ദിസ്പുർ: ചില സ്വപ്‌ന നേട്ടങ്ങൾ അങ്ങനെയാണ്. പ്രത്യേകിച്ച് അത് ഒളിമ്പിക്‌സിലാകുമ്പോൾ. രാജ്യം മോഹിക്കുന്ന മെഡൽ നേട്ടത്തിലേക്ക് ഇന്ത്യൻ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ മുന്നേറുമൈന്ന് ഉറപ്പായതോടെ താരത്തിന്റെ ജന്മനാടും അടിമുടി മാറുകയാണ്.

രാജ്യത്തിന്റെ അഭിമാന താരമായി ലവ്‌ലിന തിരിച്ചെത്തുമ്പോൾ വരവേൽക്കാനായി മുഖം മിനുക്കുകയാണ് അസാമിലെ ഗോൽഗറ്റ് ജില്ലയിലെ ബരോമുഖിയ എന്ന പ്രദേശം. ഇന്ത്യൻ ബോക്സിങ് താരത്തിന്റെ വീട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ലവ്ലിനയുടെ നാട്ടിൽ ഉള്ളതിൽ ഏറെയും മൺറോഡുകളാണ്. മഴ പെയ്താൽ ചെളി നിറയുന്ന മൺപാതകൾ. ഇത്തരത്തിൽ 2000-ത്തോളം റോഡുകളുണ്ട്. ടാർ ചെയ്യാനോ, കോൺക്രീറ്റ് ചെയ്യാനോ ഒന്നും അധികൃതർ ഈ വഴിക്കു വന്നിരുന്നില്ല. എന്നാൽ അഭിമാന താരമായി ലവ്‌ലിന മാറിയതോടെ നാടും മാറുകയാണ്.

ഇന്ത്യൻ ബോക്സിങ് താരം ടോക്യോയിൽ നിന്ന് ഒളിമ്പിക് മെഡലുമായി വീട്ടിലേക്ക് ചളി നിറഞ്ഞ റോഡിലൂടെ നടന്ന് വരേണ്ട അവസ്ഥ ഒഴിവാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് അധികൃതർ.

 

ലവ്ലിന ടോക്യോയിൽ മെഡലുറപ്പിച്ചതോടെ അധികൃതർ വീട്ടിലേക്കുള്ള വഴി നന്നാക്കാൻ ഓടി. രാത്രിയിലും പണിയെടുത്ത് 3.5 കിലോമീറ്റർ റോഡ് അവർ ടാർ ചെയ്തു. റോഡ് നിർമ്മിക്കാൻ ഒളിമ്പിക്സിൽ ഒരു മെഡൽ വേണ്ടി വന്നു എന്നു ചുരുക്കം.

2016ൽ ലവ്ലനിയുടെ വീട്ടിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യാൻ ശ്രമം നടന്നിരുന്നു. പക്ഷേ അന്ന് 100 മീറ്റർ ആയപ്പോഴേക്കും പണി നിലച്ചു. ലവ്ലിനയുടെ മാത്രമല്ല, 2019-ൽ കുപ്വാര സൈനിക ക്യാമ്പിന് നേരെയുണ്ടായ പാക്കിസ്ഥാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികൻ ഹവിൽദാർ പദം ബഹദൂർ ശ്രേഷ്ഠയുടെ വീടും ഈ വഴിയിലാണ്.

ആശുപത്രിയിലേക്കുപോലും രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയിൽ റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. പക്ഷേ ആരും മറുപടി നൽകിയില്ല എന്നുമാത്രം. എന്നാൽ ഒരു സ്വപ്‌ന നേട്ടത്തിലേക്കുള്ള യാത്രയിൽ ലവ്ലിന മുന്നേറിയതോടെ അവരുടെ നാടും മാറുകയാണ്.