- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലൗ ജിഹാദിൽ' കണ്ണുരുട്ടി പിണറായി; മതമൗലികവാദികളുടെ പ്രചാരണമെന്ന് കാനം; വിവാദമായതോടെ 'പറഞ്ഞത് തിരുത്തി' ജോസ് കെ മാണി; കേരളാ കോൺഗ്രസിന് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെ; തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമെന്നും പ്രതികരണം; കെ.സി.ബി.സി പിന്തുണച്ചിട്ടും 'തിരുത്ത്' മുന്നണിയിലെ ഒറ്റപ്പെടൽ ഭയന്ന്
കോട്ടയം: ലൗ ജിഹാദ് വിഷയത്തിൽ പ്രതികരണം വിവാദമായതോടെ പറഞ്ഞത് തിരുത്തി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.
ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.
ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
ജോസ് കെ. മാണിയെ പിൻതുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി. ജോസ് കെ. മാണിയുടെ പ്രതികരണം ജാതീയത വളർത്തുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് വിമർശിച്ചു. ഇടതുപക്ഷനയത്തിൽനിന്ന് വ്യതിചലിച്ച് ജോസ് കെ. മാണി നടത്തിയ പരാമർശം മുന്നണിക്ക് ഓർക്കാപ്പുറത്തേറ്റ അടിയായാണ് വിലയിരുത്തപ്പെട്ടത്.
ഏറെക്കാലമായി ഉയർത്തുന്ന വാദത്തിന് ജോസ് കെ. മാണിയിൽനിന്ന് കിട്ടിയ പിന്തുണ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും ബിജെപി ആയുധമാക്കി. ജോസിന്റെ പ്രസ്താവന ജാതീയത വളർത്താനാണെന്ന് ആക്ഷേപിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇടതുമുന്നണിയിൽ എന്തുകൊണ്ട് ആവശ്യമുന്നയിക്കുന്നില്ലെന്നു ചോദിച്ചു
അതേസമയം, സഭയുടെ ആവശ്യത്തോടുള്ള ക്രിയാത്മക നിലപാടാണ് ജോസ് കെ മാണിയുടേതെന്ന കെസിബിസി നിലപാട് ഇടതുമുന്നണിയെ വെട്ടിലാക്കി. ഉറച്ചുവോട്ടുകളിൽ ചോർച്ചയുണ്ടാക്കുന്നതാണ് ലൗ ജിഹാദ് പരാമർശമെന്നു വ്യക്തമായറിയാവുന്ന മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
ജോസ് കെ. മാണിയുടെ പ്രതികരണം വിവാദമായതോടെ എൽ.ഡി.എഫും പ്രതിരോധത്തിലായി. തുടർന്നാണ് പറഞ്ഞത് തിരുത്താൻ ജോസ് കെ മാണി നിർബന്ധിതനായത്.
ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമർശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. അങ്ങനെ പറഞ്ഞത് താൻ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും പിണറായി പ്രതികരിച്ചിരുന്നു. ജോസ് കെ മാണിയുടെ നിലപാട് സിപിഐയും തള്ളിക്കളഞ്ഞു. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്റെ പരാമർശം എൽഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പ്രതികരിച്ചു.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെയും പ്രതികരണം. ലൗ ജിഹാദ് വിഷയത്തിൽ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് വിജയരാഘവൻ കൊച്ചിയിൽ പറഞ്ഞു.