഇല്ലാതെ കാട്ടിൽ അലയുകയായിരുന്നു ,ഇടക്ക് മുഖമിടിച്ച് വീണു പരിക്കേൽക്കുകയും ചെയ്തു. ഇതിനിടയിൽ കൃഷ്ണനെ കണ്ടെത്താൻ വനമേഖലയിൽ തിരച്ചിലും ആരംഭിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് അവശ നിലയിൽ, നഗ്‌നനായി കൃഷ്ണനെ കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമടങ്ങുന്ന സംഘം കൃഷ്ണനെ കണ്ടെത്തിയത്.

തുടർന്ന് ഓഫീസിൽഎത്തിച്ച് ഉദ്യോഗസ്ഥ സംഘം ഇയാൾക്ക് വസ്ത്രവും വെള്ളവും ഭക്ഷണവും നൽകി ആശ്വസിപ്പിച്ചു. തുടർന്ന് പട്ടികവർഗ വികസന വകുപ്പിൽ വിവരമറിയിക്കുകയും ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മാങ്കുളം പേരുമ്പൻകുത്ത് ജങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പൂവത്താനിക്കൽ ജയേഷ് ഓട്ടക്കൂലി വാങ്ങാതെയാണ് കൃഷ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.