- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൗ ജിഹാദില്ലെന്ന് സിപിഎമ്മും ഇടതുമുന്നണിയും പറയുമ്പോൾ സംശയം പ്രകടിപ്പിച്ച് ജോസ്.കെ.മാണി; ഹൈക്കോടതി അടക്കം തള്ളിക്കളഞ്ഞെങ്കിലും വിഷയം വീണ്ടും ചർച്ചയാകുന്നു; ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന സംശയം തീർക്കണമെന്ന് കേരള കോൺ എം നേതാവ്; ജോസ് ഉന്നയിച്ചത് കഴിഞ്ഞ വർഷം സീറോ മലബാർ സഭ ഉയർത്തിയ വിഷയം; പ്രതികരിക്കാൻ നിർബന്ധിതരായി ഇടതുനേതാക്കളും
കോട്ടയം: ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി ചാനൽ പരിപാടിയിൽ പറഞ്ഞു. ഇതാദ്യമായാണ് ഇടതുമുന്നണിയിലെ ഒരുഘടകകക്ഷി ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. യുഡിഎഫ് നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല.
വിഷയത്തിൽ ഇനി എൽഡിഎഫ് നേതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. 'ലൗ ജിഹാദ് എന്ന പ്രശ്നം പരിശോധിക്കണം. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അഡ്രസ് ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന്പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദൂരീകരിക്കണം'' -ജോസ് കെ.മാണി പറഞ്ഞു.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന് വിഷയം വീണ്ടും ചർച്ചയാകുന്നതിനാൽ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നത്താലല്ല, ലോക്കൽ ബോഡി പദവിക്കുവേണ്ടി നാല് പതിറ്റാണ്ടായി ഒരുമിച്ച് നിന്ന പ്രസ്ഥാനത്തെ കോൺഗ്രസ് പുറത്താക്കിയതാണെന്നും ജോസ് പറഞ്ഞു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നു. ജോയ് എബ്രഹാമിന്റെ കാലാവധി കഴിഞ്ഞ സീറ്റാണു നൽകിയത്. സീറ്റ് കോൺഗ്രസിന്റെതെന്നതു വാദം മാത്രമെന്നും ജോസ് പ്രതികരിച്ചു.
സീറോ മലബാർ സഭ കഴിഞ്ഞ വർഷം ജനുവരിയിൽ ലൗ ജിഹാദ് എന്ന് പേരുപയോഗിക്കാതെ പരാമർശിച്ച കാര്യങ്ങളാണ് ജോസ് കെ മാണിയും ചർച്ചാവിഷയമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 15-നാണ് സീറോ മലബാർ സഭ, കൊച്ചിയിൽ നടന്ന സിനഡ് യോഗത്തിനു ശേഷം പുറത്തിറക്കിയ സർക്കുലറിലെ ഒരുഭാഗം ഇങ്ങനെയായിരുന്നു- 'ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ'. അതിൽ രണ്ടാം ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു-
''മത സൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തര പ്രണയങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു എന്നതു വസ്തുതയാണ്. കേരളത്തിൽ നിന്ന് ഐ.എസ് ഭീകരസംഘടനയിലേക്കു പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നതു നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ഇത്തരം പ്രണയ ബന്ധങ്ങളെ ആരും മനസ്സിലാക്കരുത്. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായോ ഭീകരവാദ പ്രശ്നമായോ മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു.
ഈ വിഷയത്തിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു ജനുവരി 19-നു പള്ളികളിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. അതേസമയം, എറണാകുളം, അങ്കമാലി അതിരൂപതകളിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.
സഭയുടെ ആരോപണത്തെ എതിർത്തു രംഗത്തു വന്ന ഏക സംഘടന ഡിവൈഎഫ്ഐയായിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു പറയുന്നത് എന്നായിരുന്നു സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ.എ റഹീം ചോദിച്ചത്. ഈ ആരോപണം ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
''കേരളത്തിന്റെ പൊലീസ് മേധാവി ഈ ആരോപണം തള്ളിക്കളഞ്ഞതാണ്. എന്തു സാഹചര്യത്തിലാണ് ലൗ ജിഹാദ് ആരോപണം ആവർത്തിക്കുന്നത്? ലൗ ജിഹാദ് ആർ.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടയാണ്. മുസ്ലീങ്ങളെ പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒഴിവാക്കേണ്ടത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ഇപ്പോൾ മുസ്ലീങ്ങളെയാണ് ആർഎസ്എസ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ നാളെ അത് ക്രിസ്ത്യാനികളെ ആയിരിക്കും. ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭാ നേതൃത്വം മറക്കരുത്. ഉത്തരേന്ത്യയിൽ ചുട്ടെരിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ എത്ര പെട്ടെന്നാണു നേതൃത്വം മറക്കുന്നത്,'' റഹീം പറഞ്ഞിരുന്നു.
ലൗജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുമെന്നതാണ് ഇത്തവണ ബിജെപി പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ