ദുബായ് : ഗൾഫിൽ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. അബുദാബി ബിഗ് ടിക്കറ്റിലും ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലും വിജയികൾ മലയാളികൾ തന്നെ.

ബിഗ് ടിക്കറ്റിൽ മലയാളിക്ക് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചതിനു പിന്നാലെ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലും മലയാളിക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഷാർജയിലുള്ള അരുൺ ഭാസ്‌കരൻ പിള്ള എന്ന 31കാരനും സുഹൃത്തുക്കളുമാണ് ഒരു മില്യൺ യുഎസ് ഡോളർ (6,72,05,000) സ്വന്തമാക്കിയത്. ഇതോടെ മലയാളികൾക്ക് മാത്രമാണ് പ്രധാന ഭാഗ്യക്കുറികൾ അടിക്കുന്നതെന്ന പ്രചരണവും വ്യാപകമാകുകയാണ്. ലോട്ടറി എടുക്കുന്നതിൽ മലയാളി കാട്ടുന്ന താൽപ്പര്യമാണ് ഇതിന് കാരണമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

അരുണും അഞ്ചു സുഹൃത്തുക്കളും തുല്യമായി പണം വീതിച്ചെടുത്താണ് ടിക്കറ്റ് എടുത്തത്. ഈ സുഹൃത്തുക്കളിൽ മൂന്നു പേർ കേരളത്തിലാണ്. ഒരാൾ യുഎഇയിലും. ഓൺലൈൻ വഴിയെടുത്ത 271 സീരിസിലെ 1882 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടു വന്നത്. ഷാർജയിലെ ലാംപ്രിൽ എനർജി ലിമിറ്റഡ് എന്ന കമ്പനിയിലാണ് അരുൺ ജോലി ചെയ്യുന്നത്. ഇത്ര പെട്ടന്ന് സംഭവിക്കുമെന്ന് കരുതിയ കാര്യമല്ല ഇത്. വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അരുൺ പ്രതികരിച്ചു.

അരുണിനെ കൂടാതെ പാക്കിസ്ഥാൻ പൗരയായ സ്ത്രീയ്ക്കും ഒരു മില്യൺ യുഎസ് ഡോളർ സമ്മാനം ലഭിച്ചു. 34 വയസ്സുള്ള ഇവർ കറാച്ചി സ്വദേശിയാണ്. രണ്ടാം തവണയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. ഓൺലൈൻ വഴിയെടുത്ത 270 സീരിസിലെ 4912 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഭർത്താവിന്റെ ജന്മദിനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത് ഇരട്ടി മധുരം നൽകുന്നുവെന്ന് അവർ പറഞ്ഞു. ഞാൻ ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒരു ദിവസം ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ ദിവസമാണ് ഇന്ന് യുവതി പ്രതികരിച്ചു.