കൊച്ചി: മലയാളികളുടെ ദാമ്പത്യ ബന്ധങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? ഭാര്യയും ഭർത്താവും കുഞ്ഞുമായി സ്വസ്തമായി ജീവിതം നയിക്കുക എന്ന പതിവുശൈലിയിൽ നിന്നും മാറി അവിഹിത ബന്ധങ്ങളാൽ കുടുംബങ്ങൾ തകർക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുന്ന ഭാര്യമാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. എന്നാൽ, ഇപ്പോൾ ട്രെൻഡ് മാറുകയും ചെയ്യുന്നു എന്ന വിധത്തിലാണ് കാര്യങ്ങൾ. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തുന്ന സംഭവങ്ങളുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ.

ഇന്നലെ കൊച്ചിയിൽ ഇത്തരത്തിൽ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റിലായി. ഭർത്താവിനെ നടുറോഡിൽ ഓട്ടോറിക്ഷ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യയും കാമുകനും പിടിയിലായത്. സഹകരണ സംഘം ഓഡിറ്റർ ഏലൂർ കുറ്റിക്കാട്ടുകര തേവരത്തിളക്കം വീട്ടിൽ ഐശ്വര്യ (36), വരാപ്പുഴ മാടവനയിൽ ഡെൽസൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഐശ്വര്യയുടെ ഭർത്താവിനെ തൃക്കാക്കര വള്ളത്തോളിനു സമീപം ഓട്ടോറിക്ഷ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. ഐശ്വര്യയും ഓട്ടോ ഡ്രൈവറായ ഡെൽസനും ഒന്നര വർഷമായി അടുപ്പത്തിലാണെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ 25നു ജില്ലാ സഹകരണ ബാങ്കിൽ മന്ത്രി പങ്കെടുത്ത യോഗത്തിനെത്തിയ ഐശ്വര്യ ഡെൽസന്റെ ഓട്ടോയിലാണു മടങ്ങിയത്. തിരികെ കൊണ്ടുപോകാൻ എത്താമെന്നു പറഞ്ഞിരുന്ന ഭർത്താവിനോടു വരേണ്ടെന്നു വിളിച്ചു പറഞ്ഞശേഷമായിരുന്നു ഇത്. സംശയം തോന്നിയ ഭർത്താവ് കാക്കനാട്ടേക്കു വരുംവഴി സീപോർട്ട്-എയർപോർട്ട് റോഡിലെ വള്ളത്തോൾ ജംക്ഷനിൽ ഡെൽസന്റെ ഓട്ടോയിൽ ഐശ്വര്യയെ കണ്ടു തടഞ്ഞുനിർത്തി. വാഗ്വാദത്തിനിടയിൽ ഐശ്വര്യയുടെ ഭർത്താവിനെ ഡെൽസൻ ഓട്ടോ ഇടിപ്പിച്ചു കൈയ്ക്കു പരുക്കേൽപ്പിച്ചു.

തുടർന്ന് അവിടെനിന്നു രക്ഷപ്പെട്ട ഡെൽസനും ഐശ്വര്യയും കൊടുങ്ങല്ലൂർ, പാലക്കാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒരുമിച്ചു താമസിച്ചു. ബെംഗളൂരുവിൽനിന്ന് ഇവർ വീണ്ടും പാലക്കാട്ട് മടങ്ങിയെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ ചെന്നാണ് കസ്റ്റഡിയിലെടുത്തത്. ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങളാണ രണ്ട് മാസത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. താനൂരിൽ മത്സ്യത്തൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായതും ഭാര്യയായിരുന്നു. ഭർത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് സമ്മതിച്ചു. മുഖ്യപ്രതിയായ താനൂർ തെയ്യാല സ്വദേശി അബ്ദുൾ ബഷീറസ്റ്റിലായിരുന്നു.

ഈ സംഭവം കൂടാതെ അടുത്തിടെ തൃശ്ശൂരിലും സമാന സംഭവം നടന്നിരുന്നു. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയാണ് ഭാര്യ ചെയ്തത്. തിരൂർ സ്വദേശിനിയും രണ്ടുകുട്ടികളുടെ മാതാവുമായ സുജാതയായിരുന്നു ഈ സംഭവത്തിൽ വില്ലത്തിയായത്. ബസ് ഡ്രൈവറായ കാമുകൻ സുരേഷ് ബാബു(35), ഷൊർണൂർ സ്വദേശി ഓമനക്കുട്ടൻ, ആറ്റൂർ സ്വദേശി സജിത്, വരവൂർ സ്വദേശി മുല്ല നസറുദീൻ, ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ് അലി എന്നിവരാണ് അറസ്റ്റിലായത്.

തിരൂർ സ്വദേശി കൃഷ്ണകുമാറി(54)നെയാണു കൊല്ലാൻ ശ്രമിച്ചത്. ക്വട്ടേഷൻ സംഘം കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതരപരുക്കുകളോടെ കൃഷ്ണകുമാർ മരണത്തിൽനിന്നു രക്ഷപ്പെട്ടു. കാർ മനഃപൂർവം ഇടിപ്പിച്ചതാണെന്നു കൃഷ്ണകുമാറിനു തോന്നിയ സംശയമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിച്ചത്. ഭർത്താവിനെ കാറിടിപ്പിച്ചു കൊല്ലാൻ നാലുലക്ഷം രൂപയ്ക്കാണ് സുജാത ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് പറഞ്ഞു. തിരൂർ തടപറമ്പിൽ സ്വദേശിയസുരേഷ്ബാബു ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. അഞ്ചുവർഷമായി സുരേഷും സുജാതയും അടുപ്പത്തിലായിരുന്നു.