ഇന്ദോർ: യഥാർഥ പേരും മതവും മറച്ചുവെച്ച് തന്നെ ഭർത്താവ് വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ ലൗജിഹാദ് നിയമം ചുമത്തി കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ ദ്വാരകാപുരി പൊലീസ് സ്റ്റേഷനിലാണ് ഗർഭിണിയായ യുവതി ഭർത്താവിനെതിരേ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യഥാർഥ പേരും മതവും മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ച് വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. താൻ ഗർഭിണിയായതോടെയാണ് ഭർത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്. പുതിയ ലൗജിഹാദ് നിയമപ്രകാരമാണ്(മധ്യപ്രദേശ് ധർമ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റർ ചെയ്തത്.

ജിംനേഷ്യത്തിലെ പരിശീലകനായ ഇയാൾ ഗബ്ബാർ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വർഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയിൽവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.

ഗർഭിണിയായ യുവതിയെ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭർത്താവിന്റെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭർത്താവിന്റെ യഥാർഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

യഥാർഥ പേരും വ്യക്തിത്വവും മറച്ചുവെച്ച് വിവാഹം ചെയ്തതിനാണ് ലൗജിഹാദ് നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തതെന്ന് ദ്വാരകാപുരി എസ്.എച്ച്.ഒ. സതീശ് ദ്വിവേദി പറഞ്ഞു.

കഴിഞ്ഞ നംവബർ 28നാണ് ഉത്തർപ്രദേശിൽ യോഗി സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്. 

നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിന് പിന്നാലെ മധ്യപ്രദേശ്, കർണാടക, ഹരിയാന, അസം സർക്കാരുകളും സമാനമായ നിയമം കൊണ്ടുവന്നിരുന്നു.

പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ പത്തുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ലഭിക്കുക. 

നിർബന്ധിത മതപരിവർത്തത്തിന് ഇരയായ ആൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മതം മാറി വിവാഹം കഴിക്കുന്നതിന് രണ്ട് മാസം മുൻപ് അധികൃതരെ അറിയിക്കണമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.