കോഴിക്കോട്: മതത്തെ മറികടന്നുള്ള വിവാഹങ്ങളെ അംഗീകരിക്കുന്ന കാര്യത്തിൽ മലയാളികൾ ഇപ്പോഴും പിന്തിരിപ്പന്മാരാണ്. എത്രപുരോഗമന വാദികൾ എന്നു പറഞ്ഞാലും ഇതാണ് സ്ഥിതി. മുസ്ലിം യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ വീട്ടുകാർ ഭ്രാന്തിയാക്കി ആശുപത്രിയിൽ അടച്ചുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതിക്കാരിയായ പെൺകുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കത്ത് സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിക്കുകയാണ്.

തന്നോട് വീട്ടുകാർ ക്രൂരമായി പെരുമാറുകയാണെന്നും സ്നേഹിച്ചയാളെ വിവാഹം ചെയ്തു സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നു യുവതി. കോഴിക്കോട് ചെറൂപ്പ സ്വദേശി ജിജിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈപ്പിൻ സ്വദേശിയായ ഷൈജുവുമായി ജിജി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ ഇരുവരും തീരുമാനിച്ചിരിക്കേയാണ് യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയത്.

പൊലീസിന്റെ സഹായം തേടിയപ്പോൾ ഭ്രാന്തിയാണെന്നു പറഞ്ഞു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു. തനിക്കു പതിനെട്ടു വയസ് കഴിഞ്ഞെന്നും തന്റെ ജീവിതത്തിൽ തീരുമാനമെടുക്കാൻ തനിക്കാണ് അവകാശമെന്നും ജിജി കത്തിൽ പറയുന്നു. ഈ വിഷയത്തിൽ ജില്ലാ കലക്ടർ ഇടപെട്ടിരുന്നു. തുടർന്ന് ഇപ്പോൾ പെൺകുട്ടി മഹിളാ മന്ദരത്തിലാണ് താമസിക്കുന്നത്. തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് പെൺകുട്ടി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്:

എന്റെ പേര് ജിജി ടി.എം ,
ഞാൻ കോഴിക്കോട് ജില്ലയിൽ മാവൂര് ചെറൂപ കുറ്റിക്കടവ് തെക്കുമഠത്തിൽ രാജന്റെയും ഗീതയുടെയും മകൾ ആണ് , .
. .എനിക്ക് 18 വയസ്സ് കഴിഞ്ഞു .
കഴിഞ്ഞ 2 വര്ഷതോലമായ് ഞാൻ എറണാകുളം ജില്ലയിലെ വൈപിനിൽ ബഷീറിന്റെയും ജസ്മിയുടെയും മകൻ ഷൈജു പി.ബി (22) യുമായി പ്രണയത്തിലാണ് . ഏട്ടൻ എറണാകുളത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ് ..
എന്നാൽ ഇന്റർ കാസ്റ്റ് ആയതിനാൽ (എന്റെ ഏട്ടൻ മുസ്ലിം ആണ് ഞാൻ ഹിന്ദു ആണ് )എന്റെ വീട്ടുകാര്ക്ക് ഞങ്ങളുടെ ഈ ബന്ധത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല .
കഴിഞ്ഞ ഫെബ്രുവരി 8 ആം തീയതി ഞങ്ങൾ എറണാകുളം ഞാറക്കൽ സബ് രേജിസ്ട്രാർ ഓഫീസില വച്ച സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ തീരുമാനിച്ചു അങ്ങനെ ഞാൻ എന്റെ ഏട്ടന്റെ കൂടെ ഇറങ്ങി പോകാൻ തീരുമാനിച്ചു .
എന്നാൽ വീട്ടില് നിന്നും ഇറങ്ങിയ എന്നെ എന്റെ വീട്ടുകാർ പോവാൻ അനുവതിച്ചില്ല.
ഈ വിവാഹത്തിന് എന്റെ വീട്ടുകാർ സമ്മതിക്കില്ല എന്നും പറഞ്ഞു .
ഈ വിവരം ഞാൻ ഷൈജു നെ അറിയിച്ചു . എന്നെ വിട്ടു കിട്ടുന്നതിനായി എന്റെ സമ്മതത്തോടെ ഏട്ടൻ എറണാകുളം ഹൈക്കോടതിയിൽ habeas corpus ഫയൽ ചെയ്തു .
എന്നാൽ കോടതിയിൽ ഹാജരാക്കിയാൽ ഞാൻ എന്റെ ഏട്ടന്റെ കൂടെ പോകുമെന്ന് മനസ്സിലാക്കിയ എന്റെ വീട്ടുകാർ അപ്പോഴേക്കും എന്നെ വീട്ടില് നിന്നും എറണാകുളത് കൂത്താട്ടുകുളം എന്ന സ്ഥലത്തെ ഒരു കൗണ്സ്ലിങ് സെന്റെറിൽ കൊണ്ട് പൊയ് ആക്കി .
അങ്ങനെ കേസ് ന്റെ 4 ഹീരിങ്ങിനും എന്നെ എന്റെ വീട്ടുകാർ ഹാജരാക്കിയില്ല .
അവസാനം 2016 മാർച്ച് 18 ആം തീയതി എന്നെ കോടതിയിൽ ഹാജരാക്കി
വീട്ടുകാർ എന്നെ ഒരുപാട് ഭീഷണിപ്പെടുത്തി അവസാനം അവരുടെ ഭീഷണിക്ക് മുന്നില് മനസ്സിലാ മനസ്സോടെ എനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു .
ഹൈക്കോടതിയിൽ ജഡ്ജിയോട് ഞാൻ ''ഇപ്പോൾ എനിക്ക് ഇതിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല തല്കാലം ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ പോയികൊള്ളം'' എന്ന് അവർ എന്നെ കൊണ്ട് പറയിപ്പിച്ചു .
അങ്ങനെ എന്നെ എന്റെ വീട്ടിലേക് കൊണ്ട് പോയി .
അവിടെ വച്ച് എനിക്ക് എന്റെ ഏട്ടനെ contact ചെയ്യാൻ യാതൊരു നിർവാഹവും ഉണ്ടായിരുന്നില്ല . അവസാനം ഞാൻ എന്റെ എട്ടന് ഒരു കത്തെഴുതി അറിയിച്ചു . വീട്ടുകാരുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് ഏട്ടനെ അറിയിച്ചു.
ഞാൻ എട്ടന് കത്ത് അയച്ചതറിഞ്ഞ എന്റെ വീട്ടുകാർ എന്നെ ഒരുപാട് ഉപദ്രവിച്ചു .
ഉപദ്രവം സഹിക്ക വയ്യാതെ ഞാൻ വീട്ടില് നിന്നും ഇറങ്ങി ഓടി , സഹിക്കവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചു , ഇനി എനിക്ക് കഴിയില്ല ,
മാവൂര് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.
എനിക്ക് വീട്ടിലേക് പോവണ്ട , എനിക്ക് എന്റെ ഏട്ടന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് ഞാൻ അവരോട പറഞ്ഞു .
അവർ എന്നെ അവിടെ നിന്നും കോഴിക്കോട് CJM കോടതിയിൽ ഹാജരാക്കി അവിടെ നിന്നും കോഴിക്കോട് വെള്ളിമാട്കുന്നു മഹിള മന്ദിരതിലെക് എന്നെ മാറ്റി .
അതിനുശേഷം കഴിഞ്ഞ മെയ് 10 നു രാവിലെ 11 മണിക്ക് എന്നെ CJM കോടതിയിൽ വീണ്ടും ഹാജരാക്കി അവിടെ എന്റെ ഏട്ടൻ എന്നെ ഏറ്റെടുക്കാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു . ഞാൻ ജഡ്ജിയോട് എനിക്ക് എന്റെ ഏട്ടന്റെ കൂടെ പോകണമെന്നാണ് പറഞ്ഞത് , പക്ഷെ അവർ അതിനും സമ്മതിച്ചില്ല .കേസ് ഈ മെയ് 24 അം തീയതിയിലേക്ക് മാറ്റി . അതിനിടെ എന്റെ വീട്ടുകാർ കോടതിയിൽ എനിക്ക് മാനസിക രോഗമാണെന്നും പറഞ്ഞു .
എന്നെയും ഏട്ടനേയും ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ അവർ സമ്മതിക്കില്ല എന്നും പറയുന്നു .
2016 മെയ് 21 നു മഹിളാ മന്ദിരത്തിൽ നിന്നും എന്നെ അവർ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി .
അവിടെ നിന്നും എനിക്ക് ഒരുപാട് മോശമായ അനുഭവങ്ങളാണ് ഉണ്ടായത് . അവിടുത്തെ ജീവനക്കാർ എന്നോട് പറഞ്ഞത്
'നീ അവനെ വേണ്ട എന്നു കോടതിയിൽ പറഞ്ഞാൽ മാത്രമേ നിനക്കു പ്രോബ്ലെം ഒന്നുമില്ല എന്ന സിർട്ടിഫിക്കറ്റു ഇവിടെ നിന്നും ഞങ്ങൾ തരൂ ' എന്നാണ് ....
എന്നെ മെയ് 24 നു കോടതിയിൽ ഹാജരാക്കിയില്ല ....
ഇതറിഞ്ഞ എന്റെ ഏട്ടൻ ഉടനെ തന്നെ ഏഷ്യാനെറ് ന്യൂസിൽ വിവരം അറിയിക്കുകയും അവർ എന്നെ കാണാൻ ബന്ധു എന്ന വ്യാജേന ആശുപത്രിയിൽ വരികയും എന്നോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു .
2016 മെയ് 28 നു ഏഷ്യാനെറ് ന്യൂസിൽ ഈ വാർത്ത ഞാൻ പറയുന്നതടക്കം സംപ്രേഷണം ചെയ്യുകയും ചെയ്തു . 8 ദിവസത്തോളം എന്നെ മാനസിക ആശുപത്രിയിൽ അഡ്‌മിറ് ചെയ്തിരുന്നു.
അതിനു ശേഷം അവർ എന്നെ മാനസിക ആശുപത്രിയിൽ നിന്നും മഹിളാ മന്ദിരത്തിലേക് തന്നെ മാറ്റി ...
പിന്നീട് 2016 ജൂൺ 15 ന് എന്നെ കോടതിയിൽ ഹാജരാക്കി അപ്പോഴും എനിക്ക് മാനസിക രോഗമാണെന്ന് എന്റെ വീട്ടുകാർ ആരോപിച്ചു ...
അങ്ങനെ 2016 ജൂൺ 22 ന് എന്നെ ചികിൽസിച്ച ഡോക്ടറോട് കോടതിയിൽ ഹാജരാവാൻ വേണ്ടി കോടതി ഉത്തരവിട്ടു ....
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഡോക്ടർക് ഹാജരാവാൻ സാധിച്ചില്ല . ആയതിനാൽ കേസ് 2016 ജൂലൈ 15 ലേക് മാറ്റി വച്ചിരിക്കുകയാണ് ...
കൃത്യമായി പറഞ്ഞാൽ 45 ദിവസത്തോളമായി ഞാൻ മഹിളാ മന്ദിരത്തിൽ ആയിട്ട് ..
എന്റെ വീട്ടുകാർ എന്നെ ഏട്ടന്റെ കൂടെ പോവാതിരിക്കാൻ വേണ്ടി മനപ്പൂർവം ആരുടെയൊക്കെയോ സഹായത്തോടെ എന്നെ ഒരു ഭ്രാന്തി ആയി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ....
കേവലം ജാതിയുടെയും മതത്തിന്റെയും പേരില് ഞങ്ങളെ പിരിക്കരുത് . എനിക്ക് എന്റെ ഏട്ടനില്ലതെയോ , എട്ടന് ഞാൻ ഇല്ലാതെയോ ജീവിക്കാൻ കഴിയില്ല .
എന്റെ അച്ഛനും അമ്മക്കും എന്നെക്കാൾ വലുത് ജാതിയും രാഷ്ട്രീയക്കാരും ആണ് ...
അതുകൊണ്ടാണ് എന്നെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച അവർ ആശുപത്രിയി കൊണ്ടു പോയി അഡ്‌മിറ് ചെയ്തത് , അതും പൂർണ ഭ്രാന്തന്മാരുടെ 5 ആം വാർഡിൽ ..
ജാതി മത വർഗീയതകൾ ഒന്നുമില്ലാതെ എന്റെ തീരുമാനമനുസരിച് എന്നെ എന്റെ ഏട്ടനെ വിവാഹം കഴിച്ചു ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവതിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും വധ ഭീഷണി വരെ ഉണ്ടായിട്ടും എനിക്ക് വേണ്ടി എല്ലാം സഹിക്കുകയാണ് എന്റെ ഏട്ടൻ .
ഞങ്ങള്ക്ക് ആരോടും ഒരു പരാതിയും ഇല്ല ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളു ജാതിയുടെയും മതത്തിന്റെയും പേരില് ഞങ്ങളെ പിരിക്കരുത് ...
ഈ കാലയളവിൽ ഒരു 18 വയസുകാരി അനുഭവിക്കാവുന്നതിലേറെ ഞാൻ ഇപ്പോൾ അനുഭവിച്ചു .
എന്റെ സ്വയ രക്ഷക്ക് വേണ്ടിയാണ് ഞാൻ ഓടി പോയി മാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് ..
എന്നാൽ കോടതിയിൽ എത്തിയപ്പോൾ എന്നെ അവർ മാനസിക രോഗി എന്നാരോപിക്കുകയായിരുന്നു ....
ഒരുപക്ഷേ എന്റെ സ്വന്തം അച്ഛനും അമ്മയും തന്നെ അങ്ങനെ ആരോപിച്ചതുകൊണ്ടായിരിക്കാം കോടതി പോലും അതു വിശ്വസിച്ചത്.
പക്ഷെ ആശുപത്രി ജീവനക്കാരും മഹിളാ മന്ദിരം അന്തയവാസികളും എന്തിനാണ് അതിനു കൂട്ടു നില്കുന്നത് എന്നെനിക് അറിയില്ല ...
ഇപ്പോഴും നീതിക്കു വേണ്ടി പോരാടുകയാണ് ഞാൻ ...
പക്ഷെ എനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല ...
ഇനി ലഭിക്കും എന്ന പ്രതീക്ഷയും കുറഞ്ഞു വരികയാണ് ....
പരാതി കൊടുക്കേണ്ടവർക്കെല്ലാം ഞാൻ പരാതി അയച്ചു പക്ഷെ എന്നിട്ടും എനിക്കിതു വരെ നീതി ലഭിച്ചില്ല ....
ആയതിനാൽ ദയവു ചെയ്ത ഒരു അസുഖവും ഇല്ലാതെ എന്നെ നിയമത്തിനു മുന്നിൽ ഒരു ഭ്രാന്തിയായി ചിത്രീകരിച്ചു എന്റെ ജീവിതം ഇനിയും നശിപ്പിച്ചു കളയരുതെന്നും എന്നെ എന്റെ ഏട്ടന്റെ കൂടെ ജീവിക്കാൻ അനുവത്തിക്കണമെന്നും എന്റെ മാതാ പിതാക്കളോടും കോടതിയോടും മറ്റെല്ലാവരോടും അപേക്ഷിക്കുകയാണ് ....
കാരണം എനിക്കു വേറെ വഴിയില്ല , ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ് പോലും ആരും കാണിക്കുന്നില്ല ...
എന്നെ ചികിൽസിച്ചു ഡോക്ടറുടെ മൊഴിയാണ് ഇനി എന്റെ ജീവിതത്തിലെ വിധി എഴുതാൻ പോകുന്നത് ,
എന്റെ അച്ഛനും അമ്മയും ഞങ്ങളെ പറ്റി എന്താണ് പറഞ്ഞു പരത്തുന്നതെന്നു എനിക് അറിയില്ല ..
അതു കൊണ്ടു തന്നെ അവർ പറയുന്നത് കേട്ട് സത്യാവസ്ഥ അറിയാതെ പലരും അവരുടെ കൂടെ നിൽക്കുകയാണ് ..

എന്റെ ജീവിതം നശിപ്പിക്കരുത് .
ഞാൻ 18 വയസ്സ് പൂര്ത്തിയായ മേജർ ആണ്. എന്റെ ജീവിതത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ട് .
ആയതിനാൽ എന്നെ എന്റെ ഏട്ടനെ വിവാഹം കഴിച്ചു സ്വസ്ഥമായ് ജീവിക്കാൻ അനുവതിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു....
ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാൻ ഈ അപേക്ഷയോടൊപ്പം സമര്പ്പിക്കുന്നു...

എന്ന്

ജിജി ടി എം