ദുബായ്: യു എ ഇ യിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ഇടയ്ക്കിടെ മലയാളികൾക്ക് വലിയ സമ്മാനങ്ങളാണ് നൽകാറുള്ളത്. ഇത്തവണ ഒരു മലയാളിക്ക് കൂടി സമ്മാനം ലഭിച്ചു. മലേഷ്യയിൽ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരൻ എസ് നായരാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിയായത്. ആറര കോടി രൂപയാണു (പത്ത് ലക്ഷം യുഎസ് ഡോളർ) ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.

254 ാമത് സീരീസ് നറുക്കെടുപ്പിലാണ് 1348 നമ്പർ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. കോടികൾ സമ്മാനം ലഭിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സർപ്രൈസ് നറുക്കെടുപ്പിൽ മുഹമ്മദ് ഷബീറിന് ബിഎംഡബ്‌ള്യു എസ് 1000 ആർ ആർ സമ്മാനമായി ലഭിച്ചു.

സെപ്റ്റംബറിൽ നടന്ന നറുക്കെടുപ്പിൽ സമ്മാനം നേടിയ കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്ക് 10 യുഎസ് ഡോളറിന്റെ ചെക്ക് ഡ്യുട്ടി ഫ്രീ അധികൃതർ കൈമാറി.അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലൻ എന്നയാൾക്ക് 25ാമത് നറുക്കെടുപ്പിൽ ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചിരുന്നു.