പ്രശസ്തരുമായി ബന്ധപ്പെട്ടതെന്തിനെക്കുറിച്ചറിയാനും നമുക്കെല്ലാം ആകാംക്ഷയാണ്. അവരുടെ പ്രണയത്തെക്കുറിച്ചറിയാൻ അതിലേറെ ആർത്തിയുമാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായുള്ള തന്റെ പ്രണയം കെട്ടിപ്പടുത്തതുമായി ബന്ധപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തിക്കൊണ്ട് ഭാര്യ അഞ്ജലി രംഗത്തെത്തിയിരിക്കുന്നു. സച്ചിന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയുടെ പ്രകാശനവേളയിലാണ് അഞ്ജലി രസരകരമായ പ്രണയരഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സച്ചിനുമായി എയർപോർട്ടിൽ വച്ചുണ്ടായ ഒരു കൂടിക്കാഴ്ച അവർ ഓർത്തെടുക്കുന്നുണ്ട്. അന്ന് താൻ ഒരു സുഹൃത്തിനൊപ്പം അമ്മയെ പിക്ക് ചെയ്യാൻ വന്നതായിരുന്നുവെന്നും എന്നാൽ എയർപോർട്ടിൽ സച്ചിനെ കണ്ട നിമിഷത്തിൽ അമ്മെയെ മറന്ന് താൻ സച്ചിന് പുറകിൽ ഓടിയിരുന്നുവെന്നും അഞ്ജലി വെളിപ്പെടുത്തുന്നു. സച്ചിൻ... സച്ചിൻ എന്ന് വിളിച്ച് കൂവിക്കൊണ്ടായിരുന്നു ആ ഓട്ടം. എന്നാൽ സച്ചിൻ ടെൻഡുൽക്കർ എന്ന 17കാരന് ലജ്ജയാൽ തല ഉയർത്തി തന്നെ നോക്കാൻ കഴിഞ്ഞില്ലെന്നും അഞ്ജലി ഓർക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതബാലനായ സച്ചിനാണ് ആ പോകുന്നതെന്ന് തന്റെ സുഹൃത്ത് പറഞ്ഞാണ് താൻ സച്ചിനെ തിരിച്ചറിഞ്ഞത്. ആ മുഖം കണ്ടപ്പോൾ തനിക്ക് ക്യൂട്ട്‌നെസ് തോന്നിയെന്നും അഞ്ജലി പറയുന്നു.

തുടർന്ന് സച്ചിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് താൻ വിളിക്കുകയായിരുന്നു. താൻ അഞ്ജലിയാണന്നും എയർപോർട്ടിൽ വച്ച് കണ്ടിരുന്നവെന്നും വെളിപ്പെടുത്തി. താൻ അഞ്ജലിയെ ഓർക്കുന്നുണ്ടെന്നും സച്ചിൻ അന്ന് വെളിപ്പെടുത്തിയിരുന്നു. താൻ ഏത് കളർ ഡ്രസാണ് ധരിച്ചതെന്ന് ചോദിച്ചപ്പോൾ ഓറഞ്ച് കളർ ടീഷർട്ടായിരുന്നുവെന്ന് സച്ചിൻ പറഞ്ഞതായും അഞ്ജലി വെളിപ്പെടുത്തുന്നു. സച്ചിനുമായി ജീവിക്കുക തന്റെ നിയോഗമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. എയർപോർട്ടിൽ വച്ച് കാണുന്നതിന് മുമ്പ് സച്ചിനെ രണ്ടു പ്രാവശ്യം താൻ കണ്ടിരുന്നു. അന്നൊന്നും ക്രിക്കറ്റിൽ താൽപര്യമില്ലാത്തിനാൽ അത്ര ശ്രദ്ധിച്ചില്ല. സച്ചിൻ ക്രിക്കറ്റിൽ താരമായി തിളങ്ങുമ്പോൾ താൻ ഇംഗ്ലണ്ടിലായിരുന്നുവെന്ന് അഞ്ജലി പറയുന്നു. അന്ന് ഇന്ത്യൻ ടീം കളിക്കുമ്പോൾ ഡാഡി വിളിക്കാറുണ്ടായിരുന്നു. സെഞ്ച്വറി നേടിയ സച്ചിനെ കാണാൻ ഡാഡിക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ തനിക്ക് സച്ചിനെ കാണാനും ക്രിക്കറ്റിലും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നുവെന്നും അഞ്ജലി ഓർക്കുന്നു. അന്ന് താൻ സച്ചിനെ കണ്ടിരുന്നുവെങ്കിൽ സച്ചിന്റെ 15ാം വയസ്സ് മുതൽ താൻ പുറകെക്കൂടുമായിരുന്നുവെന്നും അവർ പറയുന്നു.

ഒരു പത്രപ്രവർത്തകയെന്ന വ്യാജേന താൻ സച്ചിന്റെ വീട് സന്ദർശിച്ചിരുന്നുവെന്ന് അഞ്ജലി വെളിപ്പെടുത്തുന്നു. അന്ന് സച്ചിൻ ലജ്ജാലുവായിരുന്നു. ഒരു പെൺകുട്ടിക്ക് എങ്ങനെയാണ് തന്റെ വീട്ടിലേക്ക് വരാൻ കഴിഞ്ഞതെന്ന് അന്ന് സച്ചിൻ ചോദിച്ചിരുന്നുവത്രെ. അഞ്ജലിയുടെ സന്ദർശനത്തിൽ എന്തോ പന്തികേടുണ്ടെന്ന് തന്റെ സിസ്റ്റർ ഇൻ ലോ അന്നേ സംശയിച്ചിരുന്നവെന്ന് സച്ചിൻ വെളിപ്പെടുത്തുന്നു. ഒരു യഥാർത്ഥ ജേർണലിസ്റ്റായിരുന്നുവെങ്കിൽ അഞ്ജലി തന്നോടെന്തെങ്കിലും ചോദിക്കുമായിരുന്നുവെന്നും സച്ചിൻ പറയുന്നു.

ക്രിക്കറ്റ് ടൂറിലായിരിക്കുമ്പോൾ സച്ചിനുമായി ആശയവിനിമയം ചെയ്യുക പ്രയാസമുള്ള കാര്യമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. അക്കാലത്ത് ഇമെയിൽ, എസ്എംഎസ് എന്നിവ ഇല്ലായിരുന്നു. ഫോൺ വിളിക്കാൻ ഉയർന്ന നിരക്കുമായിരുന്നു. രാത്രി 10 മണിക്ക് കാൾ നിരക്ക് കുറവായിരുന്നതിനാൽ അപ്പോഴായിരുന്നു സച്ചിനെ വിളിച്ചിരുന്നത്. കത്തെഴുതുക മാത്രമായിരുന്നു ഏറ്റവും നല്ല മാർഗം. തങ്ങൾ എൻഗേജ്ഡ് ആകാൻ ആഗ്രഹിക്കുന്ന കാര്യം സച്ചിന്റെ മാതാപിതാക്കളെ അറിയിച്ചത് താനാണെന്ന് അഞ്ജലി വെളിപ്പെടുത്തുന്നു. ആ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചത് ഫാസ്റ്റ് ബൗളർമാരെ നേരിടുന്നതിനേക്കാൾ തനിക്ക് പ്രയാസമുണ്ടാക്കിയെന്നാണ് സച്ചിൻ പറയുന്നത്. അതിനാൽ താൻ ന്യസിലാൻഡിലായിരിക്കുമ്പോൾ അഞ്ജലിയാണിക്കാര്യം നിർവഹിച്ചതെന്നും സച്ചിൻ പറയുന്നു. ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായിരിക്കുന്നത് വിഷമമുള്ള കാര്യമാണെന്നാണ് അഞ്ജലിയുടെ പക്ഷം. ഭർത്താവ് ആദ്യം ഔട്ടാവുകയും ഇന്ത്യ ക്രിക്കറ്റിൽ തോൽക്കുകയും ചെയ്താൽ താൻ വ്യക്തിപരമായി തെറ്റ് ചെയ്തുവെന്ന തോന്നൽ തനിക്കുണ്ടാകാറുണ്ടെന്നും അവർ പറയുന്നു. അതുപോലെത്തന്നെ ക്രിക്കറ്റ് സ്റ്റാറിനൊപ്പം മക്കളെയും കൊണ്ട് യാത്ര ചെയ്യുന്നതും വിഷമമുള്ള കാര്യമാണെന്ന് സച്ചിന്റെ പത്‌നി വെളിപ്പെടുത്തുന്നു.