- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; പെൺകുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽനിന്ന് പോയിട്ടില്ലെന്ന് കെസിബിസി; അസമയത്ത് അനാവശ്യ വിവാദം കുത്തിപ്പൊക്കിയതിൽ ജോസ് കെ മാണിയോടുള്ള നീരസം മറയ്ക്കാതെ പിണറായിയും; എല്ലാം ജോസ് കെ മാണിയോട് ചോദിക്കാൻ മുഖ്യമന്ത്രി; ലൗജിഹാദ് രാഷ്ട്രീയം വീണ്ടും കുത്തിപ്പൊക്കുമ്പോൾ
കൊച്ചി: ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയന് പിടിച്ചില്ല. ഇതേ കുറിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആ വാക്കുകളിൽ നിഴലിച്ചത് ലൗ ജിഹാദിൽ ജോസ് കെ മാണിയുടെ പ്രതികരണത്തോടുള്ള വിയോജിപ്പാണ്. അഥിനിടെ പ്രതികരണത്തിൽ ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി രംഗത്തു വന്നു. ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി വിശദീകരിച്ചു.
ക്രൈസ്തവ സഭകൾക്ക് ലൗജിഹാദിലുള്ള വിയോജിപ്പ് ചർച്ചയാക്കിയത് ബിജെപിയായിരുന്നു. ഇങ്ങനെ ഒന്നില്ലെന്നതായിരുന്നു സിപിഎം നിലപാട്. ഇത് തള്ളുന്ന തരത്തിലായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പലായിൽ സഭയുടെ വോട്ട് അനുകൂലമാക്കാനുള്ള നിർണ്ണായക നീക്കമായിരുന്നു അത്. എന്നാൽ ഇടതു നയത്തിന് വിരുദ്ധവുമായി അത്. ഈ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രി കരുതലോടെ പ്രതികരിച്ചത്. ഇടതുപക്ഷത്ത് എത്തിയ ശേഷം ജോസ് കെ മാണിക്ക് പൂർണ്ണ പിന്തുണയാണ് പല വിഷയത്തിലും മുഖ്യമന്ത്രി നൽകിയത്.
സീറ്റ് വിഭജനത്തിൽ പോലും ഉദാര സമീപനം എടുത്തു. എന്നാൽ മലബാറിലെ മുസ്ലിം വോട്ടുകളെ എതിരാക്കാൻ ജോസ് കെ മാണിയുടെ പ്രസ്താവന കാരണമാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് ലൗജിഹാദിനെ തള്ളുന്ന നിലപാട് വീണ്ടും പിണറായി എടുക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
ഇതിനിടെയാണ് ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നത്. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇക്കാര്യത്തിൽ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തിൽ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദിൽ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. പെൺകുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽനിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൽ.ഡി.എഫിന്റെ പ്രധാന ഘടകകക്ഷികളിലൊരാളായ കേരള കോൺഗ്രസിൽനിന്ന് ഇത്തരമൊരു പ്രതികരണം വന്നത് സിപിഎമ്മിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ് ഇതിനുപിന്നാലെയാണ് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി.യും രംഗത്തെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ