ലോസ് ആഞ്ചലസ്: തിരക്കേറിയ ലോസ് ആഞ്ചലസ് എയർ പോർട്ടിൽ ഉഗ്രശബ്ദം ഉണ്ടായത് യാത്രക്കാരേയും അധികൃതരേയും പരിഭ്രാന്തരാക്കി. ഉഗ്രശബ്ദത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ നാലുദിക്കിലേക്കും ഓടിയതോടെ വിമാനത്താവളം ഒഴിപ്പിക്കേണ്ടി വന്നു. എന്നാൽ വെടിവയ്പ് അല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ സ്ഥിതിഗതികൾ ശാന്തമാകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ലോസ് ആഞ്ചലസിൽ വെടിവെപ്പുണ്ടായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ ടെർമിനലിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ആഗമന-പുറപ്പെടൽ ടെർമിനലുകൾ അടക്കുകയും നൂറുകണക്കിനാളുകളെ വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നും ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ടെർമിനൽ എട്ടിലെ ഭക്ഷണ കേന്ദ്രത്തിനു സമീപമാണ് വെടിവയ്പ് ഉണ്ടായതെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ തെരച്ചിൽ ആരംഭിച്ചതായും പൊതുസുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും എടുത്തതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ നേരത്ത റിപ്പോർട്ട് ചെയ്തിരുന്നു.