- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ ലൗ ജിഹാദ് ആരോപിച്ചുള്ള പീഡനം തുടരുന്നു; മുസ്ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ലെതർ ബെൽറ്റുകൊണ്ട് മർദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ്; പൊലീസ് നടപടി മുസ്ലിം യുവാവ് ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അജ്ഞാത ഫോൺ സന്ദേശത്തിന് പിന്നാലെ
ലക്നോ: ഉത്തർ പ്രദേശിൽ ലൗജിഹാദ് ആരോപിച്ചുള്ള പൊലീസ് പീഡനം പതിവാകുന്നു. മുസ്ലിം സമുദായത്തെ തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്തർപ്രദേശിൽ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്ന ആരോപിച്ചു.
മുസ്ലിം യുവാവ് ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസെത്തി വിവാഹച്ചടങ്ങ് തടഞ്ഞത്. എന്നാൽ, ഇരുവരും മുസ്ലിംകളാണെന്ന് മനസ്സിലാക്കി പിറ്റേദിവസം വിട്ടയക്കുകയായിരുന്നു. യുവതിയുടെ സഹോദരൻ സ്ഥലത്തെത്തി പൊലീസിന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. പിന്നീട് ബുധനാഴ്ച രണ്ടുപേരും വിവാഹിതരായി.
എന്നാൽ, ചൊവ്വാഴ്ച കശ്യ പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസ് തന്നെ ലെതർ ബെൽറ്റുകൊണ്ട് മർദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് 39കാരനായ വരൻ ഹൈദർ അലി പറഞ്ഞു.
ലൗ ജിഹാദാണെന്ന് കിംവദന്തി പ്രചരിപ്പിച്ചവരെ കശ്യ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സഞ്ജയ് കുമാർ കുറ്റപ്പെടുത്തി. ഇരുവരും പ്രായപൂർത്തിയായവരും ഒരേ മതക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെ ദമ്പതികളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ. ഹൈദർ അലിയെ മർദ്ദിച്ചുവെന്ന ആരോപണം എസ്പി വിനോദ് കുമാർ സിങ് നിഷേധിച്ചു.
ലൗ ജിഹാദ് തടയുന്നതിനെന്ന പേരിൽ യുപി സർക്കാർ പാസാക്കിയ നിയമത്തെ തുടർന്ന് നേരത്തെയും പൊലീസ് മിശ്രവിവാഹങ്ങൾ തടഞ്ഞത് വിവാദമായിരുന്നു. മതം മാറിയുള്ള വിവാഹത്തിന് ഒരു മാസം മുൻപേ നോട്ടീസ് നൽകണമെന്നാണ് നിയമം.
മറുനാടന് ഡെസ്ക്