- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിലും ലൗ ജിഹാദിനെതിരായ നിയമം പ്രാബല്യത്തിൽ വന്നു; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയം; നിർബന്ധിത മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും പത്തു വർഷം വരെ തടവും ശിക്ഷ
ഭോപ്പാൽ: മധ്യപ്രദേശിലും ലൗ ജിഹാദിനെതിരായ നിയമം പ്രാബല്യത്തിൽ വന്നു. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതിന് പിന്നാലെ നിയമം പ്രാബല്യത്തിലായതായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമം അനുസരിച്ച് നിർബന്ധിത മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും രണ്ട് മുതൽ പത്തു വർഷം വരെ തടവും ശിക്ഷ ലഭിക്കും. ഉത്തർപ്രദേശിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാരും ലൗ ജിഹാദ് നിയമം പാസാക്കിയത്.
സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 'മധ്യപ്രദേശ് ധർമ്മ സ്വതന്ത്ര്യ അധിനിയം 1968' ന് പകരമാണ് പുതിയ നിയമം. 1968ലെ നിയമം കാലഹരണപ്പെട്ടതാണെന്നാണ് ബിജെപി സർക്കാരിന്റെ വാദം. മതപരിവർത്തന വിഷയത്തിൽ കഴിഞ്ഞ അമ്പത് വർഷത്ത് സംസ്ഥാനത്തുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിയമം പുതുക്കുന്നത്, ഇത് പോലെയുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നിയമത്തിലെ നിർവചനങ്ങൾ പുതുക്കി ഉയർന്ന ശിക്ഷ പ്രഖ്യാപിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചു വിവാഹത്തിനായി മാത്രമുള്ള നിർബന്ധിത മതപരിവർത്തനങ്ങളുടെ കാര്യത്തിലെന്നാണ് സർക്കാർ വാദം.
നിർബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവർത്തനങ്ങളെ തടയുന്നതിനായി ഉത്തർപ്രദേശ് നേരത്തേ നിയമം കൊണ്ടുവന്നിരുന്നു. നിയമലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കിൽ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാൻ ആഗ്രഹിക്കുന്നവർ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകണമെന്നും ഓർഡിനൻസിൽ നിഷ്കർഷിക്കുന്നു.
നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിർമ്മാണം നടത്തുമെന്ന് നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികൾ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിർമ്മാണമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് ബിജെപി വാദം. എന്നാൽ, ലൗ ജിഹാദ് ഇല്ലെന്ന് ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്