- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് കണ്ണുരിലെ ക്രിസ്ത്യൻ സംഘടനകൾ രഹസ്യ പഠന ശിബിരങ്ങളുമായി മുമ്പോട്ട്; ലൗ ജിഹാദ് ഗൂഡ ലക്ഷ്യങ്ങളും ചതിക്കുഴികളും എന്ന വിഷയത്തിൽ ക്ലാസും ബോധവൽക്കരണവും നടത്തുന്നത് വൈദികർ നേരിട്ട്; വിവാഹ വിവാദങ്ങളിൽ ചർച്ച തുടരുമ്പോൾ
കണ്ണുർ: കണ്ണൂർ ജില്ലയിൽ ലൗ ജിഹാദിനെതിരെ ആഞ്ഞടിച്ച് ക്രിസ്ത്യൻ സംഘടന രഹസ്യമായി പഠനശിബിരങ്ങൾ സംഘടിപ്പിക്കുന്നു. ലൗ ജിഹാദ് യാഥാർത്ഥ്യമാണോ അല്ലയോയെന്നതിനെ കുറിച്ച് രാജ്യത്ത് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയിലാണ് ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് കണ്ണുരിലെ ഒരു വിഭാഗം ക്രിസ്ത്യൻ സംഘടനകൾ രഹസ്യമായി പഠന ശിബിരം നടത്തി വരുന്നത്.
ഡിയ കോണിയ എന്ന സംഘടനയുടെ മുൻ കൈയിലാണ് പ0ന ശിബിരങ്ങൾ സംഘടിപ്പിച്ചു വരുന്നത്. കെ.സി.വൈ.എം., മിഷ്യൻ ലീഗ് തുടങ്ങിയ സംഘടനകൾ പഠന ശിബിരവുമായി സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് സെന്റ് മേരീസ് ചർച്ചിന്റെ പാരീഷ് ഹാളിൽ ഇത്തരമൊരു പഠന ശിബിരം നടത്തിയിട്ടുണ്ട്. ലൗജിഹാദ് നേർക്കാഴ്‌ച്ചകളും മുൻ കരുതലുകളുമെന്ന വിഷയത്തിലായിരുന്നു ശിബിരം മാധ്യമങ്ങളെയൊന്നും വിവരമറിയിക്കാതെ വളരെ രഹസ്യ സ്വഭാവത്തിലാണ് പരിപാടി നടത്തിയത്.
മാർ ജോസഫ് പാംപ്‌ളാനിയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. ലൗ ജിഹാദ് ഗൂഡ ലക്ഷ്യങ്ങളും ചതിക്കുഴികളും എന്ന വിഷയത്തിൽ ഫാദർ നോബിൾ പാറയ്ക്കലും അജപാലന പ്രായോഗിക നിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ഫാദർ മെലി ബിൻ വെള്ളക്കാ കുടിയിലും ക്‌ളാസെടുത്തു. ഫാദർ ജേക്കബ് വെണ്ണായി പള്ളിൽ ഫാദർ ജോസഫ് വടക്കേപറമ്പിൽ ഫാദർ തോമസ് വാളി പ്‌ളാക്കൽ തുടങ്ങിയവർ ശിബിരത്തിൽ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും വരുന്ന മാസങ്ങളിൽ ഇത്തരം ശിബിരങ്ങൾ നടത്തുമെന്നാണ് വിവരം.
നേരത്തെ പ്രചരണകാലത്ത് ലൗ ജിഹാദ് പ്രതികരണത്തിൽ ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി രംഗത്തു വന്നിരുന്നു. ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചിരുന്നു. പിന്നീട് ജോസ് കെ മാണി നിലപാട് മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പോഴും ലൗ ജിഹാദിൽ ആശങ്കയുണ്ടെന്ന സൂചനയാണ് ക്രൈസ്തവ വിഭാഗങ്ങൾ പങ്കുവയ്ക്കുന്നത്.
ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇക്കാര്യത്തിൽ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തിൽ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദിൽ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. പെൺകുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽനിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ ജോസ് കെ.മാണി നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൽ.ഡി.എഫിന്റെ പ്രധാന ഘടകകക്ഷികളിലൊരാളായ കേരള കോൺഗ്രസിൽനിന്ന് ഇത്തരമൊരു പ്രതികരണം വന്നത് സിപിഎമ്മിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കി. പിന്നീട് ജോസ് കെ മാണി നിലപാട് മാറ്റി. എന്നാൽ പൂഞ്ഞാറിൽ പിസി ജോർജ് ലൗജിഹാദ് വിഷയം ആളികത്തിക്കുകയും ചെയ്തു. ലൗ ജിഹാദിനെ തകർക്കാൻ ഇന്ത്യയെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ