ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ യൂറോമില്യൺ ലോട്ടറി ജേതാവായിരുന്നു ജെയ്ൻ പാർക്ക്. 17-ാം വയസ്സിൽ കോടീശ്വരിയായി മാറിയ ജെയ്ൻ, ആ പണം ആദ്യമുപയോഗിച്ചത് തന്റെ ശരീരസൗന്ദര്യം വർധിപ്പിക്കാൻ. ചുണ്ടും പല്ലും മാറിടവും നിതംബവും പ്ലാസ്റ്റിക് സർജറിയിലൂടെ സുന്ദരമാക്കാൻതന്നെ 50,000 പൗണ്ട് അവൾ ചെലവിട്ടു. ശേഷിച്ച പണം അടിച്ചുപൊളിച്ച് തീർത്തതോടെ, ജീവിതത്തിന്റെ താളം തെറ്റി. ഇപ്പോൾ, ജീവിതം തകർത്തതിന് ലോട്ടറി നടത്തിപ്പുകാർക്കെതിരെ കേസ് കൊടുക്കാനൊരുങ്ങുകയാണ് ജെയ്ൻ.

ലോട്ടറിയടിച്ച പണം കൊണ്ട് താൻ ഏറ്റവും ഫലപ്രദമായി നടത്തിയ ചെലവ് തന്റെ ശരീരത്തിൽ നടത്തിയ പരീക്ഷണങ്ങളായിരുന്നുവെന്ന് ഇപ്പോൾ 21 വയസ്സിലെത്തിയ ജെയ്ൻ പറയുന്നു. പുതിയ കാറുകളും ഹാൻഡ്ബാഗുകളും മറ്റ് ആഡംബര വസ്തുക്കളും വാങ്ങി ശേഷിച്ച പണം മുഴുവൻ അടിച്ചുപൊളിക്കുകയായിരുന്നു. ഈ സമ്പന്ന ജീവിതത്തിനിടെ, യുവ ഫുട്‌ബോൾ താരം ജോർഡൻ പിഗോട്ടുമായി ജെയ്ൻ പ്രണയത്തിലുമായി. 18-കാരനായ ജോർഡൻ ഡുൺഡി എഫ്.സി.യുടെ താരമാണ്.

സൗന്ദര്യവർധനയ്ക്കായി നടത്തിയ ചികിത്സ ജെയ്‌നിനെ പലപ്പോഴും ആശുപത്രിയിലാക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീലിയൻ രീതിയിലുള്ള നിതംബം പ്ലാസ്റ്റിക് സർജറിയിലൂടെ ഘടിപ്പിച്ചെങ്കിലും സെപ്‌സിസിന് ചികിത്സിക്കേണ്ടിവന്നു. തുർക്കിയിലുള്ള ആശുപത്രിയിൽ ചുണ്ടുകൾക്കും കവിളുകൾക്കും നടത്തിയ പ്ലാസ്റ്റിക് സർജറിയും അവളെ രോഗബാധിതയാക്കിയിരുന്നു.

എന്നാൽ, പ്ലാസ്റ്റിക് സർജറിയിലൂടെ ലഭിച്ച ശരീരസൗന്ദര്യത്തിൽ ജെയ്ൻ സന്തുഷ്ടയാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ലോട്ടറിയടിച്ച് കിട്ടിയ തുകകൊണ്ടുവാങ്ങിയ വസ്തുക്കളെക്കാൾ വിലപ്പെട്ടത് തന്റെ പുതിയ പല്ലുകളും സ്തനങ്ങളും നിതംബവുമൊക്കെയാണെന്ന് ജെയ്ൻ കരുതുന്നതായും അവർ പറയുന്നു.

ലോട്ടറിയടിച്ചതോടെ, അതേവരെയുണ്ടായ ജീവിതത്തിൽനിന്നും താനേറെ മാറിയെന്നും ജീവിതത്തോടുള്ള മനോഭാവം തന്നെ നിരാശപ്പെടുത്തിയെന്നും കാണിച്ചാണ് ഒരുഘട്ടത്തിൽ ജെയ്ൻ ലോട്ടറി കമ്പനിക്കെതിരെ കേസ് കൊടുക്കാൻ തയ്യാറായത്. താൻ പരിചയപ്പെടുന്ന പുരുഷന്മാരെല്ലാം, തന്നെയല്ല, തന്റെ പണത്തെയാണ് സ്‌നേഹിക്കുന്നതെന്നും അവർ പരാതിപ്പെട്ടിരുന്നു.